അടുക്കള ഒരു ഭീകര താവളമാണ്

Posted on: October 21, 2015 5:48 am | Last updated: October 21, 2015 at 12:49 am
SHARE

സാംസ്‌കാരിക ഫാസിസത്തിനെതിരെ എഴുത്തുകാര്‍ നടത്തുന്ന പ്രതികരണം ഇന്ത്യാ ചരിത്രത്തിലെ തന്നെ ഏറ്റവും ഫലപ്രദമായ പ്രതിഷേധമാണ്. കാരണം ഇതിന് മുമ്പ് പരീക്ഷിക്കപ്പെടാത്ത ഒരു പുതിയ സമരമാര്‍ഗമാണിത്. ഒരു സംഘടനയുടേയും ആഹ്വാനമില്ലാതെ മുഴുവന്‍ എഴുത്തുകാരും അവരുടെ സ്വയം ബോധ്യത്തിന്റെ ആവേശത്തില്‍ നിന്ന് നിര്‍വഹിച്ച ഒരു ബദല്‍ ആവിഷ്‌കാരം. ഒരു രചന ഏത് പ്രകാരമാണോ ഒരാവിഷ്‌കാരമായി തീരുന്നത് അതുപോലെത്തന്നെ ഈ പ്രതിഷേധത്തേയും ഒരാവിഷ്‌കാരമായിട്ടാണ് സാംസ്‌കാരിക പ്രവര്‍ത്തകരെല്ലാം നോക്കിക്കാണുന്നത്. കാരണം, ഒരിക്കല്‍ ലഭിച്ച പുരസ്‌കാരം എന്നും കാത്തുസൂക്ഷിക്കാനുള്ള പ്രവണതയാണ് എഴുത്തുകാരിലുള്ളത്. അതാണ് ഉണ്ടാകേണ്ടതും. പുരസ്‌കാരം എന്ന് പറയുന്നത് അവര്‍ നടത്തിയ ഏകാന്തമായ ധൈഷണിക പ്രവര്‍ത്തനത്തിന് ലഭിക്കുന്ന ഒരു സാമൂഹിക അംഗീകാരമാണ്. ആ സാമൂഹികാംഗീകാരത്തെ മനസ്സില്‍ മാത്രമല്ല, തങ്ങളുടെ സകല ജീവിത തലങ്ങളിലും അവര്‍ സൂക്ഷിക്കുന്നു. അങ്ങനെ തങ്ങളുടെ ഉള്ളിന്റെയുള്ളിലെ ഒരു പ്രിയപ്പെട്ട വസ്തു, ഒരംഗീകാരം, അതിനെ ത്യജിക്കുക എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്.
ഇന്ത്യയിലെ വിവിധ സാമൂഹിക സംഘടനകള്‍ നടത്തുന്ന പ്രതികരണങ്ങളെയൊക്കെ പിറകിലാക്കുന്ന തരത്തില്‍ എഴുത്തുകാരുടെ പുരസ്‌കാര തിരസ്‌കാരത്തിന് സാര്‍വദേശീയ മാനം ലഭിച്ചിട്ടുണ്ട്. അതായത്, ഇന്ത്യയില്‍ നടക്കാന്‍ പാടില്ലാത്ത നിരവധി കാര്യങ്ങള്‍ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ സാധാരണഗതിയില്‍ തിരസ്‌കരിക്കുക എന്നത് അസാധ്യമായ പുരസ്‌കാരങ്ങള്‍ വരെ ഇന്ത്യയിലെ പ്രതിഭാശാലികള്‍ കൈയൊഴിച്ച് കൊണ്ടിരിക്കുകയാണ്. ഇത് ലോകത്തിലെ മുഴുവന്‍ ജനാധിപത്യവാദികളേയും ഇന്ത്യയിലേക്ക് കണ്ണ് തുറക്കാന്‍ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്. ഇന്ത്യക്കകത്ത് നടക്കുന്ന ജനാധിപത്യ വിരുദ്ധതയെ ലോകത്തെ മുഴുവന്‍ ജനാധിപത്യവാദികളുടേയും ശ്രദ്ധകളിലേക്ക് തുറന്നുവെക്കാന്‍ ഇത് സഹായകമായിട്ടുണ്ട്.
ഏറ്റവും ശ്രദ്ധേയമായ ഒരു പ്രതിരോധ പ്രവര്‍ത്തനമെന്ന അര്‍ഥത്തില്‍ എഴുത്തുകാരുടെ ഈ സ്ഥാന ത്യാഗവും പുരസ്‌കാര തിരസ്‌കാരവും ശ്രദ്ധേയമായിട്ടുള്ള വിഷയമാണ്. ഒരു പക്ഷേ ഭരണാധികാരികളെ, കേന്ദ്രമന്ത്രിമാരെ, സംഘ്പരിവാറിനെ ഇതേറ്റവും പ്രതിസന്ധിയിലാക്കുന്നുണ്ട്. അതാണ് അരുണ്‍ ജെയ്റ്റ്‌ലിയെ പോലുള്ളവര്‍ ഇതിനെ ‘കടലാസ് വിപ്ലവം’ എന്ന് പറഞ്ഞത്. പക്ഷേ ഒരു കടലാസ് എഴുത്തുകാരന്റെ ഹൃദയമുദ്ര പതിയുന്നതോട് കൂടി അത് വെറുമൊരു കടലാസല്ല, അതൊരു കാലഘട്ടത്തെയാകെ വെല്ലുവിളിക്കുന്ന ഒരു പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ജീവിക്കുന്ന സാന്നിധ്യമാണ്. അതുകൊണ്ട് ജെയ്റ്റ്‌ലിക്കും ബി ജെ പിക്കും മനസ്സിലാക്കാന്‍ കഴിയാതെപോയ എഴുത്തുകാരുടെ ഒരു പുതിയ സമരമുറയാണിത്. അത് കടലാസ് വിപ്ലവം തന്നെയാണ്. പക്ഷേ കടലാസ് വിപ്ലവം എന്ന് പറയുമ്പോള്‍ അത് ആശയ വിപ്ലവവും കൂടിയാണ്. ലോകത്തില്‍ ഇന്നേവരെ നടന്നിട്ടുള്ള എല്ലാ സാമൂഹിക, രാഷ്ട്രീയ വിപ്ലവങ്ങളുടേയും പിന്നില്‍ പ്രവര്‍ത്തിച്ചത് ആശയ വിപ്ലവമാണ്. വോള്‍ട്ടയറെയും മൊണ്ടെസ്‌ക്യൂവിനെയും മാറ്റി നിര്‍ത്തി ഫ്രഞ്ച് വിപ്ലവത്തെ പറ്റി ആലോചിക്കാന്‍ ആകില്ല. മാര്‍ക്‌സിന്റെയും ലെനിന്റെയും ആശയങ്ങളെ മാറ്റി നിര്‍ത്തി സോവിയറ്റ് വിപ്ലവത്തേയും ചെഗുവേരയുടേയും കാസ്‌ട്രോയുടേയും കാഴ്ചപ്പാടുകളെ മാറ്റിനിര്‍ത്തി ക്യൂബന്‍ വിപ്ലവത്തെ കുറിച്ചും ആലോചിക്കാന്‍ ആകില്ല. മാവോ സെ തൂങ്ങിനെ മാറ്റിനിര്‍ത്തി ചൈനീസ് വിപ്ലവത്തെക്കുറിച്ചും ആലോചിക്കാന്‍ കഴിയില്ല. അങ്ങനെ ലോകത്തിലെ മുഴുവന്‍ സാമൂഹിക വിപ്ലവങ്ങളുടേയും പിന്നില്‍ മഹത്തായ ആശയങ്ങളുണ്ട്. ആ അര്‍ഥത്തില്‍ പരിഹസിക്കാന്‍ വേണ്ടി പറഞ്ഞ കടലാസ് വിപ്ലവം സത്യത്തില്‍ സംഘ്പരിവാറിന്റെ അകത്തളങ്ങളില്‍ എന്തുമാത്രം പരിഭ്രാന്തി ഉണ്ടാക്കിയിട്ടുണ്ട് എന്നതിന്റെ ഉജ്വലമായ തെളിവാണ്.
ആലോചിക്കാനുള്ള മറ്റൊരു കാര്യം ഇത്തരത്തിലുള്ള പ്രിതിരോധ പ്രവര്‍ത്തനങ്ങളിലൂടെ മാത്രം ഫാസിസം പരാജയപ്പെടുമോ എന്നതാണ്. തീര്‍ച്ചയായും, ഇത്തരം പ്രതികരണങ്ങള്‍ ഫാസിസത്തെ പരാജയത്തിലേക്ക് നയിക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒന്നു മാത്രമാണ്. ഏതെങ്കിലും ഒരു പ്രവര്‍ത്തനം മാത്രമല്ല ഫാസിസത്തെ വെല്ലുവിളിക്കുന്നത്. നിരവധി പ്രവര്‍ത്തനങ്ങളുടെ ഒരു സാകല്യാവസ്ഥയിലേക്കാണ് ഫാസിസം വലിയ പ്രതിസന്ധി നേരിടാന്‍ പോകുന്നത്. അതിന്റെ ഒരു തുടക്കം നടന്നുകഴിഞ്ഞു എന്നര്‍ഥത്തില്‍ എഴുത്തുകാരുടെ ഈ ഇടപെടല്‍ വളരെ പ്രധാനപ്പെട്ടതാണ്. മറ്റൊരു പ്രധാന കാര്യം ഇതിലണിചേര്‍ന്ന എഴുത്തുകാരുടെ ചേര്‍ച്ചയാണ്. നയന്‍താര സെഗാള്‍, ഉദയ പ്രകാശ്, അശോക് വാജ്്‌പേയി തുടങ്ങിയവരൊക്കെ ഏതെങ്കിലും ഒരു സംഘടനയുടെയോ രാഷ്ട്രീയ പാര്‍ട്ടിയുടെയോ പ്രതിനിധികളല്ല എന്നതാണത്. ഈ പുരസ്‌കാര തിരസ്‌കാരത്തില്‍ പങ്കെടുത്ത, സ്ഥാനങ്ങള്‍ രാജിവെച്ച പഞ്ചാബ്, തമിഴ്‌നാട്, ബംഗാള്‍, ഗുജറാത്ത്, കര്‍ണാടക, കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ എഴുത്തുകാര്‍ വിവിധ ജനാധിപത്യ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്നവരാണ്. ആ വിവധ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്നവര്‍ക്ക് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ജനാധിപത്യ വിരുദ്ധതയാണ് ഐക്യപ്പെടാന്‍ പ്രേണയായിട്ടുള്ളത്. ആ അര്‍ഥത്തില്‍ ഇതിന് മുമ്പ് നടന്ന വ്യത്യസ്ത തലത്തിലുള്ള സമരങ്ങളില്‍ നിന്ന് ഇത് വേറിട്ട് നില്‍ക്കുന്നതാണ്.
ഒരു കഥ, കവിത, നോവല്‍, അഭിനയം, നാടകം, സിനിമ അതിനെതിരെ നടന്നുവരുന്ന പ്രതികരണം, എഴുത്തുകാരന്റെ അഭിപ്രായ സ്വാതന്ത്ര്യം ആക്രമിക്കപ്പെടുമ്പോള്‍ ഇതിനെയൊക്കെ പ്രതിരോധിക്കാന്‍ വേണ്ടിയാണ് സാധാരണ എഴുത്തുകാര്‍ ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ നടത്താറുള്ളത്. എന്നാല്‍ ഇപ്പോള്‍ എഴുത്തുകാര്‍ നടത്തിയ ഈ ഇടപെടലില്‍ കല്‍ബുര്‍ഗിയുടേയോ നരേന്ദ്ര ധബോല്‍ക്കറുടേയോ ഗോവിന്ദ് പന്‍സാരെയുടേയോ വധം മാത്രമല്ല, മറിച്ച് അഖ്‌ലാഖിനെ അടിച്ച് കൊന്നതും ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ട്. അത് ഈ സമരത്തിന്റെ വലിയൊരു ഘടകമാണ്. ആവിഷ്‌കാരമെന്ന് പറയുന്നത് എഴുത്തും വായനയും മാത്രമല്ല; ജീവിതം മുഴുവനുമാണ്. ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം, ആചാര സ്വാതന്ത്ര്യം ഉള്‍പ്പെടെ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും അനിവാര്യമായ, ഒരു വ്യക്തിക്കും സമൂഹത്തിനും അനുഭവിക്കാനുള്ള ജനാധിപത്യ അവകാശത്തിന്റെ ആകെത്തുകയാണ് ആവിഷ്‌കാരം. എക്കാലത്തും നടന്ന ആവിഷ്‌കാര സ്വാതന്ത്ര്യ സമരങ്ങളെക്കാള്‍ ഒരു ചുവട് മുന്നിലാണ് ഇത്. ആ അര്‍ഥത്തില്‍ ഈ സമരം അഭിവാദ്യം ചെയ്യപ്പെടേണ്ടതായിരിക്കും.
‘കിട്ടിയ അവാര്‍ഡുകളല്ല, ചോദിച്ചു വാങ്ങിയ അവാര്‍ഡുകളാണ് തിരിച്ചുനല്‍കിയതെന്ന’ പി വത്സലയുടെ അഭിപ്രായം സാംസ്‌കാരികമായ ഒരു പിന്നാക്കാവസ്ഥയുടെ ഭാഗമാണ്. സത്യത്തില്‍ അവാര്‍ഡുകളെന്ന് പറയുന്നത് സാംസ്‌കാരിക അംഗീകാരത്തിന്റെ ആകാശമൊന്നുമല്ല. ഏത് അവാര്‍ഡിനും അതിന്റെ ബാധ്യതയും അതിന്റേതായ പരിമിതിയും ഉണ്ട്. ഒരു സന്ദര്‍ഭത്തില്‍ തന്നെ അവാര്‍ഡിനര്‍ഹമായ ഒന്നിലധികം കൃതികളുണ്ടാകാം. പക്ഷേ ഒരു സമയത്ത് ഒരു കൃതിക്കേ അവാര്‍ഡ് നല്‍കാന്‍ കഴിയുകയുള്ളൂ. തിരസ്‌കരിക്കപ്പെടുന്ന ഗ്രന്ഥങ്ങളും ഗ്രന്ഥകാരും രണ്ടാം തരമാണെന്ന് കരുതാന്‍ പറ്റില്ല. അതുകൊണ്ട് തീര്‍ച്ചയായും അവാര്‍ഡിന് പരിമിതിയുണ്ട്. അവാര്‍ഡുകളുടെ എണ്ണം കുറവും എഴുത്തുകാരുടെ എണ്ണം കൂടുതലുമാകുന്ന ഏത് ചരിത്ര ഘട്ടത്തിലും അവാര്‍ഡുകളെകുറിച്ചുള്ള പരാതികളും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. പക്ഷേ അവാര്‍ഡ് ലഭിക്കുന്ന കൃതികള്‍ ശരാശരിക്ക് മുകളിലുള്ളവ തന്നെയാണ് എന്ന് നമുക്ക് മനസ്സിലാക്കാന്‍ പറ്റും. ഏതെങ്കിലും അപൂര്‍വ സന്ദര്‍ഭങ്ങളില്‍ അപവാദങ്ങളുണ്ടായാല്‍ അതിനെ കൃത്യമായി ചൂണ്ടിക്കാണിച്ച് എതിര്‍ക്കാനുള്ള സ്വാതന്ത്രവും ഉണ്ട്. എന്നാല്‍ ഒരു പ്രത്യേക ചരിത്ര സന്ദര്‍ഭത്തില്‍ സമാനതകളില്ലാത്ത ഒരു പ്രതിരോധം ഫാസിസത്തിനെതിരെ ഉയര്‍ത്തുമ്പോള്‍ അതിനെ നിര്‍വീര്യമാക്കാന്‍ നടത്തിയ ഒരു പ്രസ്താവന എന്നര്‍ഥത്തില്‍ പി വത്സലയുടെ അഭിപ്രായം ജനാധിപത്യപരമല്ല. ഒരെഴുത്തുകാരിയും എഴുത്തുകാരനും ഒരിക്കലും നിര്‍വഹിക്കാന്‍ പാടില്ലാത്ത പ്രസ്താവനകളുടെ പട്ടികയിലാണ് ഭാവിയിലത് ഇടം നേടാന്‍ പോകുന്നത്. കാരണം ഈ അവാര്‍ഡിന്റെ ഭാരം തൂക്കി നോക്കിയിട്ടല്ല, മറിച്ച് ഈ നിലപാടിന്റെ പ്രസക്തി പരിഗണിച്ചാണ് ഈ സന്ദര്‍ഭത്തില്‍ പ്രാഥമികമായി അഭിപ്രായ പ്രകടനം നടത്തേണ്ടത്. അങ്ങനെ ഒരു അഭിപ്രായ സ്വാതന്ത്ര്യം നടത്താനുള്ള ധീരതയാണ് പി വത്സലക്ക് പ്രകടിപ്പിക്കാന്‍ കഴിയാതെ പോയത്. അതുകൊണ്ട് ഒരുപക്ഷേ അവാര്‍ഡ് തിരിച്ചേല്‍പിക്കാത്തവരും സ്ഥാനം ത്യജിക്കാത്തവരും ഇതിനോട് യോജിക്കാത്തവരുമായ നിരവധി എഴുത്തുകാരുണ്ടാകാം. അതിന് അവര്‍ക്ക് സ്വാതന്ത്രവും ഉണ്ട്. അവരില്‍ നിന്നൊക്കെ വ്യത്യസ്തമായിട്ട് ഇത്തരമൊരു പ്രസ്താവന നടത്തിയതിലൂടെ വലിയൊരു എഴുത്തുകാരിയായ പി വത്സല ഈ സമയത്ത് വളരെ ചെറുതായി പോകുകയാണുണ്ടായത്.
ഭക്ഷണത്തിന്റെ രാഷ്ട്രീയമെന്ന എന്റെ പുസ്തകത്തില്‍ മലയാള ഭാഷയിലെ സംഗ്രഹിച്ച ഒരു പ്രയോഗം എന്ന അര്‍ഥത്തിലാണ് ‘കാളനാകാമെങ്കില്‍ കാളയുമാകാ’മെന്ന ഒരു കാഴ്ചപ്പാട് അവതരിപ്പിച്ചത്. പക്ഷേ അന്ന് ജനാധിപത്യവാദികള്‍ പോലുമായ മലയാളികള്‍ക്ക്, സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക്, എഴുത്തുകാര്‍ക്ക്, ധൈഷണികര്‍ക്ക് അത് വേണ്ട വിധം ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല. ഈ ഒരു പ്രയോഗത്തിന്റെ പേരില്‍ ഒരു സാംസ്‌കാരിക വിമര്‍ശകന്‍ എന്ന അര്‍ഥത്തില്‍ ഞാന്‍ വലിയ പീഡനങ്ങള്‍ക്ക് വിധേയനായി. പലരും ചോദിക്കാന്‍ ശ്രമിച്ചത് എന്തുകൊണ്ട് കാള എന്ന് പറയാമെങ്കില്‍ പന്നി എന്ന് പറഞ്ഞ് കൂടാ എന്നായിരുന്നു. കാള, പശു എന്നൊക്കെ പറയുന്നത് പന്നി, പൂച്ച, പട്ടി എന്നൊക്കെ പറയുന്നതില്‍ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമാണെന്ന് അന്ന് തന്നെ ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. മൃഗങ്ങളുടെ പേര് പറഞ്ഞ് ഒരു മത്സരത്തില്‍ പങ്കെടുക്കാന്‍ ശ്രമിക്കുകയായിരുന്നില്ല ഞാന്‍ ചെയ്തത്. മറിച്ച് ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥിതിയില്‍ കാളയും പശുവുമെല്ലാം അടയാളപ്പെടുത്തപ്പെട്ടത് വെറും മൃഗങ്ങള്‍ എന്ന അര്‍ഥത്തില്‍ അല്ല. മറിച്ച് ആരാധനാ പശ്ചാത്തലത്തിലാണ്. തീര്‍ച്ചയായും ഇവിടെ അവയെ ആരാധിക്കാന്‍ ആര്‍ക്കെങ്കിലും ആഭിമുഖ്യമുണ്ടെങ്കില്‍ അതിനവര്‍ക്ക് സ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍, ഒരു ജന്തുവിന്റെ പേരിലും പരസ്പരം തല്ലരുത്, കൊല്ലരുത്. അതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന കാഴ്ചപ്പാട്. അത് കൊണ്ട് വിവിധ തരത്തിലുള്ള ആരാധനകള്‍ നിലനില്‍ക്കുന്ന ഇന്ത്യയില്‍ അത് പുലര്‍ത്താനും നിലനിര്‍ത്താനും അതിലുള്ള കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാനും ഓരോ വിഭാഗങ്ങള്‍ക്കും അവകാശമുണ്ട്. പക്ഷേ നിര്‍ബന്ധിച്ച് തങ്ങളുടെ വിശ്വാസം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് തെറ്റാണ്. അപ്പോള്‍ ഭക്ഷണത്തിനും ഒരു ജനാധിപത്യമുണ്ട്. അതായത് കാള കഴിക്കുന്നവര്‍ക്ക് കാള കഴിക്കാം. പൂച്ചയെ ഭക്ഷിക്കുന്നവര്‍ക്ക് പൂച്ച കഴിക്കാം. അത് ഇവിടെ ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണ്. പക്ഷേ ഞങ്ങള്‍ കഴിക്കുന്നത് എല്ലാവരും കഴിക്കണമെന്നോ ഞങ്ങള്‍ കഴിക്കാത്തത് ആരു കഴിക്കരുതെന്നോ പറയുമ്പോള്‍ അവിടെ ജനാധിപത്യമാണ് വെല്ലുവിളിക്കപ്പെടുന്നത്. അതിനാല്‍ തന്നെ ഭക്ഷണത്തിന്റെ ജനാധിപത്യത്തിന്റെ വിവക്ഷ ഭരണകൂടം പൗരന്റെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ പാടില്ല എന്നതാണ്. ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം മാനുഷികമായ കടമ ജനങ്ങള്‍ക്കാവശ്യമുള്ള ഭക്ഷണം ലഭ്യമാക്കാനുള്ള സൗകര്യങ്ങളൊരുക്കുക എന്നതാണ്. ഏത് ഭക്ഷണം കഴിക്കണം, എത്ര അളവില്‍, എത്ര മസാല ചേര്‍ത്ത് എങ്ങനെ കഴിക്കണം, കഴിക്കണ്ട എന്നുള്ളത് ഓരോരുത്തരും തീരുമാനിക്കും. അത് സര്‍ക്കാര്‍ വിഷയമല്ല. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ അതിന്റെ അധികാരം വെപ്പു പാത്രത്തിന് മുകളിലേക്ക്, അടുക്കളയുടെ മുകളിലേക്ക് അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്.
അടുക്കള ദേവലയമാണ്, വെപ്പുപാത്രം ദൈവവും എന്നാണ് വിവേകാനന്ദന്‍ മുമ്പ് പറഞ്ഞത്. പക്ഷേ ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത് അടുക്കള റെയ്ഡ് നടത്തപ്പെടേണ്ട ഒരു ഭീകരവാദ കേന്ദ്രമാണ് എന്ന് പ്രഖ്യാപിക്കുകയാണ്. അങ്ങനെയാണ് സെപ്തംബര്‍ 29ന് രാത്രി പത്ത് മണിക്ക് ഇന്ത്യയിലെ മറ്റെല്ലാ മനുഷ്യരെപോലെയും ജോലി ചെയ്ത് തളര്‍ന്ന് വന്ന് ഭക്ഷണം കഴിച്ച് കിടന്നുറങ്ങുകയായിരുന്ന മുഹമ്മദ് അഖ്‌ലാഖിനെ വിളിച്ചുണര്‍ത്തി ഫ്രിഡ്ജ് വലിച്ച് തുറന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന മാംസം പശുവിറച്ചിയാണെന്ന് സ്വയം പ്രഖ്യാപിച്ച് അത് എന്താണ് എന്ന് പരിശോധിക്കാനുള്ള താമസം പോലും കാണിക്കാതെ ക്രൂരമാം വിധം അടിച്ച് കൊല്ലുന്നത്; മകനെ മൃതപ്രായനാക്കുന്നത്. മകളെ ബലാത്ത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നത്. വൃദ്ധയായ സ്ത്രീയുടെ മുഖത്തടിക്കുന്നത്. ഇതൊക്കെ ചെയ്തവരുടെ കൂട്ടത്തില്‍ അയല്‍ക്കാരുമുണ്ടായിരുന്നു. ഇതിനെല്ലാം ആഹ്വാനം ചെയ്തത് ക്ഷേത്രത്തിലെ സുഖ്‌ദേവ് എന്ന പൂജാരിയാണ്. അത് ഏറ്റവും ഭയപ്പെടുത്തുന്ന ഒരു കാര്യമാണ്. കാരണം ഒരു പ്രദേശത്ത് കലാപം ഉണ്ടായാല്‍ അവിടെ സമാധാനം കൊണ്ടുവരേണ്ടയാളാണ് ആത്മീയ നേതാവ്. കലഹം ആളിക്കത്തുമ്പോള്‍ അതിലേക്ക് എണ്ണയൊഴിക്കുകയല്ല ആത്മീയ നായകന്‍ ചെയ്യേണ്ടത്. സാന്ത്വനത്തിന്റെ വെള്ള മൊഴിക്കുകയാണ് വേണ്ടത്. അതിനുപകരം സുഖ്‌ദേവ് ചെയ്തത് കൊലക്ക് ആരാധനാലയത്തിന്റെ അകത്ത് നിന്ന് ആഹ്വാനം ചെയ്യുകയാണുണ്ടായത്. തീര്‍ച്ചയായും ഇത് അഖ്‌ലാഖിന്റെ കൊലയേക്കാള്‍ ഭീകരമായ സത്യമാണ്. ഏതെങ്കിലും തെരുവ് റൗഡികള്‍ ആണ് ഇത്തരത്തില്‍ കൊലവിളി നടത്തുന്നത് എങ്കില്‍ അവര്‍ക്ക് കൊലവിളി നടത്താനല്ലാതെ വേറെ എന്താണ് കഴിയുക എന്ന് നമുക്കാശ്വസിക്കാന്‍ പറ്റും. പക്ഷേ ഇതൊരു പൂജാരിയാണ്, അയാള്‍ ഒരു ഗുണ്ടയുടെ റോളിലേക്ക് അധഃപതിക്കാന്‍ പാടില്ല. കൊല്ലപ്പെട്ടാലുമില്ലെങ്കിലും ഒരു നിശ്ചിത സമയമെത്തിയാല്‍ മനുഷ്യന്‍ മരിക്കും. പക്ഷേ മഹത്തായ മൂല്യങ്ങളെ ഒരിക്കലും വെല്ലുവിളിക്കാന്‍ പാടില്ല. അത്‌കൊണ്ട് തന്നെ ഇവിടെ ആത്മീയ നേതാവായിരിക്കാന്‍ ‘തൊഴില്‍പരമായി’ പരുക്കനര്‍ഥത്തില്‍ അങ്ങനെ പ്രയോഗിച്ചാല്‍ തന്നെ അയാള്‍ ഗുണ്ടയുടെ അവസ്ഥയിലേക്ക് ചുരുങ്ങുകയാണുണ്ടായത്.
ഇന്ത്യയില്‍ കൊലകള്‍ നടന്നിട്ടുണ്ട്, അക്രമങ്ങള്‍ നടന്നിട്ടുണ്ട്, വംശഹത്യകള്‍ നടന്നിട്ടുണ്ട്, അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഈ കൊലപാതകത്തില്‍ വ്യത്യസ്ത മാനങ്ങളുണ്ട്. ഒന്ന്- കൊലയാളികള്‍ക്ക് സര്‍ക്കാറിന്റെ പരോക്ഷമായ പിന്തുണ. രണ്ട്- വധത്തിന് ശേഷമുള്ള ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘ്പരിവാറില്‍ നിന്നുണ്ടായ അവഹേളനം.
ഉദാഹരണത്തിന് അഖ്‌ലാഖിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയത് നീതീകരിക്കാന്‍ പറ്റില്ലെന്ന് പ്രകടമായി സംഘ്പരിവാര്‍ സംഘങ്ങള്‍ വാദിക്കുന്നു. ഇത് ദേശവിരുദ്ധതയെ പ്രോത്സാഹിപ്പിക്കലാണെന്ന് പറയുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ മോചിപ്പിക്കാന്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്നു. ഇതൊന്നും മുമ്പ് സംഭവിക്കാത്തതാണ്. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത് ഇത്തരം കാര്യങ്ങളാണ്:
1- നിരന്തരമായി ഭീഷണിപ്പെടുത്തുക, കൊല വിളി നടത്തുക, 2- കൊല നടത്തുക, 3- നടത്തിയ കൊലയെ ന്യായീകരിക്കുക 4- ഏതെങ്കിലും തരത്തില്‍ ജനാധിപത്യപരമായ ഏതെങ്കിലും സ്വാതന്ത്ര്യം നിരന്തരമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഇരകള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാണെങ്കില്‍ ആ സര്‍ക്കാറിനെതിരെ സഹായം നല്‍കിയതിന്റെ പേരില്‍ പ്രക്ഷോഭം നടത്തുക, 5- കൊല്ലപ്പെട്ട സ്ഥലത്തേക്ക് കൊല്ലപ്പെട്ടവരോടോ കുടുംബങ്ങളോടോ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ വരുന്ന ജനാധിപത്യവാദികളെ തടസ്സപ്പെടുത്തുക.
ഇത്തരം സംഭവങ്ങളില്‍ എഴുത്തുകാര്‍ നടത്തിയ പ്രതികരണങ്ങള്‍ സാര്‍വദേശീയ തലത്തില്‍ ഉണ്ടാക്കിയ ചലനങ്ങളാണ് അസഹിഷ്ണുത ഇന്ത്യന്‍ സംസ്‌കാരത്തില്‍ പൊരുത്തപ്പെടുന്നതല്ല എന്ന് പറയാന്‍ രാഷ്ട്രപതിയെ നിര്‍ബന്ധിതനാക്കിയത്. രാഷ്ട്രപതിയുടെ ഇടപെടല്‍ കേന്ദ്രത്തിലുണ്ടാക്കിയ ഇളക്കമാണ് മോദിയെ വാ തുറക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യം സൃഷ്ടിച്ചത്. പക്ഷേ മോദി വളരെ സമര്‍ഥമായി ഈ പ്രശ്‌നത്തെ കുറിച്ച് പറഞ്ഞത് ഒരിക്കലും രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി പറയാന്‍ പാടില്ലാത്ത അഭിപ്രായമാണ്. ഹിന്ദുക്കളും മുസ്‌ലിംകളും പോരടിക്കുകയല്ല, ദാരിദ്രത്തിനെതിരെ പൊരുതുകയാണ് വേണ്ടത് എന്നാണദ്ദേഹം പറഞ്ഞത്. സത്യത്തില്‍ എന്താണോ ദാദ്രിയില്‍ സംഭവിച്ചത് അതും നരേന്ദ്ര മോദി എന്താണോ പറഞ്ഞത് അതും തമ്മില്‍ ഒരു ബന്ധവും ഇല്ല. പരസ്പരം ബന്ധമില്ലാത്ത ഒരഭിപ്രായ പ്രകടനമാണിത്. മാത്രമല്ല. അതില്‍ ഒരു ഫാസിസ്റ്റ് പ്രചരണമുണ്ട്. അതായത് മുസ്‌ലിംകളും ഹിന്ദുക്കളും രണ്ട് ശത്രു സാമൂഹിക വിഭാഗങ്ങളാണ്, അവര്‍ തമ്മില്‍ സംഘര്‍ഷം ഇവിടെ നടന്നു കൊണ്ടിരിക്കുകയാണ് എന്നൊരു ധ്വനി ഇതിലുണ്ട്. ഇന്ത്യയും പല ഭാഗങ്ങളിലും മുസ്‌ലിംകളും ഹിന്ദുക്കളും സൗഹൃദത്തോടെയാണ് ജീവിക്കുന്നത്. അവര്‍ രണ്ട് ശത്രു സാമൂഹിക വിഭാഗങ്ങളല്ല. എന്നാല്‍ അവര്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ഫാസിസമാണ്. ആ ഫാസിസത്തിന്റെ അജന്‍ഡയാണ് ഇത്തരമൊരു വലിയ ജനാധിപത്യത്തെ കൊല ചെയ്യുന്ന അപകടത്തിന് ഇന്ത്യ വിധേയമായ സന്ദര്‍ഭത്തിലും വാ തുറക്കാന്‍ നിര്‍ബന്ധിതനായപ്പോള്‍ മോദി പറഞ്ഞത്. മാത്രമല്ല മോദി വ്യക്തമാക്കേണ്ട ഒരു കാര്യമുണ്ട്. വീട്ടില്‍ ഭക്ഷണം കഴിച്ച് കിടന്നുറങ്ങുകയായിരുന്ന മുഹമ്മദ് അഖ്‌ലാഖ് ആരോട് പോരടിക്കാനാണ് പോയത്? സ്വന്തം വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന അദ്ദേഹത്തെ വിളിച്ചുണര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയാണ് ചെയ്തത്. ആരോടും പോരടിക്കാന്‍ പോയിട്ടില്ല. അയാള്‍ ദാരിദ്ര്യത്തിനെതിരെ തന്റെ കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജോലി ചെയ്ത് വന്ന് തളര്‍ന്ന് ഉറങ്ങുകയായിരുന്നു. ഇന്ത്യയിലെ ലക്ഷക്കണക്കിന് ഹിന്ദു മുസ്‌ലിം വിഭാഗത്തില്‍ പെട്ട തൊഴിലെടുക്കുന്ന മനുഷ്യരെപ്പോലെ ഒരാളാണ് അദ്ദേഹം. തൊഴിലെടുത്ത് വീട്ടില്‍ കിടന്നുറങ്ങുന്ന ആ സന്ദര്‍ഭത്തിലാണ് അക്രമികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി അദ്ദേഹത്തെ വെട്ടിക്കൊല്ലുന്നത്. ഇതെങ്ങനെയാണ് രണ്ട് സമൂഹങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലായി തീരുന്നത്?
(അവസാനിച്ചിട്ടില്ല)
തയ്യാറാക്കിയത് : സഫ്‌വാന്‍ ചെറൂത്ത്,
മുഹമ്മദ് രിള്‌വാന്‍ ആക്കോട്

LEAVE A REPLY

Please enter your comment!
Please enter your name here