ആറ്റിങ്ങലില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

Posted on: November 20, 2015 6:51 pm | Last updated: November 20, 2015 at 11:46 pm

tvm attingal accidentആറ്റിങ്ങല്‍: നിയന്ത്രണം വിട്ട സ്വകാര്യബസ് പാലത്തിന്റെ കൈവരി തകര്‍ത്ത് അമ്പതടി താഴ്ചയിലേക്ക് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. കോരാണി ഐ ടി സി വിദ്യാര്‍ഥിനി വര്‍ക്കല വട്ടപ്ലാമൂട് കോളനിയില്‍ റീനാ ഭവനില്‍ നമ്പീശന്‍- സുഭദ്ര ദമ്പതികളുടെ മകള്‍ അശ്വതി(17) ആണ് മരിച്ചത്. കോരാണിയില്‍ നിന്ന് ആറ്റിങ്ങലിലേക്ക് വരികയായിരുന്ന ഐശ്വര്യ എന്ന സ്വകാര്യബസ് ആണ് അപകടത്തില്‍പെട്ടത്. ഇന്നലെ വൈകിട്ട് 5.45ന് ആയിരുന്നു അപകടം. എതിരെ വന്ന ലോറിയെയും ബൈക്കിനെയും രക്ഷിക്കാനുള്ള സ്വകാര്യബസിന്റെ ശ്രമമാണ് അപകടത്തില്‍ കലാശിച്ചത്. ദേശീയ പാതയിലെ മാമം പാലം തുടങ്ങുന്ന സ്ഥലത്തെ കൈവരി തകര്‍ത്ത ശേഷം തൊട്ടടുത്ത പഴയ പാലത്തില്‍ ഇടിച്ച ശേഷമാണ് മാമം ആറ്റിന്‍കരയിലെ മണ്‍തിട്ടയിലേക്ക് ബസ് കൂപ്പുകുത്തിയത്. ബസ് പാലത്തിന്റെ കൈവരി തകര്‍ത്തപ്പോള്‍ തന്നെ യാത്രക്കാരുടെ നിലവിളികേട്ടെത്തിയ നാട്ടുകാരും പോലീസും ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരുക്കേറ്റ 32 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 25 പേരെ തിരിച്ചറിഞ്ഞു. കോരാണി സ്വദേശി അജി(37), മങ്കാട്ടുമൂല സ്വദേശി അനിത(48), മംഗലത്തുനട സ്വദേശി അഞ്ജന(18), ഊരുപൊയ്ക സ്വദേശി അശ്വതി (16), ഇടയ്‌ക്കോട് സ്വദേശികളായ അശ്വതി(19), ഗോപിക(16) ആറ്റിങ്ങല്‍ സ്വദേശികളായ ജയശ്രീ (24), മിഥുന്‍(18), സിജിന്‍(18), ഉണ്ണികൃഷ്ണന്‍(27), വര്‍ക്കല സ്വദേശി സംഗീത(24), കടവിള സ്വദേശി സേതുലക്ഷ്മി(18), കടയ്ക്കല്‍ സ്വദേശി ശര്‍മ(29), പാരിപ്പള്ളി സ്വദേശി ഷിജി(19), അവനനഞ്ചേരി സ്വദേശി സൗമ്യ(17), മുടപുരം സ്വദേശി സുമേഷ്(23), ഊര് പൊയ്ക സ്വദേശികളായ ശിവന്‍(20), നീതു(18), വെള്ളല്ലൂര്‍ സ്വദേശി സുമി(18), മാമം സ്വദേശി സനല്‍(32), കുറക്കട സ്വദേശി സജി(34). നെട്ടയം സ്വദേശി സജികുമാര്‍(31), കോരാണി സ്വദേശി സജീവ്(34), വാളക്കാട് സ്വദേശി നൂര്‍ജഹാന്‍(32), കുറക്കട സ്വദേശി മോഹനന്‍(58) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. കഴക്കൂട്ടം ആറ്റിങ്ങല്‍ വര്‍ക്കല എന്നിവിടങ്ങളിലെ ഫയര്‍ ഫോഴ്‌സ് എത്തി ബസ് കയര്‍ കൊണ്ട് കെട്ടിനിര്‍ത്തിയ ശേഷം യാത്രക്കാരെ പുറത്തെടുക്കുകയായിരുന്നു.
വിവിധ ഇടങ്ങളില്‍ നിന്നെത്തിയ 108 ആംബുലന്‍സുകളിലും മറ്റ് വാഹനങ്ങളിലുമാണ് പരുക്കേറ്റവരെ ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചത്. സംഭവം നടന്നയുടന്‍ പാലത്തില്‍ തടിച്ചുകൂടിയ ജനാവലി രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തി.