ഫ്‌ളാറ്റ് പീഡനം: പ്രതികളെ യുവതി തിരിച്ചറിഞ്ഞു

Posted on: November 14, 2015 2:28 pm | Last updated: November 14, 2015 at 2:28 pm
SHARE

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ഫഌറ്റില്‍വെച്ച് തന്നെ പീഡിപ്പിച്ച കേസിലെ എട്ട് പ്രതികളില്‍ ആറ് പേരെ ബംഗ്ലാദേശ് യുവതി തിരിച്ചറിഞ്ഞു. എരഞ്ഞിപ്പാലം പ്രത്യേക അഡീഷന്‍ സെഷന്‍സ് കോടതി ജഡ്ജ് കൃഷ്ണകുമാറിന് മുമ്പാകെ നടന്ന വിചാരണയിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അതിനിടെ ബംഗ്ലാദേശിലേക്ക് തിരിച്ച് പോകണമെന്ന യുവതിയുടെ ആവശ്യത്തില്‍ തുടര്‍ നടപടിയെടുക്കാന്‍ കലക്ടറോട് ജഡ്ജ് ഉത്തരവിട്ടു. യുവതിയുടെ പാസ്‌പോര്‍ട്ട് തിരിച്ച് നല്‍കാനും കോടതി നിര്‍ദേശം നല്‍കി.
കേസിലെ ഒന്നാം പ്രതി കാസര്‍കോട് ഉദനൂര്‍ അഞ്ചില്ലത്ത് ബത്തായില്‍ എ ബി നൗഫല്‍, രണ്ടാം പ്രതി വയനാട് മുട്ടില്‍ പുതിയപുറായില്‍ ബാവക്ക എന്ന സുഹൈല്‍ തങ്ങള്‍, മൂന്നാം പ്രതി ഇയാളുടെ ഭാര്യ വയനാട് സുഗന്ധഗിരി പ്ലാന്റേഷന്‍ സ്വദേശിനി അംബികയെന്ന സാജിത, ആറാം പ്രതി കാപ്പാട് പീടിയേക്കല്‍ എ ടി റിയാസ് ഹുസൈന്‍, ഏഴാം പ്രതി ഫറോക്ക് കോടമ്പുഴ നാണിയേടത്ത് അബ്ദുറഹ്മാന്‍, എട്ടാം പ്രതി കൊടുവള്ളി വലിയപറമ്പ് തൂവക്കുന്ന് ടി പി മൊയ്തു എന്നിവരെയാണ് യുവതി തിരിച്ചറിഞ്ഞത്. കേസിലെ നാലാം പ്രതി കര്‍ണാടക വീരാജ്‌പേട്ട സ്വദേശി കന്നടിയന്റെ ഹൗസില്‍ സിദ്ദിഖ്, അഞ്ചാം പ്രതി മലപ്പുറം കൊണ്ടോട്ടി കെ പി ഹൗസില്‍ പള്ളിയാളി തൊടി അബ്ദുല്‍ കരീം എന്നിവര്‍ക്കെതിരെയാണ് യുവതി കാര്യമായി ഒന്നും പറയാതിരുന്നത്. ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ തന്നെ പീഡിപ്പിച്ചായി യുവതി വിചാരണക്കിടെ മൊഴി നല്‍കിയിട്ടുണ്ട്്. മഹിളാമന്ദിരത്തില്‍ ആത്മഹത്യക്ക് ശ്രമിച്ചത് അവിടെത്തെ പീഡനം കൊണ്ടാണെന്നും മന്ദിരത്തിന്റെ ചുമതലക്കാരിയായ കമലാദേവി മാനസികമായും ശാരീരകമായും പീഡിപ്പിച്ചതായും ഇവര്‍ പറഞ്ഞു.
ഈ മാസം 17ന് കേസ് വീണ്ടും പരിഗണിക്കും. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി സുഗതന്‍ ഹാജരായി.