ഗോഡ്‌സേയെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികം ബലിദാന ദിനമായി ആചരിക്കും

Posted on: October 19, 2015 2:24 pm | Last updated: October 20, 2015 at 9:29 am
SHARE

godse

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ തൂക്കിലേറ്റിയ ദിനം ‘ബലിദാന്‍ ദിവസ്’ ആയി ആചരിക്കാന്‍ ഹിന്ദു മഹാസഭ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഗോഡ്‌സെയെ പുണ്യപുരുഷനായി വാഴിക്കാനുള്ള സംഘ് പരിവാറിന്റെ ശ്രമങ്ങളുടെ ഭാഗമായാണീ നീക്കം. ഗോഡ്‌സെയുടെ പേരില്‍ ക്ഷേത്രങ്ങള്‍ സ്ഥാപിക്കുമെന്ന് ഹിന്ദു മഹാസഭ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗോഡ്‌സെയുടെ മരണദിനം ‘ബലിദാന്‍ ദിവസായി’ ആഘോഷിക്കാനുള്ള ഹിന്ദു മഹാസഭയുടെ തീരുമാനം.
ഗോഡ്‌സെയെ തൂക്കിലേറ്റിയ നവംബര്‍ 15 ന് രാജ്യത്ത് വിവിധയിടങ്ങളിലായി 120 കേന്ദ്രങ്ങളില്‍ ബലിദാന്‍ ദിവസ് ആയി ആഘോഷിക്കാന്‍ അഖില ഭാരത് ഹിന്ദു മഹാസഭ പ്രസിഡന്റ് ചന്ദ്രപ്രകാശ് കൗശിക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രചാരണ യാത്രകള്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ആരംഭിക്കാനാണ് തീരുമാനം.
പ്രചാരണത്തിന്റെ ഭാഗമായി ഗാന്ധി കൊലപാതകക്കേസിലെ മറ്റൊരു പ്രതിയും നാഥുറാം ഗോഡ്‌സെയുടെ മൂത്ത സഹോദരനുമായ ഗോപാല്‍ ഗോഡ്‌സെ എഴുതിയ ഗാന്ധിവധ് ക്യൂം (ഗാന്ധിയെ വധിച്ചതെന്തിന്) എന്ന പുസ്തകം പ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്യാനും ഹിന്ദുസഭ തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം ആഘോഷ പരിപാടികളില്‍ ഗോപാല്‍ ഗോഡ്‌സെയെ മുഖ്യാതിഥിയായി ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹിയില്‍ ഹിന്ദു മഹാസഭയുടെ ആസ്ഥാനത്തും രാജസ്ഥാനിലും മഹാരാഷ്ട്രയിലും അതിവിപുലമായി പരിപാടി നടക്കുമെന്നും ഇതിനായി ഇരുസംസ്ഥാനങ്ങളിലെയും പ്രവര്‍ത്തകര്‍ കൂടുതല്‍ താത്പര്യത്തോടെ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കൗശിക് പറഞ്ഞു. നാഥുറാംവിനായക് ഗോഡ്‌സെ മഹാത്മാഗാന്ധിയെക്കാള്‍ കൂടുതല്‍ ദേശസ്‌നേഹമുള്ള വ്യക്തിയായിരുന്നുവെന്നും രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും അങ്ങനെ തന്നെയാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബലിദാന്‍ ദിവസ് ആഘോഷത്തിലൂടെ ഗോഡ്‌സെ മഹാത്മാ ഗാന്ധിയെ എന്തിന് കൊന്നുവെന്നതിനെക്കുറിച്ച് രാജ്യത്തിലെ ജനങ്ങള്‍ക്ക് ചിന്തിക്കാനുള്ള അവസരം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവഴി ഗോഡ്‌സെയും അദ്ദേഹത്തിന്റെ ത്യാഗങ്ങളെയും ജനങ്ങള്‍ക്ക് കൂടുതല്‍ അടുത്തറിയാന്‍ കഴിയുമെന്നും കൗശിക് പറഞ്ഞു.
രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിജിയെ വെടിവെച്ച് കൊന്ന കേസില്‍ 1949 നവംബര്‍ 15 ന് അംബാല ജയിലിലാണ് ഗോഡ്‌സെയെ വധശിക്ഷക്ക് വിധേയനാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here