നാട്ടുകാരേ… നമ്മുടെ നാരായണന്‍ മാഷും…

Posted on: October 16, 2015 1:41 am | Last updated: October 15, 2015 at 9:43 pm
SHARE

Cartoon -ചെറിയ തോതിലാണ് തുടങ്ങിയത്. ആളെ കാണുമ്പോള്‍ ചിരിക്കുന്നു. ഒന്നോ രണ്ടോ പല്ല് വെൡില്‍ കാണാം. പിറ്റേന്ന് കൂടുതല്‍ പല്ല് കാണാനായി. ശരിക്കും നീണ്ട ചിരി തന്നെ. എന്നാലും എന്തൊക്കെയോ ഒളിപ്പിക്കുന്നത് പോലെ.
നാരായണന്‍ മാഷ്‌ടെ കാര്യമാണ് പറയുന്നത്. ടിയാന്‍ ചിരിച്ചുകണ്ടതായി എവിടെയും രേഖപ്പെടുത്തിയതായി അറിവില്ല. സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ആരെയെങ്കിലും കണ്ടാല്‍ ഒന്ന് നോക്കും. ചിലപ്പോള്‍ ചുണ്ടുകള്‍ വലിച്ചുനീട്ടിക്കാണിക്കും. കഷായം കുടിച്ച മട്ടാണ്. കുട്ടികള്‍ കഷായം മാഷ് എന്ന ഇരട്ടപ്പേര് നല്‍കിയിട്ടുണ്ട്.
ഇന്നലെയായപ്പോള്‍ അസുഖം വല്ലാതെ കൂടി. പത്ത് സെക്കന്‍ഡ് നീളുന്ന ചിരി. കാണുന്നവരോട് കുശലം പറയാനും തുടങ്ങി. പശുവിനെ തീറ്റിക്കുന്ന കണാരേട്ടനോട്, കറവയുണ്ടോ എന്നും ടൗണില്‍ പോയിവരികയായിരുന്ന മൂസ ഹാജിയോട് ഇപ്പോള്‍ മീനിനൊക്കെ എന്താ വില എന്നൊക്ക. സഹഅധ്യാപകരോട് ചില സംശയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാനും തുടങ്ങിയിരിക്കുന്നു. സിറിയയിലെ അഭയാര്‍ഥി പ്രശ്‌നവും ബീഫ് ഫെസ്റ്റും കരിഓയില്‍ പ്രയോഗവും മനഃപാഠമാക്കിയത് പോലെ തട്ടിവിടുന്നുണ്ട്.
ഇനി ശാശ്വതീകാനന്ദ, ദാദ്രി സംഭവം, മൂന്നാര്‍ സമരം എന്നിവയൊക്കെ വന്നേക്കാം. വല്ലാത്ത മാറ്റമാണ് ഒക്‌ടോബര്‍ തുടങ്ങിയപ്പോള്‍ വന്നിരിക്കുന്നത്. ഭാര്യയോട് ഇക്കാര്യം പറയാന്‍ സഹപ്രവര്‍ത്തകനായ പി ആറിനെ ചുമതലപ്പെടുത്തി.
പിറ്റേന്നാണ് എല്ലാവരെയും ഞെട്ടിച്ച് നാരായണന്‍ മാഷ് ലഡുവുമായി. ജോലി കിട്ടിയപ്പോള്‍ പോലും സഹയന്‍മാര്‍ക്ക് കട്ടന്‍ചായ പോലും കൊടുക്കാത്ത നാരായണന്‍ മാഷാണ് ലഡുവുമായി വന്നത്. അതിന് മുമ്പേ വിവരം അധ്യാപകര്‍ അറിഞ്ഞിരുന്നു. മാഷ് ആറാം വാര്‍ഡില്‍ മത്സരിക്കുന്നു.
എന്താക്കാനാ, പാര്‍ട്ടി ഒരു കാര്യം ഏല്‍പിച്ചാല്‍ ചെയ്യാതിരിക്കാനാകുമോ? നാരായണന്‍ മാഷ്‌ടെ ആദ്യ പ്രതികരണം.
ശരിയാണ് മുമ്പ് കുട്ടികളെ പഠിപ്പിക്കാന്‍ സര്‍ക്കാര്‍ മാഷെയാ ഏല്‍പിച്ചത്. അത് ഇനി എന്താവും? സഹയന്‍മാരുടെ ആത്മഗതം.
ജയിക്കുന്ന വാര്‍ഡാണോ മാഷ്‌ക്ക് കിട്ടിയത്? മുഹമ്മദ് മാഷ് ചോദിച്ചു.
ആറാം വാര്‍ഡില്‍ എത്ര രക്ഷിതാക്കളുണ്ടെന്ന കണക്കെടുത്താല്‍ മതി, ജയിക്കുമോ, തോല്‍ക്കുമോ എന്ന് അപ്പോളറിയാം. ആനന്ദന്‍ മാഷ് പറഞ്ഞു.
പത്രിക കൊടുത്തുകഴിഞ്ഞാല്‍ പ്രചാരണത്തിന്റെ ചൂടും ചൂരും വരും. സാമൂഹിക മാധ്യമങ്ങളെ ശ്രദ്ധിക്കണേ മാഷേ, വോട്ട് കിട്ടുന്നത് ഏത് വഴിയാണെന്ന് അറിയാന്‍ പറ്റില്ല. തഞ്ചം കിട്ടിയാല്‍ ക്ലാസിലും മൊബൈല്‍ കുത്തിക്കളിക്കുന്ന ലളിതകുമാരി മൊഴിഞ്ഞു.
പാര്‍ട്ടി അതൊക്കെ പറഞ്ഞിട്ടുണ്ട്. ഫെയ്‌സ് ബുക്ക്, വാട്‌സ് ആപ് അക്കൗണ്ട് തുറക്കണമെന്നാണ് നിര്‍ദേശം. നാരായണന്‍ മാഷ് വിശദീകരിച്ചു.
ഇതിന്റെ ഉദ്ഘാടനവും നടത്താവുന്നതാണ്. ആനന്ദന്‍ മാഷ് ചിരിയോടെ പറഞ്ഞു.
പിറ്റേന്ന് രണ്ട് വാട്‌സ് ആപ് തമാശ ഗൗരവാനന്ദന്റെ മൊബൈലില്‍:
അറിയിപ്പ്
അങ്ങാടിക്കുനി എല്‍ പി സ്‌കൂളില്‍ നവംബര്‍ ഏഴ് വരെ നാലാം ക്ലാസില്‍ ഭാഗികമായും ചില ദിവസങ്ങളില്‍ പൂര്‍ണമായും അധ്യയനം മുടങ്ങാനിടയുണ്ട്. രക്ഷിതാക്കളും കുട്ടികളും ജാഗ്രതൈ!
കാണാനില്ല
എന്റെ ഭാര്യയും പത്താം വാര്‍ഡ് സ്ഥാനാര്‍ഥിയുമായ കോമളിവല്ലിയെ ഞാന്‍ കണ്ടിട്ട് ആഴ്ചയൊന്നായി. വെളുക്കെ ചിരിക്കുകയും ഇടക്കിടെ കൈപൊക്കുകയും ചെയ്യുന്ന സ്വഭാവമുണ്ട്. കാണാതാകുമ്പോള്‍ കൈയില്‍ പ്രകടന പത്രികയുടെ കോപ്പിയുണ്ടായിരുന്നു. കണ്ടുകിട്ടുന്നവര്‍ അടുത്ത പാര്‍ട്ടി ഓഫിസില്‍ വിവരമറിയിക്കണം.