സര്‍ക്കാര്‍ ആശുപത്രികളിലെ സിസേറിയന്‍ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് കണക്കുകള്‍

Posted on: October 20, 2015 10:20 am | Last updated: October 20, 2015 at 10:20 am
SHARE

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ നടക്കുന്ന സിസേറിയനുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 11 സര്‍ക്കാര്‍ ആശുപത്രികളില്‍ കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ സിസേറിയന്‍ ഗ്രാഫ് അമ്പത് ശതമാനത്തിന് മുകളിലാണ് ഉയര്‍ന്നിരിക്കുന്നത്. സിസേറിയന്‍ നിരക്ക് സംബന്ധിച്ച കേന്ദ്ര നിര്‍ദേശം അവഗണിച്ചുകൊണ്ടുള്ള വര്‍ധനവാണിത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം സര്‍ക്കാര്‍ ആശുപത്രികളില്‍ അഞ്ച് ശതമാനം വര്‍ധനവാണ് സിസേറിയന്‍ നിരക്കുകളില്‍ ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ സംസ്ഥാനത്ത് പരിശോധനക്കെത്തിയ കേന്ദ്ര സംഘം പല സര്‍ക്കാര്‍ ആശുപത്രികളിലും സിസേറിയന്‍ നിരക്ക് അമ്പത് ശതമാനത്തിനു മുകളിലെത്തുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുകയും ഇത് തടയുന്നതിനാവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സംസ്ഥാന ആരോഗ്യ വകുപ്പ് ഇതു സംബന്ധിച്ച് ശേഖരിച്ച കണക്കുകള്‍ അനുസരിച്ച് എറണാകുളം ജില്ലയാണ് കഴിഞ്ഞ വര്‍ഷം സിസേറിയന്‍ നിരക്കുകളില്‍ മുന്നില്‍ നിന്നത്. 57.2 ശതമാനം അമ്മമാര്‍ക്കാണ് സിസേറിയന്‍ നടത്തിയിട്ടുള്ളത്.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആലുവ ജില്ലാ ആശുപത്രിയാണ് സിസേറിയന്‍ നിരക്കില്‍ മുന്നില്‍ നില്‍ക്കുന്നത്. 70 ശതമാനമാണ് ഇവിടുത്തെ സിസേറിയന്‍ നിരക്ക്. ഈ വര്‍ഷം 1,509 പ്രസവം നടന്ന ആശുപത്രിയില്‍ 1,056ഉം സിസേറിയന്‍ ആയിരുന്നു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. 67.6 ശതമാനമാണ് ഇവിടുത്തെ സിസേറിയന്‍ നിരക്ക്. 1,003 കേസുകളില്‍ 678 എണ്ണവും സിസേറിയന്‍ ആയിരുന്നു. ജനറല്‍ ആശുപത്രി ഇരിഞ്ഞാലക്കുട (59.7%), പത്തനംതിട്ട (59.4%), കോട്ടയം (58.8%), ജില്ലാ ആശുപത്രി ഇടുക്കി (57.3%), കണ്ണൂര്‍ (54.9%), സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ആലപ്പുഴ (53.9%), മങ്ങാട്ട്പറമ്പ്(51.7%), മട്ടാഞ്ചേരി(51.3%), വിക്‌ടോറിയ ആശുപത്രി കൊല്ലം (53.7%) എന്നിവയാണ് ഈ വര്‍ഷം 50 ശതമാനത്തിന് മുകളില്‍ സിസേറിയന്‍ നിരക്ക് ഉയര്‍ന്ന മറ്റ് ആശുപത്രികള്‍.
കഴിഞ്ഞ വര്‍ഷം സിസേറിയന്‍ നിരക്ക് ഉയര്‍ന്ന ജില്ലകളില്‍ മുന്നില്‍ എറണാകുളവും(58%) തൊട്ട് പിന്നില്‍ കൊല്ലം (53%), മൂന്നാം സ്ഥാനം കണ്ണൂര്‍(50%) ജില്ലക്കായിരുന്നു.
എന്നാല്‍ മറ്റൊരു കൗതുകകരമായ വസ്തുത ആശുപത്രി പ്രസവങ്ങള്‍ ഏറ്റവും കുറച്ച് നടന്നത് മലപ്പുറം ജില്ലയിലാണെന്നതാണ്. 17.9 ശതമാനം മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ വെച്ചുനടന്ന പ്രസവങ്ങളുടെ നിരക്ക്. ഇക്കാര്യത്തില്‍ ഇത്തവണ രണ്ടാം സ്ഥാനം എറണാകുളത്തിനാണ്. ഈ വര്‍ഷം 18. 3 ശതമാനം പ്രസവമാണ് എറണാകുളത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ നടന്നിട്ടുള്ളത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമല്ല സ്വകാര്യ ആശുപത്രികളിലും അപകടകരമായ രീതീയിലാണ് സിസേറിയന്‍ നിരക്കുകള്‍ വര്‍ധിക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ സിസേറയന്‍ നടത്തുന്നതിന് അമേരിക്കന്‍ കോളജ് ഓഫ് ഗൈനക്കോളജിക് സൊസൈറ്റി, ബ്രിട്ടീഷ് സൊസൈറ്റി തുടങ്ങിയ സംഘടനകളുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉണ്ടെങ്കിലും ഇവയൊന്നും പലപ്പോഴും പാലിക്കപ്പെടാറില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതു സംബന്ധിച്ച നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള സംവിധാനമാണ് വേണ്ടതെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here