വിഭാഗീയത: വിളയൂരില്‍ സി പി എമ്മിന് പാരയായി

Posted on: November 11, 2015 10:15 am | Last updated: November 11, 2015 at 10:15 am
SHARE

കൊപ്പം : വിളയൂരില്‍ പാര്‍ടിക്കുള്ളിലെ വിഭാഗീയത സിപിഎമ്മിന് പാരയായി. പഞ്ചായത്ത് ഭരണം കിട്ടിയെങ്കിലും വോട്ടുകള്‍ കുറഞ്ഞു.
കഴിഞ്ഞ തവണ 11 വാര്‍ഡുകള്‍ നേടിയെടുത്തപ്പോള്‍ ഇത്തവണ എട്ട് വാര്‍ഡുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ആകെയുള്ള 14602 വോട്ടുകളില്‍ 6940 വോട്ടുകള്‍ യുഡിഎഫിന് കിട്ടിയപ്പോള്‍ 6525 വോട്ടുകളാണ് സിപിഎമ്മിന് ലഭിച്ചത്. 425 വോട്ടുകളുടെ കുറവാണുണ്ടായത.് ബ്ലോക്ക് പഞ്ചായത്തിലേക്ക് നാനൂറോളം വോട്ടുകളുടെ കുറവുണ്ടായി. അതേ സമയം ജില്ലാ പഞ്ചായത്തിലേക്ക് 700 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടുകള്‍ കുറഞ്ഞു. ചുവപ്പന്മാരുടെ കോട്ടയെന്ന് അവകാശപ്പെടുന്ന പഞ്ചായത്തില്‍ ഇത്തവണ സിപിഎമ്മിന് കനത്ത് തിരിച്ചടിയാണുണ്ടായത്. ആകെയുള്ള 15 വാര്‍ഡുകളില്‍ ഏഴെണ്ണം യുഡിഎഫും എട്ടെണ്ണം എല്‍ഡിഎഫും നേടി. നാലു വാര്‍ഡുകളില്‍ നിന്നും ഏഴ് വാര്‍ഡുകള്‍ നേടി മുന്നേറുന്നിടത്തേക്ക് യുഡിഎഫിന് തുണയായതും സിപിഎമ്മിനകത്തെ കുറുമ്പും കുശുമ്പുമാണെന്നാണ് വിലയിരുത്തല്‍.
പഞ്ചായത്തിലെ പടിഞ്ഞാറന്‍മേഖലയിലെ സിപിഎമ്മിന്റെ കുത്തകയാണ് ലീഗും കോണ്‍ഗ്രസും ചേര്‍ന്ന് തകര്‍ത്തത്. നാലാം വാര്‍ഡ് കഴിഞ്ഞ തവണ ലീഗ് പിടിച്ചെടുത്തിരുന്നെങ്കിലും ഒന്ന്, രണ്ട്, മൂന്ന്, വാര്‍ഡുകള്‍ നഷ്ടപ്പെട്ടിരുന്നില്ല. സിപിഎം സാരഥികള്‍ വന്‍ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടിരുന്ന വാര്‍ഡുകളാണ് പാര്‍ടിയുടെ കൈയ്യില്‍ നിന്നും ഇത്തവണ പോയത്. കാലങ്ങളായി സിപിഎം കുത്തകയാക്കി വച്ചിരുന്ന മൂന്ന് വാര്‍ഡുകള്‍ നഷ്ടപ്പെട്ടതിലൂടെ പാര്‍ടിക്കേറ്റ ആഘാതം ചില്ലറയല്ല.
ഒന്നാം വാര്‍ഡില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎം പട്ടാമ്പി ഏരിയാ സെന്റെറുമായ ടി ഗോപാലകൃഷ്ണന്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി അഹമ്മദ്കുഞ്ഞിയോട് തോറ്റത് 69 വോട്ടുകള്‍ക്കാണെങ്കിലും ടി ജിയുടെ പരാജയം വമ്പന്റെ പതനമാണ്. സിപിഎമ്മില്‍ നിന്നും രാജിവച്ച് കോണ്‍ഗ്രസിലെത്തിയ വി അഹമ്മദ്കുഞ്ഞിയും ടി ഗോപാലകൃഷ്ണനും തമ്മിലുള്ള മത്സരം പട്ടാമ്പി ബ്ലോക്കില്‍ തന്നെ ചര്‍ച്ചയായിരുന്നു. മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎം പട്ടാമ്പി ഏരിയാസെക്രട്ടറിയുമായ ടി ഗോപാലകൃഷ്ണനെ പാര്‍ടി തന്നെ പാരവെക്കുകയായിരുന്നുവെന്നാണ് സംസാരം. രണ്ടാം വാര്‍ഡില്‍ ഒ ടി ശരീഫിന് മൊക്കിലെപ്പീടികഭാഗത്ത് നിന്നായിരുന്നു വോട്ട് പ്രതീക്ഷിച്ചിരുന്നത്.
പാര്‍ടിക്ക് സ്വാധീനമുള്ള കുപ്പൂത്ത് മുക്കിലപ്പീടികയിലാണ് ലീഗ് സാരഥിക്ക് വന്‍ഭൂരിപക്ഷം കിട്ടിയതെന്ന് വരുമ്പോള്‍ സിപിഎം തന്നെ ശരീഫിന് പാരവെക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ശരീഫിനെ തോല്‍പ്പിക്കാന്‍ പാര്‍ടിക്ക് തീരുമാനമുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. മൂന്നാം വാര്‍ഡില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ കൃഷ്ണന്‍കുട്ടിയുടെ സഹോദരന്‍ കെ ഉണ്ണിയുടെ മരുമകള്‍ മഞ്ജുവായിരുന്നു സിപിഎം സാരഥി. മൂന്ന് തവണ പഞ്ചായത്ത് പ്രസിഡന്റായി വിശ്രമ ജീവിതം നയിക്കുന്ന കൃഷ്ണന്‍കുട്ടി മരുമകള്‍ക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിരുന്നു. എന്നാല്‍ സിപിഎം സ്വാധീന മേഖലയായ മൂന്നാം വാര്‍ഡില്‍ കനത്ത തോല്‍വിയാണ് പാര്‍ടിക്ക് നേരിടേണ്ടി വന്നത്.
മഞ്ജുവാണ് സ്ഥാനാര്‍ഥിയെങ്കിലും കൃഷ്ണന്‍കുട്ടിയാണ് മത്സരിക്കുന്നതെന്ന തരത്തിലായിരുന്നു പ്രചാരണം. പഞ്ചായത്തില്‍ കൃഷ്ണന്‍കുട്ടിക്കെതിരെ പാര്‍ടിക്കുള്ളില്‍ വലിയ ചേരിയുണ്ടെന്നാണ് പറയപ്പെടുന്നത്. രണ്ടു ബൂത്തുകളിലും ലീഗ് സ്ഥാനാര്‍ഥി സക്കീന ഹുസൈന്‍ കനത്ത ലീഡ് നേടിയത് സിപിഎം നേതൃത്വത്തെ ഞെട്ടിപ്പിച്ചിട്ടുണ്ട്. അഞ്ചാം വാര്‍ഡില്‍ സിപിഎം സാരഥിയും തോല്‍ക്കുമെന്ന് പ്രതീക്ഷിച്ചതല്ല.
നാട്ടുകാര്‍ക്ക് വേണ്ടപ്പെട്ട ടി ഷാജിയുടെ പരാജയവും പാര്‍ടിയില്‍ ചര്‍ച്ചയാണ്. 11 ാം വാര്‍ഡ് കൂരാട്ടിപ്പടിയില്‍ കെ. മുരളിയുടെ വിജയത്തിന് കാരണമായത് എസ്ഡിപിഐയുടെ സാന്നിധ്യമാണ്. ഇരുന്നൂറും മുന്നൂറും വോട്ടുകളുടെ ഭൂരിപക്ഷത്തിന് സിപിഎം സ്ഥാനാര്‍ഥികള്‍ വിജയിച്ചുവരുന്ന വാര്‍ഡില്‍ കെ മുരളി 34 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
ആറാം വാര്‍ഡും തുണച്ചില്ലായിരുന്നുവെങ്കില്‍ പഞ്ചായത്ത് ഭരണം പാര്‍ടിക്ക് നഷ്ടപ്പെടുമായിരുന്നു. നാല്‍പ്പത് വര്‍ഷമായി സിപിഎം കുത്തകയാക്കി വച്ചിരുന്ന പഞ്ചായത്തില്‍ വടക്ക് പടിഞ്ഞാറന്‍മേഖലയിലെ ജനങ്ങള്‍ പാര്‍ടിയെ കൈവിട്ടുവെങ്കിലും തെക്ക് പടിഞ്ഞാറന്‍ മേഖല പാര്‍ടിക്കൊപ്പം നിന്നു. 12 വാര്‍ഡുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ഥികള്‍ വന്നതോടെ ഭരണം യുഡിഎഫിന് ലങിക്കുമെന്ന വലതു മുന്നണിയുടെ കണക്ക്കൂട്ടലും തെറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here