മുഖ്യമന്ത്രിക്ക് മുമ്പാകെ പരാതി പ്രളയം

Posted on: October 28, 2015 11:50 am | Last updated: October 28, 2015 at 11:50 am
SHARE

വിവിധ സംഘടനകളുടെ പരാതികള്‍ കേട്ടും ചിലതിന് അനുകൂല മറുപടികള്‍ നല്‍കിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനകീയ സംവാദം. തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജയ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നഗരത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് മുഖ്യമന്ത്രിക്ക് മുമ്പാകെ എത്തിയത്. ജില്ലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ചില ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് മന്ത്രി എം കെ മുനീറും എം കെ രാഘവന്‍ എം പിയും മറുപടി നല്‍കി.
മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിന്റെ വികസനത്തിനായി ആദ്യ ഗഡുവായ 25 കോടി രൂപക്ക് പുറമെ ഇപ്പോള്‍ അനുവദിച്ച 29 കോടി ഉടന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായാണ് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. എം ജി എസ് നാരായണന്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്. റോഡ് വികസനം യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മുഴുവന്‍ ഭൂമിയും വിട്ടുനല്‍കാന്‍ നേരത്തെതന്നെ തീരുമാനമായതായും അറിയിച്ചു.
കോഴിക്കോട് വിമാനത്താവളത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പൂര്‍ണ ശ്രദ്ധ പുലര്‍ത്തണമെന്നാണ് മലബാര്‍ ഡവലപ്‌മെന്റ് ഫോറം ഭാരവാഹിയുടെ ആവശ്യം. നാലര വര്‍ഷത്തിനിടയില്‍ കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ അനുമതിയും നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും സ്ഥലമേറ്റെടുപ്പ് ഇപ്പോഴും പ്രശ്‌നമായി അവശേഷിക്കുകയാണ് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. സംവാദത്തില്‍ പങ്കെടുത്ത് ആദ്യം സംസാരിച്ച ഇനീഷ്യേറ്റീവ് പാലിയേറ്റീവ് കെയര്‍ ഭാരവാഹി ‘ചികിത്സയുമായി ബന്ധപ്പെട്ട അവശ്യമരുന്നുകള്‍ വാങ്ങുന്നതിന് സഹായം ലഭ്യമാക്കണമെന്നും രോഗികള്‍ക്കുള്ള കരകൗശലസോപ്പ് നിര്‍മാണ പരിശീലനത്തിന് സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടു. നഗരപരിധിയിലെ പാര്‍കിംഗ് പ്രശ്‌നവും കോര്‍പറേഷന്റെ തൊഴില്‍ നികുതി വര്‍ധനയും വ്യാപാരി വ്യവസായി ഏകോപനസമിതി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പന്നിയങ്കര മേല്‍പ്പാലത്തിനുവേണ്ടി ഒഴിപ്പിക്കുന്ന മുപ്പതോളം കടകളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന ആവശ്യവും അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. മൊഫ്യൂസല്‍ ബസ് സ്റ്റാന്റില്‍ പാര്‍ക്കിംഗ് സംവിധാനം നിര്‍മിക്കുന്നത് സംബന്ധിച്ച് കെ എം സി ടി കോളജ് ഓഫ് എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ സര്‍വെ റിപ്പോര്‍ട്ട് നാറ്റ്പാക്കിന് കൈമാറുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വൈകീട്ട് ആറ് മണിക്ക് ശേഷം മാത്രം ബാറുകളും ബീവറേജ് ഔട്ട്‌ലറ്റുകളും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയെടുക്കണമെന്നാണ് കേരള മദ്യനിരോധനസമിതി ഭാരവാഹി പ്രൊഫ ഒ ജെ ചിന്നമ്മ ആവശ്യപ്പെട്ടത്. ‘കുടി നിര്‍ത്തുകയാണ് ആദ്യം വേണ്ടത്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മദ്യനിരോധനമല്ല മദ്യലഭ്യത കുറച്ച് മദ്യവര്‍ജനത്തിനായി പ്രചാരണം നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അഴിനിലം ബൈപ്പാസ് നാലുവരിപ്പാതയാക്കണമെന്നും എസ് എം സ്ട്രീറ്റ് ഉള്‍പ്പെടെ നവീകരിച്ച് ഹെറിറ്റേജ് ടൂറിസം പദ്ധതി പ്രഖ്യാപിക്കണമെന്നും ആവശ്യമുയര്‍ന്നു. കോഴിക്കോട് ആര്‍ ടി ഒ ഓഫിസില്‍ നിന്ന് വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റെടുക്കുമ്പോള്‍ നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് കൂടി വേണമെന്ന നിബന്ധന ഒഴിവാക്കണം, നെല്‍വയല്‍-തണ്ണീര്‍തട സംരക്ഷണനിയമം ഭേദഗതി ചെയ്യണം, ലൈസന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ സമയബന്ധിതമായി ലഭിക്കാന്‍ നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉയര്‍ന്നു.
നഗരസഭയിലെ ഖരമാലിന്യ സംസ്‌കരണരംഗത്ത് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇന്‍ഷുറന്‍സ് ക്ഷേമനിധി പോലുള്ള ആനുകൂല്യങ്ങളും ലഭ്യമാക്കാത്ത സാഹചര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഒരു ജോലി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് അംഗപരിമിതയായ മലാപ്പറമ്പ് സ്വദേശിനി അനുപമ മുഖ്യമന്ത്രിയുടെ അടുത്തെത്തിയത്. പെണ്‍കുട്ടിയോട് മുഖ്യമന്ത്രി വിദ്യാഭ്യാസ യോഗ്യതയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പി എസ് സി, എംപ്ലോയ്‌മെന്റ് സംവിധാനത്തിലൂടെയല്ലാതെ സര്‍ക്കാര്‍ ജോലി ലഭ്യമാക്കാനാവില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, സി എം പി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും സിറ്റി സര്‍വ്വീസ് സഹകരണബാങ്ക് അധ്യക്ഷനുമായ സി എന്‍ വിജയകൃഷ്ണന് അനുപമയുടെ ബയോഡാറ്റ കൈമാറി. മുസ്‌ലീം ലീഗ് സംസ്ഥാന സെക്രട്ടറി എം സി മായിന്‍ഹാജി, സി ഡി എ ചെയര്‍മാന്‍ എന്‍ സി അബൂബക്കര്‍, ഡി സി സി പ്രസിഡന്റ് കെ സി അബു, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ പി ശങ്കരന്‍, കെ മൊയ്തീന്‍കോയ, അഡ്വ പി എം സുരേഷ്ബാബു, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ എന്‍ സുബ്രഹ്മണ്യന്‍, കെ പി കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here