Connect with us

National

ഷീന ബോറ കൊലക്കേസ്: പീറ്റര്‍ മുഖര്‍ജിയുടെ മകനെ ചോദ്യം ചെയ്തു

Published

|

Last Updated

മുംബൈ: മാധ്യമ പ്രമുഖന്‍ പീറ്റര്‍ മുഖര്‍ജിയെ ഷീന ബോറ കൊലക്കേസില്‍ സി ബി ഐ അറസ്റ്റ് ചെയ്തതിന് പിറകേ അദ്ദേഹത്തിന്റെ മകന്‍ രാഹുല്‍ മുഖര്‍ജിയെ കുറ്റാന്വേഷണ ഏജന്‍സി പന്ത്രണ്ട് മണിക്കൂറിലേറെ ചോദ്യം ചെയ്തു.
ഷീനയുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് ചോദ്യം ചെയ്യല്‍ വേളയില്‍ രാഹുല്‍ സി ബി ഐക്ക് മൊഴി നല്‍കിയിട്ടുണ്ട്. സി ബി ഐയുടെ തെക്കന്‍ മുംബൈ ഓഫീസില്‍വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.
ഷീനബോറ, ഇന്ദ്രാണിയുടെ സഹോദരി അല്ലെന്നും, മകളാണെന്നുമുള്ള വിവരം പീറ്ററോട് വെളിപ്പെടുത്തിയിരുന്നുവോ എന്ന് സി ബി ഐ ആരാഞ്ഞിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു. 2012ല്‍ ഷീനയെ കാണാതായതിന് ശേഷം അവളുടെ സുരക്ഷയില്‍ താങ്കള്‍ ആശങ്കപ്രകടിപ്പിച്ചിരുന്നുവോ എന്നും സി ബി ഐ സംഘം ആരാഞ്ഞിരുന്നു. ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ഈ കൊലക്കേസില്‍ രാഹുലിന്റെ പിതാവ് പീറ്റര്‍ മുഖര്‍ജി നല്‍കിയ വിവരങ്ങളുടെ സത്യാവസ്ഥ രാഹുലുന്റെ മൊഴിയുമായി സി ബി ഐ തട്ടിച്ച് നോക്കുകയാണ്. അതിനിടയിലാണ് വ്യാഴാഴ്ച പീറ്റര്‍ മുഖര്‍ജിയെ സി ബി ഐ അറസ്റ്റ്‌ചെയ്തത്. കൊലചെയ്യപ്പെട്ട ഷീന ബോറ ഇന്ദ്രാണി മുഖര്‍ജിയുടെ സഹോദരിയല്ലെന്നും, അവരുടെ ആദ്യ വിവാഹത്തിലെ മകളാണെന്നും ഇന്ദ്രാണിതന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് സി ബി ഐ പീറ്റര്‍ മുഖര്‍ജിയെ അറസ്റ്റ് ചെയ്തത്. കേസിലെ പ്രതിയെ സംരക്ഷിച്ചതിനും അടിസ്ഥാനമില്ലാത്ത പ്രസ്താവനകളിലൂടെ ആശയക്കുഴപ്പം ഉണ്ടാക്കിയതിനുമാണ് പീറ്ററിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്നാണ് സി ബി ഐ കഴിഞ്ഞദിവസം കുറ്റപത്രം സമര്‍പ്പിച്ചത്.

Latest