ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ 64 രാജ്യങ്ങള്‍; 1,502 പ്രസാധകര്‍, 15 ലക്ഷം കൃതികള്‍

Posted on: October 7, 2015 6:00 pm | Last updated: October 7, 2015 at 6:41 pm
SHARE

ഷാര്‍ജ: നവംബര്‍ നാലു മുതല്‍ 14 വരെ നടക്കുന്ന ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ 64 രാജ്യങ്ങളില്‍ നിന്ന് 1,502 പ്രസാധകര്‍ പങ്കെടുക്കുമെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹ്മദ് ബിന്‍ റക്കദ് അല്‍ അമീരി അറിയിച്ചു.
ഷാര്‍ജയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 15 ലക്ഷത്തോളം കൃതികളാണ് 34-ാമത് പുസ്തകമേളക്കെത്തുന്നത്. പ്രസാധകരുടെ പങ്കാളിത്തത്തില്‍ ഇംഗ്ലണ്ടിനാണ് ഒന്നാം സ്ഥാനം, 111 പ്രസാധകര്‍ അവിടെ നിന്നുണ്ട്. രണ്ടാം സ്ഥാനം ഇന്ത്യക്കാണ്. 110 പ്രസാധകര്‍ എത്തും.
ഹോളണ്ട്, പെറു, ഘാന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ആദ്യമായി പങ്കാളിത്തമുണ്ട്. 210 ഭാഷകളില്‍ നിന്നുള്ള പുസ്തകങ്ങള്‍ എത്തും. അറബ് മേഖലയില്‍ നിന്ന് 890 പ്രസാധകരാണെത്തുന്നത്. മറ്റു വിദേശരാജ്യങ്ങളില്‍ നിന്ന് 433 പ്രസാധകര്‍. പുസ്തകമേളയുടെ ഭാഗമായി നടക്കുന്ന, അമേരിക്കന്‍ ലൈബ്രറി അസോസിയേഷനുമായി സഹകരിച്ചുള്ള സംയുക്ത ലൈബ്രറി സമ്മേളനത്തില്‍ 13 പ്രദര്‍ശകര്‍ എത്തും.
ഇത്തവണ 900 പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശബ്ദം എന്ന പേരില്‍ അഞ്ച് രാജ്യാന്തര കവികള്‍ പങ്കെടുക്കുന്ന പരിപാടി ഇതിലുള്‍പെടും. നിരവധി സെമിനാറുകളും ശില്‍പശാലകളും പ്രത്യേകമായി നടക്കുന്നുണ്ട്. വാണിജ്യത്തില്‍ നിന്ന് നോവല്‍ എഴുത്തിലേക്ക് എന്ന പേരില്‍ പ്രത്യേക പരിപാടിയുണ്ട്. 11 ദിവസം കള്‍ചറല്‍ കഫേയില്‍ 33 സെമിനാറുകളാണ് നടക്കുന്നത്. നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. മാധ്യമ പ്രവര്‍ത്തനം, വിവര്‍ത്തനം, ചരിത്രം തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടുക. 50 സ്വദേശികളും അറബ് പ്രമുഖരും പങ്കെടുക്കും. കുട്ടികള്‍ക്ക് വേണ്ടി നിരവധി പ്രത്യേക പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. പ്രമുഖ ഈജിപ്ഷ്യന്‍ നടനായ മുഹമ്മ് സോപി, രാഷ്ട്രീയ നിരീക്ഷനായ ഡോ.മുസ്തഫ അല്‍ ഫിക്കി, ടുണീഷ്യന്‍ എഴുത്തുകാരനും പണ്ഡിതനുമായ ഡോ. ശുക്‌രി അല്‍ മബ്കൂത്ത് എന്നിവര്‍ അതിഥികളില്‍ പെടുന്നു. ഡോ. ശുക്‌രി അല്‍ മക്ബൂത്തിന് 2015ല്‍ ബുക്കര്‍ സമ്മാനം ലഭിച്ചിട്ടുണ്ട്. നൈജീരിയന്‍ എഴുത്തുകാരനും ബുക്കര്‍ പുരസ്‌കാര ജേതാവുമായ ബെന്‍ ഓക്‌റി, ബ്രിട്ടീഷ് എഴുത്തുകാരന്‍ ജോണ്‍ മെക്കാര്‍ത്തി, ജാപ്പനീസ് നോവലിസ്റ്റ് ഷോജോ ഒകിതാനി തുടങ്ങിയവര്‍ വരുന്നു.
കഴിഞ്ഞ വര്‍ഷം 14.7 ലക്ഷം സന്ദര്‍ശകരാണ് പുസ്തകമേളക്കെത്തിയത്. ഇത്തവണ 20 ശതമാനം വര്‍ധന പ്രതീക്ഷിക്കുന്നതായും അമീരി പറഞ്ഞു.