ബേപ്പൂര്‍ തുറുമുഖത്തു നിന്ന് പാസഞ്ചര്‍ കപ്പല്‍ സര്‍വീസ് പുനരാരംഭിച്ചു

Posted on: October 17, 2015 9:46 am | Last updated: October 17, 2015 at 9:46 am
SHARE

ഫറോക്ക്: കടല്‍ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് അഞ്ചു മാസമായി മുടങ്ങിയിരുന്ന ലക്ഷ ദ്വീപുകളിലേക്കുള്ള പാസഞ്ചര്‍ കപ്പല്‍ യാത്ര പുനരാരംഭിച്ചു. മെയ് പതിനഞ്ച് മുതലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ക്യാപ്റ്റന്‍ വേണു കുമാറിന്റെ നേതൃത്വത്തില്‍ തൊഴിലാളികളുമായി എം വി മിനിക്കോയ് കപ്പല്‍ ഇന്നലെ രാവിലെ ബേപ്പൂര്‍ തുറുമുഖത്തെത്തിയത്. നിരോധന കാലത്ത് കൊച്ചി തുറുമുഖത്തായിരുന്നു കപ്പലിന്റെ വിശ്രമം. നിലവില്‍ ബേപ്പൂര്‍ കൊച്ചി തുറുമുഖങ്ങളില്‍ നിന്നും ലക്ഷ ദ്വീപുകളിലെ കവരത്തി, മിനിക്കോയ്, ആന്ദ്രോത്ത്, കല്‍പ്പെനി ദ്വീപുകളിലേക്കാണ് സര്‍വീസ് നടത്തുന്നത്.നിരോധനം നീങ്ങിയത് ലക്ഷ ദ്വീപലേക്കു മടങ്ങുന്ന ഹാജിമാര്‍ക്ക് സൗകര്യമാവും. മറ്റ് ചരക്ക് കപ്പലുകളും ബാര്‍ജുകളും സെപ്തംബര്‍ പതിനാറ് മുതല്‍ തന്നെ സര്‍വീസ് തുടങ്ങിയിരുന്നെങ്കിലും പാസഞ്ചര്‍ കപ്പലുകള്‍ സര്‍വീസ് നടത്തിയിരുന്നില്ല. ഇന്ന് രാവിലെ പതിനൊന്നിന് മിനിക്കോയ് കപ്പല്‍ ബേപ്പൂര്‍ തുറമുഖത്തുനിന്നും ലക്ഷദ്വീപിലേക്ക് യാത്രതിരിക്കും.