എയര്‍ കേരള: കളമൊരുങ്ങുന്നത് ഭ്രൂണഹത്യക്കോ?

Posted on: November 6, 2015 6:00 am | Last updated: November 6, 2015 at 12:19 am
SHARE

aeroplaneജനിക്കും മുമ്പെ കൊല്ലപ്പെടുകയെന്ന സ്ഥിതി എയര്‍ കേരളയുടെ കാര്യത്തില്‍ സംഭവിക്കുമോയെന്ന ആധി കൂടി വരികയാണ്. പുതിയ കരട് വ്യോമയാനനയവും എയര്‍ കേരളയുടെ കാര്യത്തില്‍ വലിയ പ്രതീക്ഷകള്‍ നല്‍കുന്നില്ല. വിദേശ വിമാന സര്‍വീസുകള്‍ തുടങ്ങുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുന്ന വ്യോമയാന നിയമത്തിലെ 5/20 ചട്ടമാണ് എയര്‍കേരളക്ക് മുന്നിലെ പ്രധാന തടസം. 2004ല്‍ എയര്‍ ഇന്ത്യയെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര മന്ത്രിസഭായോഗം കൊണ്ടുവന്ന ഈ ചട്ടം എയര്‍ കേരളക്ക് മുന്നില്‍ മതില്‍ക്കെട്ട് പോലെ നില്‍ക്കുകയാണ്. ഇതനുസരിച്ച് ഒരു വിമാനത്തിന് വിദേശ സര്‍വീസ് തുടങ്ങണമെങ്കില്‍ 20 വിമാനങ്ങളും അഞ്ചുവര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തിയുള്ള പരിചയവും വേണം.
മലയാളി യാത്രക്കാരെ കൊള്ളയടിക്കുന്ന എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികളുടെ ചൂഷണം പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ടാണ് എയര്‍ കേരളയെന്ന മലയാളി സ്വന്തം വിമാന കമ്പനിക്ക് രൂപം നല്‍കുന്നത്. പൊതു- സ്വകാര്യ പങ്കാളിത്തം കണ്‍മുന്നില്‍ ജയിപ്പിച്ചെടുത്ത് രാജ്യത്തിന് മാതൃകയായ സിയാലിനെ (കൊച്ചിന്‍ ഇന്റര്‍ നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) തന്നെ ഇതിന്റെ ചുമതലയേല്‍പ്പിച്ചു. 24 ശതമാനം സര്‍ക്കാര്‍ ഓഹരിയും ശേഷിക്കുന്നത് പൊതുമേഖല, സ്വകാര്യമേഖലക്കും നല്‍കും വിധം കമ്പനി രൂപവത്കരിച്ചു. വലിയ പ്രതീക്ഷയോടെ കേന്ദ്രസര്‍ക്കാറിനെ അനുമതിക്കായി സമീപിച്ച ഘട്ടത്തിലാണ് 5/20 ചട്ടം മുന്‍ നിര്‍ത്തി കേരളത്തെ വിരട്ടിയത്. 20 വിമാനം വാങ്ങിയ ശേഷം അഞ്ചുവര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തി കാണിക്കാനായിരുന്നു കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന്റെ തീട്ടൂരം.
ഒരു ജനതയുടെ ദുരിതമകറ്റല്‍ മാത്രം സ്വപ്‌നം കാണുന്ന കമ്പനിയാണെന്ന പരിഗണന പോലും എയര്‍ കേരളക്ക് ലഭിച്ചില്ല. കത്തുകള്‍ പലതലങ്ങളില്‍നിന്ന് കേന്ദ്രസര്‍ക്കാറിലേക്കെത്തി. എല്ലാത്തിനും ഒരേ മറുപടി. ചട്ടം മറികടന്ന് ഒന്നും ചെയ്യാന്‍ കഴിയില്ല. കഴിഞ്ഞ യു പി എ സര്‍ക്കാറില്‍ വ്യോമയാന മന്ത്രാലയത്തിലും പ്രവാസി വകുപ്പിലുമെല്ലാം മലയാളി മന്ത്രിമാരും നിര്‍ണായക സ്വാധീനവുമുണ്ടായിട്ടും ഈ ചിരകാല സ്വപ്‌നത്തിന് നേരെ കണ്ണടച്ചു.
പ്രവാസി ഭാരതീയ ദിവസ് സമ്മേളനങ്ങളില്‍ പോലും ഇതൊരു മുഖ്യ വിഷയമായി കേരളം ഉന്നയിച്ചു. ഭരണം മാറി ബി ജെ പി കേന്ദ്രത്തില്‍ അധികാരത്തിലെത്തി. പുനഃപരിശോധിക്കുമെന്ന സൂചനകള്‍ ആദ്യ ഘട്ടത്തില്‍ നല്‍കി. ഇപ്പോള്‍ കരട് വ്യോമയാനംനയം പ്രസിദ്ധീകരിച്ചപ്പോള്‍ എയര്‍ കേരളക്ക് ആശ്വസിക്കാന്‍ വലിയ വകുപ്പില്ലെന്നാണ് തോന്നല്‍. എങ്കിലും പുനഃപരിശോധന ഇല്ലെന്ന നിലപാട് മാറ്റിയിട്ടുണ്ട്. അത്രയും ആശ്വാസം. മൂന്ന് നിര്‍ദേശങ്ങളാണ് കരട് നയം മുന്നോട്ടുവെക്കുന്നത്.
അഞ്ച് വര്‍ഷ ആഭ്യന്തര സര്‍വീസ് പരിചയവും 20 വിമാനങ്ങളുമെന്ന നിലവിലുള്ള രീതി തുടരുക. ഈ നിര്‍ദേശമുള്ള ചട്ടം 5/20 പിന്‍വലിക്കുക, അതല്ലെങ്കില്‍ ക്രെഡിറ്റ് സംവിധാനം ഏര്‍പ്പെടുത്തുക. മൂന്നാമത്തെ നിര്‍ദേശത്തോടാണ് വ്യോമയാന മന്ത്രാലയത്തിന് താത്പര്യമെന്നാണ് സൂചനകള്‍. ഇതാണ് നടപ്പാക്കുകയെങ്കില്‍ എയര്‍ കേരളയെന്ന സ്വപ്‌നം തത്കാലം ഉപേക്ഷിക്കേണ്ടി വരും.
ആഭ്യന്തര സര്‍വീസ് നടത്തുന്നതിന് ആനുപാതികമായ ക്രെഡിറ്റ് ശേഖരിക്കുന്നതാണ് ഈ രീതി. ഡൊമസ്റ്റിക് ഫഌയിംഗ് ക്രെഡിറ്റ് (ഡി എഫ് സി ) അനുസരിച്ച് ചുരുങ്ങിയത് 300 ക്രെഡിറ്റ് എത്തിയാല്‍ സാര്‍ക്ക് രാജ്യങ്ങൡലേക്കും 600 ക്രെഡിറ്റ് എത്തിയാല്‍ മറ്റു രാജ്യങ്ങൡലേക്കുമുള്ള സര്‍വീസിനുള്ള അര്‍ഹതയാകും. ക്രെഡിറ്റ് കണക്കാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും കരട് നയത്തിലുണ്ട്. മുമ്പുണ്ടായിരുന്ന നിബന്ധനയും ഇതും തമ്മില്‍ കാര്യമായ വ്യത്യാസമില്ലെന്നതാണ് സ്ഥിതി.
ആഭ്യന്തര റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഒരു വിമാനത്തിലെ ആകെ സീറ്റുകളുടെ എണ്ണത്തെ ഒരു കോടി കൊണ്ട് ഹരിക്കുമ്പോള്‍ ലഭിക്കുന്നതാണ് ഒരു ക്രെഡിറ്റ്. ഇത് നാമമാത്രമായതിനാല്‍ മുന്നൂറും അറുന്നൂറും ക്രെഡിറ്റ് നേടാന്‍ അഞ്ച് കൊല്ലത്തിലധികം വേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് (ഡി ജി സി എ) ക്രെഡിറ്റ് കണക്കാക്കുക. ഈ നിര്‍ദേശത്തിനാണ് കേന്ദ്ര സര്‍ക്കാറിന്റെ അന്തിമ അംഗീകാരം വരുന്നതെങ്കില്‍ എയര്‍ കേരള എന്ന സ്വപ്‌നം കേരളം ഉപേക്ഷിക്കേണ്ടി വരും. ആഭ്യന്തരസര്‍വീസ് എയര്‍ കേരളയുടെ ലക്ഷ്യമേ അല്ല. അതിനാല്‍ തന്നെ രാജ്യത്തിനുള്ളില്‍ സര്‍വീസ് നടത്തി ക്രെഡിറ്റ് ഉണ്ടാക്കി വിദേശ സര്‍വീസ് എന്നത് വലിയ കടമ്പ തന്നെയായിരിക്കും. കരട് നയം സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ ക്രെഡിറ്റ് സംവിധാനത്തിനാണ് കേന്ദ്രം മുന്‍തൂക്കം നല്‍കുന്നതെന്ന് വ്യക്തമാണ്. മറ്റൊന്ന് എയര്‍ കേരള ലക്ഷ്യമിടുന്നത് ഗള്‍ഫ് രാജ്യങ്ങളെയാണ്. മറിച്ച് സാര്‍ക്ക് രാജ്യങ്ങളെയല്ലെന്നതും തിരിച്ചടിയാകും.
5/20 ചട്ടം പിന്‍വലിക്കുന്നതിന് പ്രധാന തടസ്സം എയര്‍ ഇന്ത്യ ആണെന്നതാണ് മറ്റൊരു വസ്തുത. എയര്‍ ഇന്ത്യയെ തീറ്റി പോറ്റുന്നതില്‍ മലയാളികള്‍ക്ക് വലിയ പങ്കുണ്ട്. പ്രത്യേകിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. എയര്‍ കേരള തുടങ്ങിയാല്‍ അത് എയര്‍ ഇന്ത്യയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം ചെറുതല്ല. കാരണം, പാവപ്പെട്ട പ്രവാസി മലയാളികളെ ചൂഷണം ചെയ്യുന്ന നിലപാടാണ് എല്ലാകാലത്തും എയര്‍ ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. ഒരു പൊതുമേഖലാ സ്ഥാപനം എന്ന ആനുകൂല്യം കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളില്‍ നിന്ന് അടിച്ചെടുക്കുകയും യാത്രക്കാരോട് ഒരു കോര്‍പറേറ്റ് മുതലാളിയുടെ സ്വരത്തില്‍ പെരുമാറുകയും ചെയ്യുന്നതാണ് എയര്‍ ഇന്ത്യയുടെ രീതി. എയര്‍ ഇന്ത്യയുടെ പിടിപ്പ് കേടിന്റെയും ചൂഷണത്തിന്റെ പ്രധാന ഇരകളില്‍ ഭൂരിഭാഗവും മലയാളികളാണ്.
ആഘോഷ കാലങ്ങളില്‍ പ്രത്യേകിച്ച് ഓണം, പെരുന്നാള്‍ സമയങ്ങളില്‍ യുറോപ്യന്‍ രാജ്യങ്ങളിലേക്ക് പോകുന്നതിനേക്കാള്‍ ഉയര്‍ന്ന നിരക്കാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഈടാക്കിയത്. കഴിഞ്ഞ പെരുന്നാളിന് ഒരു ടിക്കറ്റിന് പതിനായിരം രൂപയിലധികമാണ് എയര്‍ ഇന്ത്യ ഉള്‍പ്പെടെ വിമാനക്കമ്പനികള്‍ യാത്രക്കാരില്‍ നിന്ന് അധികം ഈടാക്കിയത്. 60 മുതല്‍ 100 ശതമാനം വരെയാണ് വര്‍ധന വരുത്തിയ സമയങ്ങളും ഉണ്ടാകാറുണ്ട്. ഇക്കാര്യത്തില്‍ എയര്‍ ഇന്ത്യയെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. എമിറേറ്റ്‌സ്, ഒമാന്‍ എയര്‍, ഇന്‍ഡിഗോ, എയര്‍ അറേബ്യ കമ്പനികളെല്ലാം യാത്രക്കാരെ പിഴിയുന്നതില്‍ ഒറ്റക്കെട്ടാണ്.
എല്ലാകാലത്തും നിരക്ക് വര്‍ധന കേരളത്തില്‍ നിന്നുള്ള യാത്രക്കാരെയാണ് ഏറെ ബാധിക്കുക. അവധിക്കാലത്തിന്റെ മറവില്‍ മുന്നറിയിപ്പില്ലാതെയുള്ള നിരക്ക് വര്‍ധനക്ക് തടയിടാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കഴിയാറില്ല. ആയിരക്കണക്കിന് ടിക്കറ്റുകള്‍ പൂഴ്ത്തിവെച്ച് വിമാനക്കമ്പനികളും ട്രാവല്‍ ഏജന്‍സികളും ചേര്‍ന്ന് യാത്രക്കാരെ പിഴിയുന്നത് പതിവാണ്.
കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് പ്രതിദിനം 15,000 ത്തോളം പേര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കുന്നുണ്ടെന്നാണ് കണക്ക്. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് മാത്രം 6,800 പേരും തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്നായി 8,200 പേരും യാത്ര ചെയ്യുന്നുവെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ നല്‍കുന്ന കണക്ക്. നിരക്കുവര്‍ധനയിലൂടെ പ്രതിദിനം കോടികളാണ് വിമാനക്കമ്പനികള്‍ പ്രവാസികളില്‍ നിന്ന് തട്ടിയെടുക്കുന്നത്. രണ്ടും മൂന്നും വര്‍ഷം മരുഭൂമിയില്‍ ജോലി ചെയ്തതിനു ശേഷം ആഘോഷ അവസരങ്ങളില്‍ കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ നാട്ടിലെത്താന്‍ കൊതിക്കുന്ന മലയാളിയുടെ മുഖത്തടിക്കുന്ന ധാര്‍ഷ്ട്യത്തില്‍ നിന്നാണ് എയര്‍ കേരള സ്വപ്‌നം കണ്ട് തുടങ്ങിയത്. വ്യോമയാന നയത്തിന് അന്തിമരൂപം നല്‍കുമ്പോള്‍ ഈ വസ്തുത കേന്ദ്രസര്‍ക്കാര്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം.