സാമ്പത്തികശാസ്ത്ര നോബല്‍ ആംഗസ് ഡീറ്റണിന്

Posted on: October 12, 2015 7:24 pm | Last updated: October 12, 2015 at 11:29 pm
SHARE

economics nobelസ്റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ അമേരിക്കന്‍ ശാസ്ത്രജ്ഞനായ ആംഗസ് ഡീറ്റണ്. ഉപഭോഗം, ദാരിദ്ര്യം, ക്ഷേമം എന്നിവ സംബന്ധിച്ച അദ്ദേഹത്തിന്റെ വിശകലനങ്ങള്‍ക്കാണ് നൊബേല്‍. വ്യക്തിപരമായ ഉപഭോഗ തീരുമാനങ്ങളും മൊത്തം ഫലങ്ങളും ബന്ധപ്പെടുത്തുക വഴി സൂക്ഷ്മ, സ്ഥൂല സാമ്പത്തിക ശാസ്ത്രങ്ങളെയും വികസന സാമ്പത്തിക വിശകലനങ്ങളെയും പുതിയൊരു കാഴ്ചപ്പാടോടെ അവതരിപ്പിക്കാന്‍ സഹായിക്കുന്ന ഗവേഷണമാണ് ആംഗസ് നടത്തിയതെന്ന് പുരസ്‌കാര സമിതി വിലയിരുത്തി. സര്‍ക്കാറുകള്‍ പൊതുച്ചെലവ് വെട്ടിക്കുറക്കുന്നത് എങ്ങനെയാണ് വ്യക്തികളുടെ ഉപഭോഗത്തെ ബാധിക്കുന്നതെന്ന് പ്രിന്‍സ്റ്റണ്‍ സര്‍വകാലാശാലയിലെ പ്രൊഫസറായ ആംഗസ് പഠനവിധേയമാക്കുന്നു.
വിവിധ വസ്തുക്കള്‍ക്കിടയില്‍ ഉപഭോക്താക്കള്‍ എങ്ങനെയാണ് അവരുടെ ചെലവ് ക്രമീകരിക്കുന്നത്? എത്രയാണ് സമൂഹം ചെലവഴിക്കുന്നത്, എത്ര സമ്പാദിക്കുന്നു? ക്ഷേമവും ദാരിദ്ര്യവും വിശകലനം ചെയ്യാനുള്ള മാനദണ്ഡം എന്താണ്? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാനാണ് ബ്രിട്ടീഷ്, അമേരിക്കന്‍ പൗരത്വമുള്ള ആംഗസ് ഡീറ്റണ്‍ ശ്രമിക്കുന്നത്.
സാമ്പത്തിക ശാസ്ത്ര നൊബേല്‍ ഔദ്യോഗികമായി അറിയപ്പെടുന്നത് ബേങ്ക് ഓഫ് സ്വീഡന്‍ പുരസ്‌കാരം എന്നാണ്. ആല്‍ഫ്രഡ് നൊബേലിന്റെ ഓര്‍മക്കായുള്ള ഈ പുരസ്‌കാരം മറ്റ് നൊബേല്‍ സമ്മാനങ്ങളെപ്പോലെ ആല്‍ഫ്രഡ് നൊബേല്‍ നേരിട്ട് രൂപം നല്‍കിയതല്ല. സ്വീഡന്‍ സെന്‍ട്രല്‍ ബേങ്ക് 1968 മുതല്‍ ഈ പുരസ്‌കാരം നല്‍കി വരികയാണ്.