ബാങ്കോക്ക് സ്‌ഫോടനം: അറസ്റ്റിലായ വിദേശി യഥാര്‍ഥ പ്രതിയെന്ന് സ്ഥിരീകരണം

Posted on: September 26, 2015 11:57 pm | Last updated: September 26, 2015 at 11:57 pm

ബാങ്കോക്ക്: തായ്‌ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ കഴിഞ്ഞ മാസം നിരവധി പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ ആദം കരാദാഗ് തന്നെയാണ് യഥാര്‍ഥ പ്രതിയെന്ന് തായ് പോലീസ്. ഇയാളുടെ മൊഴിയില്‍ നേരത്തെ വൈരുധ്യമുണ്ടായിരുന്നു. ആഗസ്റ്റ് 17ന് 20 പേരുടെ മരണത്തിനിടയാക്കിയ ക്ഷേത്രത്തിന് സമീപം നടന്ന സ്‌ഫോടനത്തെത്തുടര്‍ന്ന് നടത്തിയ സി സി ടി വി പരിശോധനയില്‍ ഇവിടെ തുണിസഞ്ചി ഉപേക്ഷിക്കുന്ന മഞ്ഞ ഷര്‍ട്ട് ധരിച്ച വിദേശിയായ ഒരാളെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഈയാളെന്ന നിലയിലാണ് ആദം കരാദാഗയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ തന്നെയാണ് പ്രതിയെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നില്ല. ദൃക്‌സാക്ഷിമൊഴികളും ഇയാളുടെ കുറ്റസമ്മതവും ഇയാള്‍ തന്നെയാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് സ്ഥിരീകരിക്കുന്നതാണെന്ന് ദേശീയ പോലീസ് വക്താവ് പ്രവുത് തവോന്‍സിരി പറഞ്ഞു.
ക്ഷേത്രത്തില്‍ ബോംബ് സ്ഥാപിച്ച ശേഷം ഇയാള്‍ ഒരു ടാക്‌സി വിളിക്കുകയും സമീപത്തെ ലുംപിന്‍ പാര്‍ക്കിലെത്തി ഇവിടത്തെ വിശ്രമ മുറിയില്‍വെച്ച് വസ്ത്രം മാറി ധരിക്കുകയുമായിരുന്നുവെന്ന് വക്താവ് പറഞ്ഞു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകക്കുറ്റമടക്കം എട്ടോളം കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം തന്റെ കക്ഷിയുടെ യഥാര്‍ഥ പേര് ബിലാല്‍ മുഹമ്മദ് എന്നാണെന്നും ഇയാള്‍ നിരപരാധിയാണെന്നും സെപ്തംബര്‍ 15നാണ് അദ്ദേഹം അവസാനമായി ഇവിടെ സന്ദര്‍ശനം നടത്തിയതെന്നും കരാദാഗിന്റെ അഭിഭാഷകന്‍ പറഞ്ഞു. സി സി ടി വിയിലെ ദൃശ്യങ്ങളില്‍ കണ്ട ആളും കരദാഗും തമ്മില്‍ സാദൃശ്യമില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള മറ്റൊരാളായ യൂസുഫ് മിരേലിയാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തിയതെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും തെളിവുകള്‍ നല്‍കാനായിട്ടില്ല. സ്‌ഫോടനം നടത്താന്‍ മിരേലി ഗൂഢാലോചന നടത്തിയെന്നായിരുന്നു നേരത്തെ പോലീസുകാര്‍ പറഞ്ഞിരുന്നത്.