ബി ജെ പിക്ക് മറുപടിയുമായി യു എസില്‍ നിന്ന് രാഹുലിന്റെ ട്വീറ്റ്

Posted on: September 28, 2015 3:57 pm | Last updated: September 30, 2015 at 12:55 pm

Rahul Gandhi

ന്യൂഡല്‍ഹി: ബീഹാര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടിയില്‍ നിന്ന് നിര്‍ബന്ധ അവധി നല്‍കിയെന്ന ബി ജെ പി പ്രചാരണത്തിന് മറുപടിയുമായി രാഹുല്‍ രംഗത്തെത്തി. യു എസില്‍ നടക്കുന്ന ആസ്‌പെന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോളറാഡോയിലെ സമ്മേളനത്തില്‍ പങ്കെടുക്കുന്ന പടം ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് രാഹുലിന്റെ മറുപടി.

സമൂഹത്തിന്റെ നാനാതലങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന ആസ്‌പെന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് രാഹുല്‍ പോയതെന്ന് കോണ്‍ഗ്രസ് വിശദീകരിച്ചിരുന്നു. എന്നാല്‍ രാഹുലിനെ രൂക്ഷമായി വിമര്‍ശിച്ച ബി ജെ പി, ബീഹാര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് അകറ്റി നിര്‍ത്താനായി രാഹുലിന് നിര്‍ബന്ധിത അവധി നല്‍കിയെന്ന് പ്രചരിപ്പിക്കുകയായിരുന്നു. ഇതുസംബന്ധിച്ച വാക് പോരിനിടയിലാണ് രാഹുല്‍ ആസ്‌പെന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന ചിത്രം ട്വീറ്ററില്‍ പോസ്റ്റ് ചെയ്തത്.

ആഗോള സാമ്പത്തിക വ്യവസ്ഥിതിയെക്കുറിച്ച് നല്ല ചര്‍ച്ചകളാണ് ആസ്‌പെണ്‍ കോണ്‍ഫറന്‍സില്‍ നടക്കുന്നതെന്ന് ഫോട്ടോയോടൊപ്പം നല്‍കിയ ട്വീറ്റില്‍ രാഹുല്‍ വ്യക്തമാക്കി. രാഹുല്‍ പടം പോസ്റ്റ് ചെയ്തതിന് പിന്നാലെ രാഹുലിനൊപ്പം കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന ചിത്രം മുന്‍ കേന്ദ്ര മന്ത്രി മുരളി ദിയോറയും ട്വീറ്റ് ചെയ്തിട്ടുണ്ട്.