ഏഴ് ജില്ലകള്‍ വിധിയെഴുതി; 76.20 ശതമാനം പോളിംഗ്

Posted on: November 2, 2015 8:00 pm | Last updated: November 3, 2015 at 10:10 am
SHARE

 

003തിരുവനന്തപുരം: തിമിര്‍ത്തുപെയ്ത മഴയും ആവേശം ചോര്‍ത്തിയില്ല, ആദ്യഘട്ടം തിരഞ്ഞെടുപ്പ് നടന്ന ഏഴ് ജില്ലകളില്‍ 76.20 ശതമാനം പേര്‍ വോട്ട് ചെയ്തു. അന്തിമ കണക്കുകള്‍ വരുമ്പോള്‍ പോളിംഗ് ശതമാനം 77 വരെ എത്താന്‍ ഇടയുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 2010നെ അപേക്ഷിച്ച് പോളിംഗ് ശതമാനത്തില്‍ നേരിയ വര്‍ധനയുണ്ടായെന്നാണ് കണക്കുകള്‍.
• വയനാട്ടിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ്. 81.58 ശതമാനം. 69 ശതമാനം പോള്‍ ചെയ്ത തിരുവനന്തപുരത്താണ് ഏറ്റവും കുറവ്. കഴിഞ്ഞ പ്രാവശ്യവും പോളിംഗ് ശതമാനം കൂടുതല്‍ വയനാട്ടിലും (79.78) കുറവ് തിരുവനന്തപുരത്തുമായിരുന്നു (69.27).
• കൊല്ലം-73.67, ഇടുക്കി-80.85, കോഴിക്കോട് 77.34, വയനാട്-80, കണ്ണൂര്‍-73.65, കാസര്‍കോട് 77.31 ഉം ആണ് പോളിംഗ് ശതമാനം.
• കോര്‍പറേഷനുകളുടെ പോളിംഗ് ശതമാനം 67.95 ശതമാനമാണ്. ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത് കോഴിക്കോട് കോര്‍പറേഷനിലാണ്- 74.93 ശതമാനം.
• തിരുവനന്തപുരത്ത് 60, കൊല്ലം 69.12, കണ്ണൂര്‍ 67.73 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.
• മുനിസിപ്പാലിറ്റികളുടെ പോളിംഗ് ശതമാനം 78.49ഉം ഗ്രാമ, ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളുടെ പോളിംഗ് ശതമാനം 77.03ഉം ആണ്.
• ഏഴ് ജില്ലകളിലെ 9,220 വാര്‍ഡുകളിലായി 31,161 സ്ഥാനാര്‍ഥികളാണ് ഇന്നലെ ജനവിധി തേടിയത്. 1,11,11,006 പേര്‍ക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്.
• തുടക്കം മുതല്‍ തന്നെ തിരഞ്ഞെടുപ്പിന്റെ ആവേശം കൂടുതലും കണ്ണൂര്‍ ജില്ലയിലായിരുന്നു. തൊട്ടുപിന്നിലുണ്ടായിരുന്ന കോഴിക്കോട് ഉച്ച കഴിഞ്ഞതോടെ അല്‍പ്പം പിന്നാക്കം പോയി. കൊല്ലത്തും തിരുവനന്തപുരത്തും കനത്ത മഴയായതിനാല്‍ ഉച്ചവരെ മന്ദഗതിയിലായിരുന്നുവെങ്കിലും പിന്നീട് സജീവമായി.
• രാവിലെ ഏഴിന് തിരഞ്ഞെടുപ്പ് തുടങ്ങി ആദ്യ ഒരു മണിക്കൂറിനുള്ളില്‍ ആറ് ശതമാനമായിരുന്നു പോളിംഗ്. ഉച്ചക്ക് ഒരു മണിയോടെ 41.83 ശതമാനവും നാല് മണിയോടെ 67 ശതമാനവും രേഖപ്പെടുത്തി. ഇടുക്കി ഇടമലക്കുടി ആദിവാസി മേഖലയിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്.
• തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് കൂടുതലും തര്‍ക്കങ്ങളുണ്ടായത്. ഇവിടങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ അധികസമയം നല്‍കി. അഞ്ച് വരെ ക്യൂവില്‍ എത്തുന്നവര്‍ക്കെല്ലാം ഉദ്യോഗസ്ഥര്‍ ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അവസരം നല്‍കി. ചിലയിടത്ത് വൈകിയെത്തിയവരെ വോട്ട് ചെയ്യാന്‍ അനുവദിക്കാത്തത് നേരിയ സംഘര്‍ഷത്തിന് വഴിതെളിച്ചെങ്കിലും പോലീസ് ഇടപെട്ട് പിന്തിരിപ്പിച്ചു. ഒറ്റപ്പെട്ട ചെറിയ സംഘര്‍ഷങ്ങള്‍ ഒഴിച്ചാല്‍ പോളിംഗ് പൊതുവില്‍ സമാധാനപരമായിരുന്നു.
• ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയതും മഴയും തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിച്ചു. തിരുവനന്തപുരത്ത് ആനാട് വഞ്ചുവം വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ശമീമിന് വെട്ടേറ്റു. കൊല്ലത്ത് എല്‍ ഡി എഫ്- ബി ജെ പി സംഘര്‍ഷത്തിനിടെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ലെറ്റസ് ജെറോമിന് വെട്ടേറ്റു. കോഴിക്കോട് ജില്ലയിലെ കായക്കൊടി പഞ്ചായത്തില്‍ വാര്‍ഡ് നമ്പര്‍ ഒന്നില്‍ ക്യാമറ സ്ഥാപിക്കുന്നതിനെ ചൊല്ലി പോളിംഗ് ഓഫീസറുമായി സി പി എം പ്രവര്‍ത്തകര്‍ തര്‍ക്കമുണ്ടായി.
• പയ്യന്നൂര്‍ വയക്കര പഞ്ചായത്തില്‍ യു ഡി എഫ് ബൂത്ത് ഏജന്റ് യു പവിത്രന് കണ്ണിന് കുത്തേറ്റു. ചിറ്റാരിക്കല്‍ വാര്‍ഡിലെ ബൂത്ത് ഏജന്റിനും മര്‍ദനമേറ്റു. തളിപ്പറമ്പ് ഏഴാം മൈലില്‍ ലീഗ്- സി പി എം സംഘര്‍ഷത്തിനിടെ ബോംബേറുണ്ടായി. നിരവധി വാഹനങ്ങള്‍ തകര്‍ത്തു. വയനാട്ടിലും ഇടുക്കിയിലും പോളിംഗ് പൊതുവെ സമാധാനപരമായിരുന്നു. കാസര്‍കോട് കോണ്‍ഗ്രസ് പനത്തടി മണ്ഡലം പ്രസിഡന്റിനും എരമം കുറ്റൂര്‍ പഞ്ചായത്തിലെ മാതമംഗലത്ത് യു ഡി എഫ് ഏജന്റുമാര്‍ക്കു മര്‍ദനമേറ്റു. ഓപ്പണ്‍ വോട്ടിനെ ചൊല്ലി നീലേശ്വരത്ത് സി പി എം-ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here