വോട്ടര്‍പട്ടികയില്‍ അടുത്തമാസം മുതല്‍ പേര് ചേര്‍ക്കാം

Posted on: October 17, 2015 1:06 pm | Last updated: October 17, 2015 at 1:06 pm

കാസര്‍കോട്: 2016 ലെ നിയമസഭാതെരഞ്ഞെടുപ്പിനായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അടുത്ത മാസം മുതല്‍ അവസരം ലഭിക്കും. 2016 ജനുവരി ഒന്നിന് 18 വയസു പൂര്‍ത്തിയാക്കുന്നവര്‍ക്ക് പട്ടികയില്‍ പേര് ചേര്‍ക്കാം. www.ceo.kerala. gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്യാം. വോട്ടര്‍ പട്ടികയുടെ കരട്‌ലിസ്റ്റ് നവംബര്‍ രണ്ടിന് പ്രസിദ്ധീകരിക്കും.
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന്റെ ഭാഗമായി അതാത് മണ്ഡലങ്ങളിലെ ബൂത്തുതല ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. കാസര്‍കോട് , ഉദുമ മണ്ഡലങ്ങളിലെ ബിഎല്‍ഒ മാര്‍ക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് പരിശീലനം നല്‍കിയത്.
തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ഡോ. എം സി റെജില്‍ ഉദ്ഘാടനം ചെയ്തു. മാസ്റ്റര്‍ ട്രെയിനര്‍ ബി അജിത്ത് കുമാര്‍ ക്ലാസ്സെടുത്തു.
മഞ്ചേശ്വരം മണ്ഡലത്തിലെ ക്ലാസ്സ് മഞ്ചേശ്വരം താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലും തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് മണ്ഡലങ്ങളുടെ ക്ലാസ്സ് ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലും നടന്നു.