എമിറേറ്റ്‌സ് ഹില്‍സില്‍ വന്‍ തുകയുടെ വില്ല ഇടപാടുകള്‍ നടന്നു

Posted on: October 8, 2015 8:29 pm | Last updated: October 8, 2015 at 8:29 pm
SHARE

ദുബൈ: വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ വന്‍ തുകയുടെ വില്ല ഇടപാട് എമിറേറ്റ്‌സ് ഹില്‍സില്‍ നടന്നതായി അധികൃതര്‍ വ്യക്തമാക്കി. ഇവയില്‍ ഏറ്റവും ഉയര്‍ന്ന തുകക്കുള്ള ഇടപാട് നടന്നത് 9.3 കോടി ദിര്‍ഹത്തിനാണ്. ചതുരശ്രമീറ്ററിന് 2,279 ദിര്‍ഹം വിലക്കാണ് വില്‍പന നടന്നതെന്ന് ഓണ്‍ലൈന്‍ സൈറ്റായ റെഡിഫ് ഡോട്ട് കോം വെളിപ്പെടുത്തി. ജൂലൈ 21നാണ് ദുബൈ ലാന്റ് ഡിപാര്‍ട്ട്‌മെന്റില്‍ വസ്തു രജിസ്റ്റര്‍ ചെയ്തത്. ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലഘട്ടത്തിലെ കണക്കനുസരിച്ചാണിത്.
വര്‍ഷത്തിന്റെ രണ്ടാം പാദമായ ഏപ്രീല്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലഘട്ടത്തില്‍ എമിറേറ്റ്‌സ് ഹില്‍സില്‍ നടന്ന ഏറ്റവും വലിയ വസ്തു ഇടപാട് ആറു കോടിയുടേതായിരുന്നു. മൂന്നാം പാദത്തിലെ എമിറേറ്റ്‌സ് ഹില്‍സിലെ ഏറ്റവും കൂടിയ മറ്റ് ഇടപാടുകളുടെ മൊത്തം തുക 31.97 കോടി ദിര്‍ഹമാണ്. അതേസമയം പാം ജുമൈറയില്‍ 3.6 കോടി വീതമുള്ള രണ്ട് വസ്തു ഇടപാടുകളും നടന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോകത്തിന്റെ പല ഭാഗത്തും വന്‍കിട വസ്തു ഇടപാടുകള്‍ ഏറെക്കുറെ കുറഞ്ഞിരിക്കേയാണ് ദുബൈയില്‍ താമസ കേന്ദ്രങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നത്.