Connect with us

Kerala

മന്ത്രിയുടെ മരുമകന്റെ നിയമനം: സിന്‍ഡിക്കേറ്റ് യോഗത്തില്‍ ബഹളം

Published

|

Last Updated

തിരുവനന്തപുരം: മന്ത്രിയുടെ മരുമകനെ കേരള സര്‍വകലാശാലയുടെ സ്റ്റാഡിംഗ് കൗണ്‍സലായി നിയമിക്കുന്നതിനെ ചൊല്ലി സിന്‍ഡിക്കേറ്റ് യോഗത്തില്‍ ബഹളം. സീനിയോറിറ്റി പാലിക്കാതെ സിന്‍ഡിക്കേറ്റിന്റെ അധികാരം കവര്‍ന്നുകൊണ്ടാണ് വൈസ് ചാന്‍സലര്‍ നിയമനം നടത്തിയതെന്ന് ആരോപണം ഉയര്‍ന്നു. മന്ത്രി കെ സി ജോസഫിന്റെ മകളുടെ ഭര്‍ത്താവ് അഡ്വ. പോള്‍ ജേക്കബിനെയാണ് സര്‍വകലാശാലകളുടെ കേസ് വാദിക്കാനുള്ള സ്റ്റാന്‍ഡിംഗ് കൗണ്‍സിലായി 16 ദിവസം മുമ്പ് വി സി ഡോ. പി കെ രാധാകൃഷ്ണന്‍ നിയമിച്ചത്. ഇന്നലെ സിന്‍ഡിക്കേറ്റ് യോഗത്തിലാണ് നിയമനം അംഗങ്ങള്‍ അറിയുന്നത്. കഴിഞ്ഞ വര്‍ഷം സ്റ്റാന്‍ഡിംഗ് കൗണ്‍സിലായിരുന്ന അഡ്വ. ബെച്ചു കുര്യന്‍ തോമസ് സീനിയര്‍ ആയതോടെയാണ് സ്റ്റാന്‍ഡിംഗ് കൗണ്‍സിലില്‍ ഒഴിവ് വന്നത്. അദ്ദേഹത്തിന്റെ ജൂനിയര്‍ അഭിഭാഷകനാണ് മന്ത്രിയുടെ മരുമകന്‍. ബെച്ചു കുര്യന്‍ കഴിഞ്ഞ വര്‍ഷം വാദിച്ച കേസുകളിലെല്ലാം സര്‍വകലാശാല തോല്‍ക്കുകയുണ്ടായി. തോല്‍വി മാത്രം സര്‍വകലാശാലക്ക് സമ്മാനിച്ച അഭിഭാഷകന്റെ ജൂനിയറിനെ വളഞ്ഞ വഴിയിലൂടെ സര്‍വകലാശാലയുടെ അഭിഭാഷകനാക്കുന്നതിനെ ഭരണപക്ഷ അംഗങ്ങളും സിന്‍ഡിക്കേറ്റില്‍ എതിര്‍ത്തു. ഒടുവില്‍ വോട്ടെടുപ്പില്‍ നിയമനം ഒരു വോട്ടിന് സാധൂകരിക്കപ്പെട്ടു. സിന്‍ഡിക്കേറ്റിലെ നാല് ഐ ഗ്രൂപ്പ് അംഗങ്ങളും നിയമനത്തെ എതിര്‍ത്തുകൊണ്ട് വോട്ടുചെയ്തു.
സര്‍വകലാശാലയില്‍ അഭിഭാഷകരെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലായി നിയമിക്കുന്നത് സിന്‍ഡിക്കേറ്റാണ്. കഴിവുള്ള അഭിഭാഷകരുടെ ഒരു പാനല്‍ തയ്യാറാക്കിയശേഷം അവരില്‍ നിന്ന് ഒരാളെ സിന്‍ഡിക്കേറ്റ് തിരഞ്ഞെടുക്കുകയാണ് പതിവ്. ഇതാണ് മന്ത്രിയുടെ മരുമകനെ നിയമിക്കാനായി വി സി മാറ്റിയത്.
രാവിലെ സിന്‍ഡിക്കേറ്റ് തുടങ്ങിയ ഉടന്‍ ഡോ. ഷാജിയാണ് വഴിവിട്ട നിയമനം ശ്രദ്ധയില്‍പ്പെടുത്തിയത്. സര്‍വകലാശാല ചട്ടങ്ങള്‍ പോലും കാറ്റില്‍പറത്തിയുള്ള പിന്‍വാതില്‍ നിയമനത്തെ അംഗങ്ങള്‍ ഭൂരിപക്ഷവും എതിര്‍ക്കുകയായിരുന്നു. മന്ത്രിയുടെ മരുമകനായതുകൊണ്ടല്ല നിയമനത്തെ എതിര്‍ക്കുന്നതെന്നും നിയമവിരുദ്ധമായി നിയമിക്കപ്പെടുന്നതുകൊണ്ടാണെന്നും സിന്‍ഡിക്കേറ്റ് അംഗമായ സി പി എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ യോഗത്തില്‍ പറഞ്ഞു. മുന്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ നടത്തി തോറ്റ കേസുകളുടെ മെറിറ്റ് പരിശോധിക്കാന്‍ സമിതിയെ വെക്കണമെന്നും പുതിയ സ്റ്റാന്‍ഡിംഗ് കൗണ്‍സിലിന് യോഗ്യരായവരുടെ ലിസ്റ്റ് തയ്യാറാക്കണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.
എന്നാല്‍ ഇതിന് വിസി തയ്യാറായില്ല. തുടര്‍ന്ന് നിയമന അംഗീകാരത്തിന് വോട്ടെടുപ്പ് നടന്നപ്പോള്‍ സര്‍ക്കാര്‍ പക്ഷത്തുള്ള ഐ ഗ്രൂപ്പുകാര്‍ കൂടി നിയമനത്തെ എതിര്‍ത്ത് വോട്ടു ചെയ്യുകയായിരുന്നു. സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ അംഗീകാരം വീണ്ടെടുക്കാനുള്ള തീരുമാനങ്ങള്‍ക്കായി പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം വിളിക്കണമെന്ന ആവശ്യവും ഇടതുപക്ഷം ഉന്നയിച്ചു.