Connect with us

Kerala

ചെരുപ്പഴിപ്പിച്ച സംഭവം: വിശദീകരണവുമായി സ്പീക്കര്‍

Published

|

Last Updated

തിരുവനന്തപുരം: ഡ്രൈവറെ കൊണ്ട് ചെരുപ്പഴിച്ചത് വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി സ്പീക്കര്‍ എന്‍ ശക്തന്‍ രംഗത്തെത്തി. കണ്ണിന് അപൂര്‍വ രോഗമുള്ളതിനാല്‍ അതറിയാവുന്ന തന്റെ ബന്ധുകൂടിയായ െ്രെഡവര്‍ ബിജു തനിക്ക് ചെരുപ്പഴിച്ച് തരികയായിരുന്നുവെന്ന് നിയമസഭാ സ്പീക്കര്‍ എന്‍ ശക്തന്‍. ചെരുപ്പഴിക്കാന്‍ താന്‍ ആവശ്യപ്പെട്ടതല്ല. തന്റെ എല്ലാ യാത്രകളിലും പരിപാടികളിലും വീട്ടിലും വ്യക്തിപരമായ പരിചരണം നല്‍കുന്നയാളാണ് ബിജുവെന്നും തന്റെ രോഗവിവരം കഴിഞ്ഞ 18 വര്‍ഷമായി നിയമസഭയില്‍ സ്പീക്കറായി ഇരിന്നിട്ടുള്ളവര്‍ക്കെല്ലാം അറിയാമെന്നും ശക്തന്‍ വ്യക്തമാക്കി.
ബുധനാഴ്ച ഉച്ചക്ക് നിയമസഭാ വളപ്പിലെ നെല്‍കൃഷിയുടെ വിളവെടുപ്പ് വേളയിലായിരുന്നു സംഭവം. വിളവെടുപ്പിന്റെ ഉദ്ഘാടനം സ്പീക്കര്‍ എന്‍ ശക്തനും കൃഷിമന്ത്രി കെ പി മോഹനനും ചേര്‍ന്നായിരുന്നു നിര്‍വഹിച്ചത്. നെല്‍കൊയ്ത ശേഷം കാലുകൊണ്ട് നെല്ല് ചവിട്ടിമെതിക്കുന്ന സമയത്താണ് സ്പീക്കര്‍ ചെരുപ്പ് ഡ്രൈറെ കൊണ്ട് അഴിപ്പിച്ചത്.
സംഭവം വിവാദമായതോടെ ഇന്നലെ ചികിത്സയുടെ മുഴുവന്‍ രേഖകളും അദ്ദേഹം മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വാര്‍ത്താസമ്മേളനത്തില്‍ നിരത്തി. 19 വര്‍ഷമായി താന്‍ അപൂര്‍വമായ കണ്ണ് രോഗത്തിന് ചികിത്സയിലാണ്. ഒരുലക്ഷത്തിലൊരാള്‍ക്ക് വരാവുന്ന രോഗമാണിത്. കണ്ണിലെ ഞരമ്പ് പൊട്ടി കണ്ണിനകത്ത് നിന്ന് രക്തം വരുന്നതായിരുന്നു തുടക്കം. തുടര്‍ന്ന് ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടു. പിന്നീട് അടുത്ത കണ്ണിന്റെ കാഴ്ച ഭാഗികമായി കുറയുകയും ചെയ്തു. ഏറെക്കാലമായി താന്‍ ഈ രോഗത്തിന്റെ ചികിത്സയിലാണ്. രോഗം ഗുരുതരമാകാതിരിക്കാന്‍ ഡോക്ടര്‍മാര്‍ മൂന്ന് നിര്‍ദേശങ്ങളാണ് നല്‍കിയത്. ഒരു കാരണവശാലും കുനിയരുത് എന്നതാണ് അതിലൊന്ന്. ഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്തരുതെന്നും കണ്ണില്‍ അധികം ചൂടടിക്കരുതെന്നുമാണ് മറ്റ് നിര്‍ദേശങ്ങള്‍. ഇത് കൃത്യമായി പാലിക്കാതിരിക്കുന്ന ഘട്ടങ്ങളിലെല്ലാം രോഗം മൂര്‍ച്ഛിക്കുന്നതാണ് അനുഭവമെന്നും അത് ഒഴിവാക്കാനായി നിര്‍ദേശം പാലിക്കാന്‍ ശ്രമിക്കാറുണ്ടെന്നും സ്പീക്കര്‍ വ്യക്തമാക്കി.
ചെരുപ്പ് അഴിച്ചുവെക്കേണ്ട സ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ കെട്ടില്ലാത്ത ചെരുപ്പ് ഉപയോഗിക്കുകയാണ് പതിവ്. എന്നാല്‍ അത്തരം ചെരുപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ നടക്കാന്‍ ചെറിയ ബുദ്ധിമുട്ടുണ്ട്. കഴിഞ്ഞ ദിവസം നിയമസഭയില്‍ നെല്‍ക്കൊയ്ത്ത് നടക്കുന്ന വേളയില്‍ ചെരുപ്പ് അഴിച്ചുവെക്കേണ്ടി വരുമെന്ന് കരുതിയില്ല. അതിനാല്‍ കെട്ടുള്ള ചെരുപ്പാണ് ഉപയോഗിച്ചത്. കൊയ്ത്ത് കഴിഞ്ഞ് നെല്ല് മെതിക്കാന്‍ വിളിച്ചപ്പോഴാണ് ഇക്കാര്യം ഓര്‍ത്തത്. ചെരുപ്പിട്ട് നെല്ല് മെതിക്കുന്നത് ശരിയല്ലെന്ന് തോന്നിയത് കൊണ്ടാകും ബിജു തന്റെ ചെരുപ്പ് താനാവശ്യപ്പെടാതെ തന്നെ അഴിച്ചുതന്ന് സഹായിച്ചത്. ഈ നിസാര സംഭവം മാധ്യമങ്ങള്‍ പൊതുജനമധ്യത്തില്‍ വലിയൊരു വിഷയമാക്കിയത് ഖേദകരമാണെന്നും സ്പീക്കര്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest