സീറ്റ് വിഭജനത്തിന്റെ പേരില്‍ ഭിന്നത

Posted on: October 17, 2015 9:46 am | Last updated: October 17, 2015 at 9:46 am
SHARE

താമരശ്ശേരി: സീറ്റ് വിഭജനത്തിന്റെ പേരില്‍ താമരശ്ശേരി കോണ്‍ഗ്രസിലുള്ള ഭിന്നത പരിഹരിക്കാന്‍ ഡി സി സി സെക്രട്ടറിയെ വെട്ടിമാറ്റി. ചുങ്കം നാലാം വാര്‍ഡില്‍ നിന്നും നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ച നിലവിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ എ അരവിന്ദനെയാണ് ഒഴിവാക്കിയത്.
എ ഗ്രൂപ്പിലെ രണ്ടുപേരുടെ സ്ഥാനാര്‍ത്ഥിത്വത്തിന് അംഗീകാരവും നല്‍കി. സീറ്റ് വിഭജനം ഏകപക്ഷീയമാണെന്നാരോപിച്ച് ഐ ഗ്രൂപ്പ് മത്സരിക്കുന്ന അഞ്ചു വാര്‍ഡുകളിലും ഒരു ബ്ലോക്ക് ഡിവിഷനിലും എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. എ അരവിന്ദനെതിരെ നിലവില്‍ ടൗണ്‍ വാര്‍ഡ് മെമ്പറും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹിയുമായ അഡ്വ. ജോസഫ് മാത്യു, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഹാരിസ് ചുങ്കം എന്നിവരാണ് പത്രിക നല്‍കിയത്. ഡി സി സി അംഗം പി സി ഹബീബ് തമ്പി നാലാം വാര്‍ഡിലും ബ്ലോക്ക് പഞ്ചായത്ത് തച്ചംപൊയില്‍ ഡിവിഷനിലും പത്രിക സമര്‍പ്പിച്ചിരുന്നു.ഡി സി സി പ്രസിഡന്റ് കെ സി അബു, കെ പി സി സി സെക്രറട്ടറി എന്‍ സബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയായത്. ഇതനുസരിച്ച് അരവിന്ദന്‍ മത്സരത്തില്‍നിന്ന് പിന്‍മാറും. പകരം പി സി ഹബീബ് തമ്പി ജനവിധി തേടും. ബ്ലോക്ക് പഞ്ചായത്ത് തച്ചംപൊയില്‍ ഡിവിഷനില്‍ എ ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ച എ പി ഹുസ്സൈനെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാക്കും.
ടൗണ്‍ വാര്‍ഡില്‍ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് സരസ്വതിയെ പിന്‍വലിപ്പിച്ച് എ ഗ്രൂപ്പിന്റെ പി ഗീതയെ ഔഗ്യോഗിക സ്ഥാനാര്‍ത്ഥിയാക്കും. അരവിന്ദനെയും സരസ്വതിയേയും ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. ബ്ലോക്ക് പഞ്ചായത്തിലേക്ക് പത്രിക സമര്‍പ്പിച്ച പി സി ഹബീബ് തമ്പി ചുങ്കം വാര്‍ഡിലും പത്രിക സമര്‍പ്പച്ചത് ആസൂത്രിതമാണെന്നും ആരോപണമുണ്ട്.