കൂടുതല്‍ സാഹിത്യകാരന്മാര്‍ അവാര്‍ഡുകള്‍ തിരിച്ചുനല്‍കുന്നു

Posted on: October 8, 2015 9:05 am | Last updated: October 8, 2015 at 10:09 am
SHARE

07vajpeyiന്യൂഡല്‍ഹി: ഹൈന്ദവ വര്‍ഗീയതക്കെതിരെ പ്രതികരിക്കുന്നവര്‍ തുടര്‍ച്ചയായി കൊല്ലപ്പെടുമ്പോഴും കേന്ദ്ര സര്‍ക്കാറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൗനം പാലിക്കുന്നതില്‍ പ്രതിഷേധിച്ച് കൂടുതല്‍ സാഹിത്യകാരന്മാര്‍ രംഗത്ത്. എഴുത്തുകാരി നയന്‍താര സെഹ്ഗാള്‍ സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കിയതിനു പിന്നാലെ കവി അശോക് വാജ്പയിയും തനിക്ക് ലഭിച്ച പുരസ്‌കാരം സര്‍ക്കാറിന് മടക്കിനല്‍കി. സാഹിത്യകാരന്മാര്‍ക്ക് നിലപാട് വ്യക്തമാക്കാനുള്ള ഏറ്റവും ഉചിതമായ സമയമാണിതെന്ന് വാജ്പയി പറഞ്ഞു. ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാന്‍ കൂടിയാണ് വാജ്പയി.
രാജ്യത്ത് നിരപരാധികളും യുക്തിചിന്തകരും കൊല്ലപ്പെടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്നും വാജ്‌പേയി പറഞ്ഞു. ജനലക്ഷങ്ങളോട് പ്രസംഗിക്കുമ്പോള്‍ അദ്ദേഹം വാചാലനാകും. എന്നാല്‍, ഇപ്പോള്‍ അദ്ദേഹം മൗനത്തിലാണ്. മന്ത്രിമാര്‍ ആക്ഷേപകരമായ പ്രസ്താവനകള്‍ നടത്തുന്നു. എന്തുകൊണ്ട് അവരെ നിലക്കുനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിയുന്നില്ല- വാജ്പയി ചോദിച്ചു.
കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തിന് പോറലേല്‍പ്പിച്ചുവെന്ന് കുറ്റപ്പെടുത്തിയും നരേന്ദ്ര മോദിയുടെ നിശ്ശബ്ദതയില്‍ പ്രതിഷേധിച്ചുമാണ് നയന്‍താര സെഹ്ഗാള്‍ ഇന്നലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കിയത്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അനന്തരവള്‍ കൂടിയാണ് 88കാരിയായ സെഹ്ഗാള്‍. കന്നഡ സാഹിത്യകാരന്‍ കല്‍ബുര്‍ഗി വധത്തില്‍ പ്രതിഷേധിച്ച് ഹിന്ദി സാഹിത്യകാരന്‍ ഉദയ്പ്രകാശും അതിന് മുമ്പ് അക്കാദമി പുരസ്‌കാരം തിരികെ നല്‍കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ, ഫാസിസ്റ്റ് പ്രവണതകളില്‍ പ്രതിഷേധിച്ച് സമീപകാലത്ത് അക്കാദമി പുരസ്‌കാരം തിരിച്ചേല്‍പ്പിക്കുന്നവരുടെ എണ്ണം മൂന്നായി.