ബി ജെ പി കേരള ഘടകത്തിന് അതൃപ്തി

Posted on: October 3, 2015 6:00 am | Last updated: October 3, 2015 at 1:13 am
SHARE

തിരുവനന്തപുരം; എസ് എന്‍ ഡി പിയുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കാനുള്ള ചര്‍ച്ചയില്‍ നിന്ന് അകറ്റി നിര്‍ത്തിയ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടില്‍ ബി ജെ പി സംസ്ഥാന ഘടകത്തിന് അതൃപ്തി. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തോട് സംസ്ഥാന ഘടകത്തിന് എതിര്‍പ്പില്ലെങ്കിലും എസ് എന്‍ ഡി പി- ബി ജെ പി കൂട്ടുകെട്ടില്‍ എസ് എന്‍ ഡി പിക്ക് പാര്‍ട്ടിയേക്കാള്‍ പ്രാധാന്യം നല്‍കുന്നതിലാണ് സംസ്ഥാന ഘടകം അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്. പുറമേ, കേരളത്തില്‍ മൂന്നാം മുന്നണിയുടെ സാധ്യതകള്‍ തുറക്കുന്ന കൂടിക്കാഴ്ച എന്ന് വെള്ളാപ്പള്ളി തന്നെ വിശേഷിപ്പിച്ച യോഗത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയതിനെതിരെയാണ് സംസ്ഥാന ഘടകം പ്രതിഷേധം അറിയിച്ചിരിക്കുന്നത്.
അതൃപ്തി കേന്ദ്രത്തെ അറിയിക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന നേതൃത്വം. ഇതിന്റെ ഭാഗമായി ആര്‍ എസ് എസ്- ബി ജെ പി കോ- ഓര്‍ഡിനേഷന്‍ സമിതി നേതാക്കളെ കണ്ട് പ്രശ്‌നമുന്നയിക്കാനാണ് തീരുമാനം. ബി ജെ പി- എസ് എന്‍ ഡി പി സഖ്യത്തെ വെള്ളാപ്പള്ളി നടേശന്‍ നയിക്കണമെന്ന നിര്‍ദേശത്തോടാണ് സംസ്ഥാന നേതൃത്വം എതിര്‍പ്പ് പ്രകടപ്പിച്ചിരിക്കുന്നത്.
സഖ്യം യാഥാര്‍ഥ്യമായി തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മികച്ച വിജയമുണ്ടായാല്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തെ തള്ളാന്‍ ബി ജെ പി സംസ്ഥാന നേതാക്കള്‍ക്ക് കഴിയില്ല. ഇത് ഇടതു വലതു മുന്നണികള്‍ക്കെതിരെ സംസ്ഥാന ഘടകം നടത്തിയ പ്രവര്‍ത്തനങ്ങളുടെ ക്രെഡിറ്റ് ഒടുവില്‍ വെള്ളാപ്പള്ളിയും കൂട്ടരും തട്ടിയെടുക്കുമെന്നാണ് നേതൃത്വം ആശങ്കപ്പെടുന്നത്. വെള്ളാപ്പള്ളിയുടെ നേതൃത്വമില്ലാതെ തന്നെ വലിയ വിഭാഗം ഈഴവ വോട്ടുകള്‍ ഉറപ്പാക്കാന്‍ കഴിയുമെന്നും ഈ നേതാക്കള്‍ വാദിക്കുന്നു.
എന്നാല്‍ എസ് എന്‍ ഡി പി യോഗം രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ചാല്‍ അതിനെ പൂര്‍ണമായി പിന്തുണക്കണം. അതല്ല തീരുമാനമെങ്കില്‍ യോഗം നേതാക്കളെ തിരഞ്ഞെടുപ്പില്‍ പിന്തുണക്കണം. ബി ജെ പി കേന്ദ്രനേതൃത്വത്തിന്റെ ഈ രണ്ട് നിര്‍ദേശങ്ങളെയും സംസ്ഥാനനേതൃത്വം എതിര്‍ക്കുന്നില്ല. എന്നാല്‍, ബി ജെ പി- എസ് എന്‍ ഡിപി സഖ്യത്തിന് വെള്ളാപ്പളി നടേശന്‍ നേതൃത്വം നല്‍കണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തെ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനും പി കെ കൃഷ്ണദാസ് പക്ഷവും ഒരുപോലെ എതിര്‍ക്കുന്നുണ്ട്. അതേസമയം, സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് കേന്ദ്ര നേതൃത്വം സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കരുതെന്ന കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശ മുള്ളതിനാലാണ് സംസ്ഥാന ഘടകം പ്രതിഷേധം പരസ്യമായി പ്രകടിപ്പിക്കാത്തത്. വെള്ളാപ്പള്ളിയുടെ നേതൃത്വത്തിനെതിരെ ഭിന്നസ്വരമുയര്‍ത്തരുതെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിര്‍ദേശിച്ച സാഹചര്യത്തില്‍ അതൃപ്തി ആര്‍ എസ് എസ് നേതാക്കള്‍ വഴി കേന്ദ്രനേതൃത്വത്തെ അറിയിക്കാനാണ് ശ്രമം. തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മുപ്പത് ശതമാനത്തിലധികം സീറ്റുകള്‍ എസ് എന്‍ ഡി പി യോഗം പറയുന്ന സ്ഥാനാര്‍ഥികള്‍ക്ക് നല്‍കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.
എസ് എന്‍ ഡി പിയുടെ ബി ജെ പിയുമായി നേരിട്ടുള്ള സഖ്യത്തെ അണികള്‍ പൂര്‍ണമായി അംഗീകരിക്കാനിടയില്ലെന്ന് വ്യക്തമായതോടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര പരീക്ഷണത്തിനാണ് എസ് എന്‍ ഡി പി മുതിരുന്നത്. ഇതുപ്രകാരം ഈഴവര്‍ക്ക് ഇരുമുന്നണികളും സീറ്റ് നല്‍കിയാല്‍ അതത് സീറ്റില്‍ മത്സരിപ്പിക്കുകയും, ഒരു പാര്‍ട്ടിയിലുമില്ലാത്തവരെ ബി ജെ പി സഹായത്തോടെ സ്വതന്ത്രരാക്കി തിരഞ്ഞെടുപ്പ് ഗോദയിലിറക്കാനുമാണ് നിലവില്‍ എസ് എന്‍ ഡി പി തീരുമാനിച്ചിരിക്കുന്നത്. ഇതിനാല്‍ എസ് എന്‍ ഡി പിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥികളെ പിന്തുണക്കാനാണ് ബി ജെ പിയുടെ തീരുമാനം. ഈ പരീക്ഷണത്തിന്റെ വിജയത്തിനനുസരിച്ചായിരിക്കും പാര്‍ട്ടി രൂപവത്കരിക്കുന്നതുള്‍പ്പെടെയുള്ള ഭാവികാര്യങ്ങളില്‍ എസ് എന്‍ ഡി പി അന്തിമ തീരുമാനമെടുക്കുക.