Connect with us

Kerala

മാവോവാദികള്‍ ഫോറസ്റ്റ് ക്യാമ്പ് സെന്ററുകള്‍ തകര്‍ത്തു

Published

|

Last Updated

പാലക്കാട്: അഗളി ആനവായ് ഊരിനു സമീപം വനംവകുപ്പിന്റെ ക്യാമ്പ് സെന്റര്‍ തല്ലിത്തകര്‍ത്ത മാവോവാദികള്‍ തുടുക്കി വനമേഖലയില്‍ ക്യാമ്പ് ഷെഡ് അഗ്‌നിക്കിരയാക്കി. ഇന്നലെ രാവിലെ ആദിവാസികളാണ് ക്യാമ്പ് ഷെഡുകള്‍ ആക്രമിക്കപ്പെട്ടത് കണ്ടത്. ആനവായില്‍ ഷെഡ് തകര്‍ത്ത് അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും അപഹരിച്ചു. കസേര, പാത്രങ്ങള്‍, യൂനിഫോം തുടങ്ങിയവ കൂട്ടിയിട്ടു കത്തിച്ചു.
ആനവായ് ക്യാമ്പ് ഷെഡില്‍ നിന്ന് അഞ്ച് കിലോമീറ്ററോളം അകലെ തുടുക്കി വനമേഖലയിലെ ക്യാമ്പ് ഷെഡില്‍ തീ കൊളത്തുകയാണുണ്ടായത്. ഷെഡിനുള്ളിലുണ്ടായിരുന്ന വസ്തുക്കള്‍ കത്തി നശിച്ചു. ഷെഡിലുണ്ടായിരുന്ന വയര്‍ലെസ് സെറ്റ് കാണാതായിട്ടുണ്ട്. ഈയിടെ മാവോയിസ്റ്റ് സംഘവും പോലീസും നേര്‍ക്കു നേര്‍ വെടിയുര്‍ത്ത കടുകുമണ്ണ വനത്തില്‍ നിന്ന് നാല് കിലോമീറ്ററോളം അകലെയാണ് തുടുക്കിയിലെ വനം ഷെഡ് സ്ഥിതി ചെയ്യുന്നത്. ക്യാമ്പ് ഷെഡുകളിലെ ജീവനക്കാര്‍ ഔദ്യോഗിക പഠനയാത്രയിലായിരുന്നതിനാല്‍ ഷെഡുകളില്‍ ആരും ഉണ്ടായിരുന്നില്ല. ആനവായ് ക്യാമ്പ് ഷെഡ് ഇതിന് മുമ്പും മാവോദികള്‍ തല്ലിത്തകര്‍ക്കുയും തീകൊളുത്തുകയും ചെയ്തിട്ടുണ്ട്.
ഷെഡിന്റെ പരിസരപ്രദേശത്ത് മാവോയിസ്റ്റ് പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ പേരില്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. അഗളി എസ് ഐ ബോബിന്‍ മാത്യുവിന്റെ നേതൃത്വത്തില്‍ പോലീസും തണ്ടര്‍ബോള്‍ട്ട് സേനയും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിശദ പരിശോധനകള്‍ നടത്തി. കടുകുമണ്ണ വനത്തില്‍ പോലീസുമായി ഏറ്റുമുട്ടിയ ശേഷം പിന്‍വാങ്ങി നിന്ന് മാവോയിസ്റ്റ് സംഘം വനംവകുപ്പ് ഷെഡ് കത്തിച്ചതോടെ വീണ്ടും സാന്നിധ്യം വിളിച്ചറിയിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാവോയിസ്റ്റ് ഭീഷണി നേരിടാന്‍ അട്ടപ്പാടിയില്‍ വന്‍സുരക്ഷാ ക്രമീകരണങ്ങളാണ് സജ്ജമാക്കിയിരുന്നത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പുറത്തുവന്ന രാത്രി തന്നെ വീണ്ടും വനം ഷെഡുകള്‍ കത്തിയമര്‍ന്നു.

Latest