‘പാര്‍ട്ടിക്ക് അര്‍ബുദം ബാധിച്ചിരിക്കുന്നു’; ശത്രുഘ്‌നന്‍ സിന്‍ഹക്ക് പിന്നാലെ ഭോലാസിംഗ്‌

Posted on: November 13, 2015 5:31 am | Last updated: November 13, 2015 at 12:32 am
SHARE

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അതിത് ഷായെയും രൂക്ഷമായി വിമര്‍ശിച്ച ശത്രുഘ്‌നന്‍ സിന്‍ഹക്ക് പിന്നാലെ ബീഹാറില്‍ മറ്റൊരു പാര്‍ലിമെന്റ് അംഗം കൂടി രംഗതത്തെത്തി. പരാജയത്തെ കുറിച്ച് അമിത് ഷാ വിശദീകരണം നല്‍കാന്‍ തയ്യാറാകണമെന്നും ഇല്ലെങ്കില്‍ രാജി വച്ച് പുറത്തു പോകണമെന്നും ആവശ്യപ്പെട്ട ഭോല സിംഗ് എം പി ആരാണ് അമിത് ഷായെന്നും ചോദിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും ഒറ്റക്കെടുത്ത ഉന്നത നേതാക്കള്‍ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കൂടി തയ്യാറാകണം. പാര്‍ട്ടി അംഗങ്ങളോട് തോല്‍വിയുടെ കാരണങ്ങള്‍ വിശദീകരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. അത് സ്വീകര്യമല്ലെങ്കില്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ ഒഴിയണമെന്നും ബീഹാറിലെ ബേഗുസറായില്‍ നിന്നുള്ള ബി ജെ പി. എം പിയായ ഭോല സിംഗ് പറഞ്ഞു.
അമിത് ഷായെയും പ്രധാനമന്ത്രിയെയും വിശ്വാസത്തിലെടുത്താണ് അവരെ പാര്‍ട്ടിയുടെ ചുമതലകള്‍ ഏല്‍പ്പിച്ചത്. എന്നാല്‍ അവരുടെ തിരഞ്ഞെടുപ്പ് തന്ത്രം പാളിയാതാണ് പരാജത്തിന് കാരണം. അതുകൊണ്ട് തന്നെ ഉത്തരവാദിത്വവും അവര്‍ തന്നെ ഏറ്റെടുക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. ബി ജെ പിയെ അര്‍ബുദം ബാധിച്ചിരിക്കുകയാണ്. അത് നീക്കം ചെയ്യേണ്ടതുണ്ട്. സംവരണവുമായി ബന്ധപ്പെട്ട ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ പ്രസ്താവന ബിഹാറില്‍ ബി ജെ പിയെ പ്രതികൂലമായി ബാധിച്ചു. ഭഗവതിന്റെ പ്രസ്താവന ബി ജെ പിക്ക് ദോഷം ചെയ്തിട്ടില്ലെന്ന് പറയുന്നത് ശരിയല്ല. ബി ജെ പിയുടെ പ്രതീക്ഷകള്‍ക്ക് മുകളില്‍ കൊടുങ്കാറ്റ് പോലെയാണ് ഭഗവതിന്റെ പ്രസ്താവന വന്ന് പതിച്ചതെന്നും ഭോല സിംഗ് അഭിപ്രായപ്പെട്ടു.
ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നരേന്ദ്ര മോദിയുടെ പ്രകടനം പ്രാദേശിക നേതാക്കളൂടെ നിലവാരത്തിലേക്ക് താഴ്ന്നു. ലാലു പ്രസാദിനെയും അദ്ദേഹത്തിന്റെ മകളെയും മോദി അപമാനിച്ചു. നിതീഷിന്റെ ഡി എന്‍ എയെ ചോദ്യം ചെയ്തു. ഇത്തരത്തിലുള്ള പരാമര്‍ശങ്ങളുടെ ഒരു ആവശ്യവുമില്ലായിരുന്നു. പാക്കിസ്ഥാനുമായി ബന്ധപ്പെട്ട അമിത് ഷായുടെ പരാമര്‍ശവും ബി ജെ പിക്ക് തിരിച്ചടിയായെന്ന് സിംഗ് വ്യക്തമാക്കി. ബി ജെ പി ഏതാനും ചില നേതാക്കളിലേക്ക് ഒതുങ്ങിയെന്നും പാര്‍ട്ടിക്ക് മുന്‍പുണ്ടായിരുന്ന പൊതുസമ്മതി നഷ്ട്ടപെട്ടുവെന്നുമുള്ള എല്‍ കെ അദ്വാനി അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായത്തോട് യോജിക്കുന്നുവെന്നും തനിക്കെതിരെ പാര്‍ട്ടിയില്‍ നിന്നും നടപടി ഉണ്ടാകുമോയെന്നതിനെ കുറിച്ച് ഭയപ്പെടുന്നില്ലെന്നും ഭോലാ സിംഗ് കൂട്ടി ചേര്‍ത്തു. കഴിഞ്ഞ ദിവസം ബിഹാര്‍ തോല്‍വിയെ പറ്റിയുള്ള ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലിനെ വിമര്‍ശിച്ച് എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ശാന്താ കുമാര്‍, യശ്വന്ത് സിന്‍ഹ എന്നീ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര നേതൃത്വത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ബി ജെ പി ടിക്കറ്റില്‍ രണ്ടുതവണ ജയിച്ചുവന്ന ഭോല സിംഗ് രംഗത്തെത്തിയത്.
ബീഹാറികളെ പ്രചാരണത്തില്‍ നിന്ന് മാറ്റി നിറുത്തിയതാണ് തോല്‍വിക്ക് കാരണമെന്നും, പരാജയത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് നേതൃത്വം ഒളിച്ചോടരുതെന്നും ശത്രുഘ്‌നന്‍ സിന്‍ഹ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. അതിനിടെ, മോദി-അമിത് ഷാ നേതൃത്വത്തിനെതിരെ നിലപാട് കര്‍ശനമാക്കിയ അദ്വാനി പക്ഷം തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് ചര്‍ച്ചവേണമെന്ന് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ മോദി-അമിത് ഷാ നേതൃത്വത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് ചര്‍ച്ചവേണമെന്നും ഇല്ലെങ്കില്‍ കടുത്ത നിലപാടുകള്‍ സ്വീകരിക്കും. അതേസമയം സുഷമാസ്വരാജ്, ശിവരാജ് സിംഗ് ചൗഹാന്‍ തുടങ്ങിയ നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തെ പ്രതിരോധിക്കാതെ മൗനം പാലിക്കുന്നത് ശ്രദ്ധേയമാണ്. എന്നാല്‍ മുതിര്‍ന്ന നേതാക്കളുടെ നിലപാട് തള്ളിയെങ്കിലും ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരത്തിന് ആര്‍ എസ് എസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here