വിദ്യാര്‍ഥികളെ മുട്ടുകാലില്‍ നിര്‍ത്തി ശിക്ഷ; ഡി ഇ ഒക്കും അധ്യാപകനുമെതിരെ കേസ്‌

Posted on: October 28, 2015 5:10 am | Last updated: October 28, 2015 at 12:10 am
SHARE

തിരുവനന്തപുരം: തിരുവനന്തപുരം കാഞ്ഞിരംകുളത്ത് സ്‌കൂള്‍ അധ്യാപകന്‍ കുട്ടികളെ മുട്ടുകാലില്‍ നിര്‍ത്തി ശിക്ഷിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു നെയ്യാറ്റിന്‍കര ഡിഇഒയെയും അധ്യാപകരെയും പ്രതിയാക്കിയാണ് കേസെടുത്തത്. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് കാഞ്ഞിരംകുളം പൊലീസ് കേസെടുത്തത്. അധ്യാപകന്‍ ആല്‍വിന്‍ ജോസഫ്, നെയ്യാറ്റിന്‍കര ഡിഇഒ ചാമിയാര്‍, സ്‌കൂള്‍ പ്രഥമ അധ്യാപകന്‍ സനല്‍കുമാര്‍ എന്നിവരെ പ്രതിയാക്കിയാണ് കേസ്. അധ്യാപകന്റെ പ്രാകൃതമായ ശിക്ഷയില്‍ കുട്ടി കടുത്ത മാനസിക പീഡനം നേരിട്ടുവെന്നും കൗണ്‍സിലിംഗിന് വിധേയനായെന്നും പരാതിയില്‍ പറയുന്നു. അധ്യാപകന്റെ തെറ്റ് മറച്ചുവയ്ക്കാന്‍ കുട്ടിയെ ഭീഷണിപ്പെടുത്തി അനുകൂലമൊഴി രേഖപ്പെടുത്തിയ തായും പരാതിയിലുണ്ട്.
അതേസമയം വിദ്യാര്‍ഥികളെ അധ്യാപകന്‍ മുട്ടുകാലില്‍ നിര്‍ത്തിയില്ലെന്ന അന്വേഷണ റിപ്പോര്‍ട്ടിനെ തള്ളി തങ്ങളെ ശിക്ഷിച്ചതു തന്നെയെന്ന് വിദ്യാര്‍ഥി വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം കാഞ്ഞിരംകുളം പി കെ സത്യനേശന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ ആല്‍ബിന്‍ ജോസഫ് എട്ടാംക്ലാസ് വിദ്യാര്‍ഥികളെ ഒരു മണിക്കൂറോളം ക്ലാസിന് പുറത്ത് മുട്ടുകാലില്‍ നിര്‍ത്തി ക്രൂരമായി ശിക്ഷിച്ചിരുന്നു.
സംഭവത്തില്‍ അന്വേഷിച്ച് നടപടി എടുക്കാന്‍ ഡി പി ഐ എ ഉത്തരവിട്ടിരുന്നു. എന്നാല്‍ സംഭവം ശിക്ഷയല്ലെന്നും കുട്ടികള്‍ കളിച്ചതാണെന്നുമായിരുന്നു സംഭവത്തെക്കുറിച്ച് ഡി ഡി ഇ റിപ്പോര്‍ട്ട് നല്‍കിയത്.
ഇതിനെ തള്ളിയാണ് ഇന്നലെ ശിക്ഷയേല്‍ക്കേണ്ടി വന്ന വിദ്യാര്‍ഥി തങ്ങളെ ശിക്ഷിച്ചതു തന്നെയാണെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. റിപ്പോര്‍ട്ട് തള്ളി ഡി പി ഐ വീണ്ടും അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. സ്‌കൂളിലെ എട്ടാം ക്ലാസിലെ രണ്ട് വിദ്യാര്‍ഥികളാണ് അധ്യാപകന്റെ ക്രൂരശിക്ഷക്ക് വിധേയരായത്.
ക്രൂരമായ ശിക്ഷ ഈ അധ്യാപകന്റെ പതിവ് രീതിയാണെന്നും ആക്ഷേപമുണ്ട്. പടിക്കെട്ടുകളുടെ മുകളില്‍ നിര്‍ത്തി കുട്ടികളുടെ പിന്‍‘ഭാഗത്ത് മര്‍ദിക്കുന്നതും ഈ അധ്യാപകന്റെ ശിക്ഷാരീതിയാണെന്ന് വിദ്യാര്‍ഥികള്‍ പരാതി ഉന്നയിക്കുന്നു. പല വിദ്യാര്‍ഥികളും പേടിച്ചിട്ടാണ് പരാതിപ്പെടാന്‍ തയാറാവാത്തതെന്നും പരാതിപ്പെട്ടാലും മാനേജ്‌മെന്റും പ്രിന്‍സിപ്പലും നടപടിയെടുക്കാറില്ലെന്നും സ്‌കൂളിനെക്കുറിച്ച് ആക്ഷേപമുണ്ട്.