Connect with us

Articles

കര്‍മോത്സുകനായ ആത്മീയ ജ്യോതിസ്സ്

Published

|

Last Updated

സ്വദേശമായ കോഴിക്കോട് ജില്ലയിലെ കടലുണ്ടിയില്‍ നിന്നും കാസര്‍കോട്ടെ പൊസോട്ടിലേക്ക് ഏകദേശം 200 കിലോ മീറ്ററിലധികം വഴിദൂരമുണ്ട്. എന്നിട്ടും എങ്ങനെ കടലുണ്ടിയിലെ സയ്യിദ് മുഹമ്മദ് ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് തങ്ങളായി?.
കര്‍മധന്യമായ മൂന്ന് പതിറ്റാണ്ടു കാലത്തെ പൊസോട്ടിലെ അനുഗൃഹീത സേവനം നിസ്തുലവും നിസ്വാര്‍ത്ഥവുമായിരുന്നു. പഠനാനന്തരം തുടര്‍ന്ന വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ ഊര്‍ജ്ജസ്വലമായ സാന്നിധ്യം ജീവിതാന്ത്യം വരെ തുടര്‍ന്നു. സേവന മേഖലയില്‍ ചെലവഴിച്ച ജീവിതത്തിന്റെ സിംഹ ഭാഗവും പ്രവര്‍ത്തിച്ചത് തുളുനാട്ടിലായിരുന്നു. പൊസോട്ടായിരുന്നു പ്രവര്‍ത്തന കേന്ദ്രം. അങ്ങനെ സയ്യിദ് ഫാറൂഖ് അല്‍ബുഖാരി പൊസോട്ട് തങ്ങളായി. താജുല്‍ ഉലമ ഉള്ളാളത്തെ തങ്ങളായത് പോലെ.
1961 ല്‍ കോഴിക്കോട് ജില്ലയിലെ ഫറോക്കിനടുത്തുള്ള കടലുണ്ടിയില്‍ സയ്യിദ് പരമ്പരയിലെ അറിയപ്പെട്ട ആത്മീയ ജ്യോതിസ്സായ സയ്യിദ് അഹ്മദുല്‍ ബുഖാരി തങ്ങളുടെയും പ്രമുഖ പണ്ഡിതനായ തൃക്കരിപ്പൂര്‍ സയ്യിദ് ശാഹുല്‍ ഹമീദ് തങ്ങളുടെ മകള്‍ സയ്യിദത്ത് ഫാത്തിമ ഇമ്പിച്ചി ബീവിയുടെയും മകനായി ജനിച്ച തങ്ങളുടെ പ്രഥമ പാഠശാല പിതാവായിരുന്നു. ഒരു നിഴല്‍ പോലെ അനുഗമിച്ച പിതാവിന്റെ ഓരോ ചുവടുവെപ്പുകളും തങ്ങള്‍ അതിസൂക്ഷമം നിരീക്ഷിക്കുകയും ജീവിതത്തിലേക്ക് പറിച്ചു നടുകയും ചെയ്തു. ജീവിതാന്ത്യം വരെയും തങ്ങളില്‍ നിഴലിച്ചിരുന്ന സൂക്ഷ്മതയുടെയും ആധ്യാത്മികതയുടെയും വെള്ളിവെളിച്ചം അഹ്മദുല്‍ ബുഖാരിയെന്ന ക്രാന്ത ദര്‍ശിയായ പിതാവ് തന്റെ മക്കളില്‍ കൊളുത്തി വെച്ചതായിരുന്നു. ആ വെളിച്ചം ജീവിതാന്ത്യം വരെയും കാത്തു സൂക്ഷിച്ച സാത്വികന്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി .. ആ പിതാവിന്റെ ജീവിതം ധന്യം….!
സ്വഭാവ സംസ്‌കരണവും ദീനീ ചിട്ടയും ബാല്യത്തിലേ പിതാവില്‍ നിന്നും സ്വായത്തമാക്കി. വിജ്ഞാനത്തിലും ആധ്യാത്മികതയിലും പ്രഥമഗുരു പിതാവായിരുന്നു. അല്‍ഫിയ്യയും ഫത്ഹുല്‍ മുഈനും പിതാവില്‍ നിന്നും പഠിച്ചു. തുടര്‍ന്ന് പ്രമുഖ സൂഫീവര്യനും പണ്ഡിതനുമായിരുന്ന പെരുമുഖം ബീരാന്‍ കോയ മുസ്‌ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചു. തുടര്‍ന്ന് ബാഖിയാത്തില്‍ നിന്നും മത ബിരുദവും നേടി. കല്യാണം കഴിഞ്ഞു മക്കളായി. ദര്‍സുമായി മുന്നോട്ട് പോവുന്നതിനിടക്കാണ് ഗള്‍ഫില്‍ പോകണം എന്ന ആഗ്രഹമുണ്ടാകുന്നത്. വീടുപണി, പെങ്ങന്മാര്‍, പെണ്‍മക്കള്‍ ഇത്തരം പ്രതിസന്ധികളില്‍ ആരും കടല്‍ കടക്കാന്‍ നിര്‍ബന്ധിതരാകും. എല്ലാറ്റിലുമുപരി ഹജ്ജും നിര്‍വഹിക്കാമല്ലോ പക്ഷെ, പിതാവിന്റെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ മറുവാക്കുകളില്ലായിരുന്നു. “നിങ്ങള്‍ ദര്‍സുമായി ശുഅലാവുക. എല്ലാം സഫലമാകും, കടലുണ്ടിയിലെ റബ്ബും ഗള്‍ഫിലെ റബ്ബും ഒന്നാണ്. അവിടെ തരുന്ന റബ്ബിന് ഇവിടെ തന്നുകൂടേ”? ആ പിതാവിന്റെ ഉപദേശവും അകം നിറഞ്ഞുള്ള പ്രാര്‍ഥനയും പൊസോട്ട് തങ്ങളെന്ന പ്രതിഭയെ രൂപപ്പെടുത്തകയായിരുന്നു.
കരുവന്‍തിരുത്തിയിലായിരുന്നു മദ്‌റസാ പഠനം. സ്‌കൂള്‍ വിഷയങ്ങളില്‍ പരിശീലനം നല്‍കാന്‍ അധ്യാപകര്‍ വീട്ടിലെത്തുമായിരുന്നു. ഖുതുബ പഠിക്കുന്നതിലും പ്രസംഗ വിഷയങ്ങളിലും ഉപ്പാക്ക് കര്‍ക്കശമുണ്ടായിരുന്നു. ഒരു പ്രബോധകന്റെ ഏറ്റവും നല്ല ആയുധം പ്രഭാഷണമാണ്. ഉപ്പ എപ്പോഴും അവരെ ഉണര്‍ത്തി അതിനു വേണ്ട എല്ലാവിധ പരിശീലനവും ഉപ്പയില്‍ നിന്നു തന്നെയാണ് തങ്ങള്‍ അഭ്യസിച്ചത്. പള്ളിയില്‍ ജമാഅത്ത് കഴിയുമ്പോള്‍ ഉപ്പയുടെ അപ്രതീക്ഷിത പ്രഖ്യാപനമുണ്ടാവും ഇന്ന് എന്റെ മോന്‍ ഫാറൂഖ് പ്രസംഗിക്കും. ആളുകള്‍ നിശബ്ദരായിരിക്കും പ്രസംഗിക്കാതെ നിര്‍വാഹമില്ല.
അങ്ങനെ ആ ചിട്ടയായ പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കിയ തങ്ങളവര്‍കള്‍. വലിയ സദസ്സുകളില്‍ ലക്ഷങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ അതിലേക്ക് നയിച്ച പ്രേരകശക്തി തന്റെ വന്ദ്യപിതാവാണെന്ന് പലപ്പോഴും അനുസ്മരിക്കാറുണ്ട്. പിതാവിന്റെ വഴിയേ നടന്ന് ആത്മീയ ഔന്നിത്യവും വിദ്യയും നുകര്‍ന്ന് വിജ്ഞാനത്തിന്റെ വലിയ വിസ്‌ഫോടനങ്ങള്‍ തീര്‍ക്കാന്‍ മൂന്ന് പതിറ്റാണ്ടുകാലത്തെ ജീവിതം തങ്ങള്‍ മാറ്റിവെച്ചു. ധന്യമായ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും വിലപ്പെട്ടതായിരുന്നു. സമൂഹികനന്മയും പുരോഗതിയും ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളത്രയും സമുഹ മനസ്സിലിടം നേടി. ആ വാക്കുകള്‍ക്ക് കാതോര്‍ക്കുന്ന ലക്ഷങ്ങള്‍ അവിടുത്തെ ഊര്‍ജ്ജ സ്വലമായ പ്രവര്‍ത്തനങ്ങളുടെ ഫലമായിരുന്നു.
കോഴിക്കോട് ജില്ലയിലെ ആക്കോട് ദര്‍സ് നടത്തിക്കൊണ്ടിരിക്കുന്നതിനിടക്കാണ്, പ്രബോധന ദൗത്യം തുളുനാട്ടിലേക്ക് മാറ്റാന്‍ താജുല്‍ ഉലമയുടെ നിര്‍ദേശം വരുന്നത്. ഉള്ളാള്‍ തങ്ങള്‍ ഖാസിയായിരുന്ന പൊസോട്ട് ജുമുഅത്ത് പള്ളിയില്‍ ദര്‍സ് നടത്താനായിരുന്നു തങ്ങളുടെ ക്ഷണം. തങ്ങളുടെ വൈജ്ഞാനിക മുന്നേറ്റത്തിന് പൊസോട്ട് ആക്കം കൂട്ടുകയായിരുന്നു. കര്‍മനിരതമായ പ്രവര്‍ത്തനങ്ങളും നിസ്വാര്‍ഥമായ ശ്രമങ്ങളും മഞ്ചേശ്വരത്ത് ആത്മീയ വൈജ്ഞാനിക കേന്ദ്രത്തിന്റെ നിര്‍മിതിക്ക് ആക്കം കൂട്ടി. മള്ഹര്‍ എന്ന മഹത്തായ സ്ഥാപനം തന്നെ പിറവി കൊണ്ടു.
ഇന്ന് കേരളത്തിന്റെ വൈജ്ഞാനികയിടങ്ങളിലെല്ലാം മള്ഹറിന്റെ പൊലിമകള്‍ ഉയര്‍ന്നു കേള്‍ക്കുന്നു. വിദ്യ തേടിയെത്തുന്നവര്‍ക്കുള്ള വൈജ്ഞാനിക സംരംഭങ്ങളും നീറുന്ന വേദനകളുുമായെത്തുന്നവര്‍ക്കുള്ള ആശ്വാസകേന്ദ്രവും ആത്മീയ മജ്‌ലിസുകളും മള്ഹര്‍ ക്യാമ്പസിനെ സമ്പുഷ്ടമാക്കുന്നു. വെല്ലൂരില്‍ പഠിക്കുന്ന കാലത്തെ മനസ്സില്‍ മൊട്ടിട്ട സ്വപ്‌നത്തിന്റെ സാക്ഷാത്കാരമായിരുന്നു മള്ഹര്‍ എന്ന വിദ്യാഭ്യാസ സംരംഭം. ഒ കെ ഉസ്താദിന്റെയും മറ്റു ഗുരുക്കന്മാരുടെയും ആശീര്‍വാദവും പിന്തുണയും പദ്ധതിക്ക് ഊര്‍ജ്ജം പകരുകയായിരുന്നു. ചെറിയ രീതിയില്‍ അന്ന് ആരംഭിച്ച സംരംഭം ഇന്ന് പന്ത്രണ്ടോളം വരുന്ന വ്യത്യസ്ത സ്ഥാപനങ്ങളും ആയിരക്കണക്കിന് വിദ്യാര്‍ഥികളും ഉള്‍ക്കൊള്ളുന്ന മഹത്തായ വൈജ്ഞാനിക കേന്ദ്രമാണ്.
ആത്മീയ ചികിത്സാരംഗത്തും പ്രാഗത്ഭ്യം നേടിയ തങ്ങളവര്‍കള്‍ തന്റെ മുമ്പിലെത്തുന്ന ആയിരങ്ങള്‍ക്ക് സാന്ത്വനം പകര്‍ന്നു നല്‍കി. മള്ഹറിലെ ആത്മീയ മജി്‌ലിസുകളെല്ലാം തന്നെ ആത്മ ശാന്തി തേടിയെത്തുന്നവര്‍ക്കുള്ള അഭയ കേന്ദ്രമായിരുന്നു.

---- facebook comment plugin here -----

Latest