Connect with us

Ongoing News

ഇന്ന് 'ഫൈനല്‍'

Published

|

Last Updated

മുംബൈ: അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 2_ 2 ല്‍ നില്‍ക്കുന്നു. വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ന് നടക്കാനിരിക്കുന്ന അഞ്ചാമത്തേയും അവസാനത്തേയും മത്സരം ഇതോടെ ഫൈനല്‍ ആയി. ട്വന്റി20 പരമ്പര ജയിച്ച ദക്ഷിണാഫ്രിക്കക്ക് മുന്നില്‍ ടെസ്റ്റ്പരമ്പരക്ക് മുന്നോടിയായി തലയെടുപ്പ് കാണിക്കണമെങ്കില്‍ ഇന്ത്യക്ക് ഏകദിന പരമ്പര നേടിയേ തീരൂ. ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ഒരു മാന്‍ ഓഫ് ദ മാച്ച് പ്രകടനവുമായി വിമര്‍ശകരുടെ വായടപ്പിച്ചെങ്കിലും അത് പോരാ. പരമ്പര ജയം കൊണ്ട് മാത്രമേ അടുത്ത ലോകകപ്പില്‍ ടീമിനെ നയിക്കാനുള്ള ബാറ്റണ്‍ ധോണിക്ക് നിലനിര്‍ത്താന്‍ സാധിക്കൂ.
ചെന്നൈ ഏകദിനത്തില്‍ 35 റണ്‍സിന് ജയിച്ചത് ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി പ്രകടനവും സുരേഷ് റെയ്‌ന ഫോം കണ്ടെത്തിയതും ബാറ്റിംഗ് നിരയെ ഉണര്‍ത്തുന്നു. ബൗളര്‍മാരും അവസരോചിതമായി പന്തെറിഞ്ഞത് ക്യാപ്റ്റന്‍ ധോണിയുടെ പരമ്പര പ്രതീക്ഷ ഇരട്ടിപ്പിക്കുന്നതാണ്.
മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ വെച്ചാണ് ധോണിയും കൂട്ടരും ഇന്ത്യക്കായി രണ്ടാമത് ലോകകപ്പ് ഉയര്‍ത്തിയത്. മുമ്പ് കളിച്ച മൂന്ന് കളികളിലും ദക്ഷിണാഫ്രിക്കക്കെതിരെ ജയം നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നുവെന്ന ഭാഗ്യഘടകം കൂടിയുണ്ട്.
1996ല്‍ രണ്ട് തവണയും 2005 ലുമാണ് ഇവിടെ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം നടന്നത്.
പരുക്ക് രണ്ട് ടീമിനെയും ഒരു പോലെ തളര്‍ത്തുന്നുണ്ട്. ഏറ്റവും മികച്ച ഫോമിലുള്ള ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ കാണ്‍പൂര്‍ ഏകദിനത്തോടെ പിന്‍മാറിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ മികച്ച ഫോമിലുള്ള ആള്‍ റൗണ്ടര്‍ ജീന്‍ പോള്‍ ഡുമിനിയാണ് പരുക്കേറ്റവരില്‍ പ്രധാനി. പതിനെട്ടിന് രാജ്‌കോട്ടില്‍ നടന്ന മത്സരത്തിലാണ് ഡുമിനിക്ക് പരുക്കേറ്റത്.
രാജ്‌കോട്ടില്‍ മാന്‍ ഓഫ് ദ മാച്ചായ ഫാസ്റ്റ് ബൗളര്‍ മോര്‍നി മോര്‍ക്കലും കാലിന് പരുക്കേറ്റ് പുറത്തായി.പകരമെത്തിയ ക്രിസ് മോറിസിന് റണ്‍സ് നിയന്ത്രിച്ച് സ്‌പെല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല. മോര്‍നി മോര്‍ക്കല്‍ ഏതാണ്ട് പരുക്കില്‍ നിന്ന് ഭേദപ്പെട്ടെങ്കിലും കളിപ്പിക്കേണ്ടെന്ന തീരുമാനമാണ് ടീം മാനേജ്‌മെന്റിന്. മൊഹാലിയില്‍ അടുത്ത മാസം അഞ്ചിന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ മോര്‍നി മോര്‍ക്കല്‍ ഉണ്ടാകണമെന്ന നിര്‍ബന്ധം ടീമിനുണ്ട്.
വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, രഹാനെ, ധോണി ബാറ്റിംഗ് നിരയിലേക്ക് സുരേഷ് റെയ്‌നയും ഫോം കണ്ടെത്തിയത് ഫൈനല്‍ പോരിന് ഇറങ്ങുന്ന ടീം ഇന്ത്യക്ക് ആശ്വാസമാണ്. എന്നാല്‍, ഓപണര്‍ ശിഖര്‍ ധവാന്റെ ഫോം തലവേദനയാകുന്നു. നിര്‍ണായക മത്സരത്തില്‍ ധവാന്‍ സെഞ്ച്വറിയടിച്ച് തിരിച്ചുവരവ് നടത്തിയാല്‍ സന്ദര്‍ശക ടീം നിരാശപ്പെടും.
അതുപോലെ, ദക്ഷിണാഫ്രിക്കയും രണ്ട് ബാറ്റ്‌സ്മാന്‍മാരുടെ ഫോം വീണ്ടെടുപ്പ് പ്രതീക്ഷിക്കുന്നുണ്ട്. ഹാഷിം അംലയും ഡേവിഡ് മില്ലറും. ഇവര്‍ മികവിലേക്കുയര്‍ന്നാല്‍, ക്യാപ്റ്റന്‍ എ ബി ഡിവില്ലേഴ്‌സിന്റെ അധ്വാനം പാതി കുറയും. ഇന്ത്യന്‍ പിച്ചില്‍ സ്പിന്നിനെ കളിക്കാന്‍ ഏറ്റവും മിടുക്കനായ ബാറ്റ്‌സ്മാനാണ് ഹാഷിം അംല. എന്നാല്‍, കഴിഞ്ഞ നാല് കളികളില്‍ അംല നേടിയത് 66 റണ്‍സ് മാത്രം. 37 ആണ് ടോപ് സ്‌കോര്‍. ഡേവിഡ് മില്ലര്‍ ആകെ നേടിയത് 52 റണ്‍സ്. നാലാം ഏകദിനത്തില്‍ നേടിയ 33 ആണ് ടോപ് സ്‌കോര്‍. ക്യാപ്റ്റന്‍ എ ബി ഡിവില്ലേഴ്‌സിന്റെ ബാറ്റിംഗ് ഫോമാണ് ദക്ഷിണാഫ്രിക്കയുടെ കരുത്തും ആത്മവിശ്വാസവും. ഇന്ത്യ പേടിക്കുന്നതും ഡിവില്ലേഴ്‌സിനെ.

Latest