മിനാ അപകടം: നിരവധി പൗരന്‍മാരെ കുറിച്ച് വിവരമില്ലെന്ന് ബ്രിട്ടനും ഇറാനും

Posted on: September 27, 2015 12:00 am | Last updated: September 27, 2015 at 12:01 am

റിയാദ്/ടെഹ്‌റാന്‍: മക്കയില്‍ തീര്‍ഥാടനത്തിനെത്തിയ 120ഓളം വരുന്ന ബ്രിട്ടീഷുകാരെ കുറിച്ചും 340 ഇറാന്‍കാരെ കുറിച്ചും വിവരമില്ലെന്ന് റിപ്പോര്‍ട്ട്. മിനായിലെ തിക്കിലും തിരക്കിലും പെട്ട് 700ലധികം പേര്‍ മരിച്ച സംഭവത്തിന് ശേഷം ഇവര്‍ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിവരം. കാര്‍ഡിഫ്, ന്യൂപോര്‍ട്ട്, സ്വാന്‍സീ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് ഗ്രൂപ്പുകളിലെ 120 ഓളം വരുന്ന തീര്‍ഥാടകരെ കുറിച്ച് വിവരമില്ലെന്ന് വെയില്‍സിലെ മുസ്‌ലിം കൗണ്‍സില്‍ അറിയിച്ചു. ഇവരുടെ ഫോണ്‍ കണക്ട് ചെയ്യുന്നില്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. എന്നാല്‍ മറ്റുള്ളവര്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് കുടുംബാംഗങ്ങളെ വിളിച്ചറിയിക്കുകയും ചെയ്തു. മരിച്ച 769 പേരിലോ പരുക്കേറ്റ 863 പേരിലോ ബ്രിട്ടീഷുകാരാരും ഉള്ളതായി സ്ഥിരീകരണമില്ലെന്ന് ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസ്(എഫ് സി ഒ) അറിയിച്ചു. ഇവരെ കുറിച്ച് ആശുപത്രികള്‍, ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും എഫ് സി ഒ വ്യക്തമാക്കി.
തന്റെ കൂട്ടുകാരില്‍ നിരവധി പേരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും അവരെല്ലാം സുരക്ഷിതരായിരിക്കുമെന്ന ശുഭാപ്തിയിലാണ് തങ്ങളെന്നും ഓക്‌സ്‌ഫോര്‍ഡ് ഇസ്‌ലാമിക് ഇന്‍ഫര്‍മേഷനിലെ ഡയറക്ടറും ഇമാമുമായ ഡോ. ഹുജ്ജത്ത് റംസി പറഞ്ഞു. 1426 പേരുടെ മരണത്തിനിടയാക്കിയ 1990 ലെ മക്ക ടണല്‍ ദുരന്തത്തില്‍ രക്ഷപ്പെട്ട വ്യക്തിയാണ് ഡോ. ഹുജ്ജത്ത് റംസി.
ഹജ്ജ് തീര്‍ഥാടനത്തിനിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് തങ്ങളുടെ 340 പൗരന്മാരെ കണ്ടെത്താനായിട്ടില്ലെന്ന് ഇറാനും വ്യക്തമാക്കി. അപകടമുണ്ടായി രണ്ട് ദിവസം കഴിഞ്ഞിട്ടും ഇവരെ കുറിച്ച് ഒരു വിവരവുമില്ലെന്നാണ് ഇറാന്റെ പരാതി. അപകടത്തില്‍ 136 ഇറാന്‍കാര്‍ മരിച്ചിരുന്നു. 102 ഇറാന്‍കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കാണാതായവരെ കുറിച്ചുള്ള വിശദവിവരങ്ങള്‍ സഊദി സര്‍ക്കാറിന് കൈമാറിയതായും ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഹുസൈന്‍ ആമിര്‍ അബ്ദുല്ലാ പറഞ്ഞു.
വേണ്ടത്ര സുരക്ഷ സഊദി സര്‍ക്കാര്‍ കൈകൊണ്ടിരുന്നില്ലെന്ന് ഇറാന്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ സഊദിയുമായി നേരത്തെ തന്നെ സ്വരച്ചേര്‍ച്ചയില്ലാത്ത ഇറാന്‍ മിനാ ദുരന്തത്തെ ഉപയോഗിച്ച് സഊദിയെ പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. അപകടത്തിന് കാരണക്കാരായവരെ വിചാരണ ചെയ്യണമെന്ന് വരെ ഇറാന്‍ വാദിച്ചിരുന്നു.

ശത്രുക്കളുടെ

ആരോപണങ്ങള്‍
തള്ളിക്കളയുക:
സഊദി ഗ്രാന്‍ഡ്
മുഫ്തി
റിയാദ്: 769 തീര്‍ഥാടകരുടെ മരണത്തിനിടയാക്കിയ മിനായിലെ തിരക്ക് മനുഷ്യ നിയന്ത്രണത്തിന് അപ്പുറമായിരുന്നുവെന്ന് സഊദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍അസീസ് അശൈഖ്. രാജ്യത്തിന്റെ ശത്രുക്കള്‍ മെനഞ്ഞുണ്ടാക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അവഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവിച്ച അപകടത്തിന് താങ്കള്‍ കുറ്റക്കാരനല്ലെന്ന് അദ്ദേഹം സഊദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ നായിഫിനോട് മിനായില്‍ നടന്ന കൂടിക്കാഴ്ചക്കിടെ ഓര്‍മിപ്പിച്ചു. ഒരു ലക്ഷത്തിലധികം പോലീസുകാരെയാണ് സഊദി ഹജ്ജ് തീര്‍ഥാടനത്തിന് വേണ്ടി തയ്യാറാക്കിയിരുന്നത്.