Connect with us

International

ചൈനയില്‍ മുസ്‌ലിം പേരുകള്‍ക്ക് വിലക്ക്; നിലവില്‍ പേരുള്ളവരും മാറ്റണം

Published

|

Last Updated

ബീജിംഗ്: മുസ്‌ലിം പേരുകള്‍ക്ക് ചിലതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ വിജ്ഞാപനം ചൈനീസ് അതോറിറ്റി പുറത്തിറക്കി. ശന്‍ഗിയാംഗ് ജില്ലയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഹോട്ടനിലാണ് അധികൃതര്‍ പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.

വിലക്കേര്‍പ്പെടുത്തിയ പേരുകളുള്ളവര്‍ എത്രയും പെട്ടെന്ന് അവ മാറ്റി അധികൃതര്‍ അനുവദിച്ച പേരുകള്‍ സ്വീകരിക്കണമെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങളിലെത്തി പേരുമാറ്റത്തിന്റെ രേഖകള്‍ ശരിപ്പെടുത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. അതിന് തയ്യാറാകാത്തവര്‍ക്കെതിരെ നിയമനടപടി കൈകൊള്ളുമെന്നും അവരുടെ മക്കള്‍ക്ക് സര്‍ക്കാര്‍ വിദ്യാലയങ്ങളിലോ സ്‌പോര്‍ട്‌സ് കേന്ദ്രങ്ങളിലോ പ്രവേശനം നല്‍കുകയില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതിയതായി ജനിക്കുന്ന കുട്ടികള്‍ക്ക് നിരോധിത പേരുകളിടരുതെന്നും അറിയിപ്പിലുണ്ട്.

വിലക്കേര്‍പ്പെടുത്തിയ പുരുഷനാമങ്ങളില്‍ ബിന്‍ലാദന്‍, സദ്ദാം ഹുസൈന്‍, അസദുള്ളാ, അബ്ദുല്‍ അസീസ്, അറഫാത്, മുജാഹിദ്, സൈഫുള്ളാ, ശംസുദ്ദീന്‍ തുടങ്ങിയവ ഉള്‍പെടും. വിലക്കപെട്ട സ്ത്രീനാമങ്ങളില്‍ ആമിന, മുസ്‌ലിമ, ആഇശ, ഫാത്വിമ, ഖദീജ, മുഅ്‌നിസ, മുഖ്‌ലിസ തുടങ്ങിയവയാണ് ഉള്‍പ്പെടുക. ചൈനയില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള സോഷ്യല്‍ മീഡിയകള്‍ വഴിയാണ് നാമനിരോധനവുമായി ബന്ധപ്പെട്ട വിജ്ഞാപനം അധികൃതര്‍ പുറത്തുവിട്ടത്. അധികൃതരുടെ നീക്കം അതിരുകടക്കലാണെന്നും ഇത്തരം നീക്കങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഏത് പേര് സ്വീകരിക്കണമെന്നത് വ്യക്തിസ്വാതന്ത്ര്യമാണെന്നും അതില്‍ കൈകടത്തുന്നതിനെതിരെ പ്രതിഷേധിക്കുമെന്നും പ്രദേശത്തെ മുസ്‌ലിംകള്‍ പറഞ്ഞു.