ശിക്ഷക്കെതിരെ ഗവര്‍ണര്‍ക്ക് മാപ്പ് അപേക്ഷ നല്‍കിയില്ല: സഞ്ജയ് ദത്ത്

Posted on: September 26, 2015 8:39 am | Last updated: September 27, 2015 at 12:28 am

sanjay dutന്യൂഡല്‍ഹി: 1993ലെ ബോംബ് സ്‌ഫോടന കേസില്‍ തനിക്ക് മാപ്പ് നല്‍കണമെന്ന് മഹാരാഷ്ട്ര ഗവര്‍ണറോടൊ മറ്റാരോടെങ്കിലുമോ താന്‍ അപേക്ഷിച്ചിട്ടില്ലെന്ന് ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് വ്യക്തമാക്കി. തനിക്ക് മാപ്പ് ലഭിക്കാന്‍ ശ്രമിക്കാന്‍ ആരോടും ആവശ്യപ്പെട്ടിട്ടുമില്ല.
ദത്തിന്റെ അഭിഭാഷകരായ ഹിതേഷ് ജെയിന്‍, സുഭാഷ് ജാദവ് എന്നിവര്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ദത്തിന്റെ മാപ്പപേക്ഷ മഹാരാഷ്ട്ര ഗവര്‍ണര്‍ തള്ളിക്കളഞ്ഞുവെന്ന് ഇയ്യിടെ വന്ന പത്രവാര്‍ത്തകള്‍ക്കുള്ള പ്രതികരണമായാണ് ദത്തിന്റെ പ്രസ്താവന പുറത്ത് വന്നത്. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട ദത്തിനും മറ്റുള്ളവര്‍ക്കും മാപ്പ് നല്‍കണമെന്നാവശ്യപ്പെട്ട് റിട്ട: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മാര്‍കണ്ഡേയ കഡ്ജു ഹരജി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാകാം താന്‍ മാപ്പപേക്ഷ സമര്‍പ്പിച്ചുവെന്ന തെറ്റിദ്ധാരണ പരന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
മാപ്പ് നല്‍കണമെന്ന് അഭ്യര്‍ഥിച്ച് സഞ്ജയ് ദത്തോ, അദ്ദേഹത്തിന്റെ കുടുംബമോ ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കിയിട്ടില്ല. സുപ്രീം കോടതി റിട്ട: ചീഫ് ജസ്റ്റിസ് കഡ്ജുവിനോട്, ദത്തിന് വേണ്ടി മാപ്പപേക്ഷ സമര്‍പ്പിക്കാന്‍ ദത്തോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോ അഭ്യര്‍ഥിച്ചിട്ടില്ല.’ പ്രസ്താവനയില്‍ പറഞ്ഞു.
ജസ്റ്റിസ് കഡ്ജു സ്വന്തം നിലയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ദത്തിന് മാത്രമല്ല, ഈ കേസില്‍ ശിക്ഷിക്കപ്പെട്ട സൈബുന്നീസ കാസി അടക്കമുള്ളവര്‍ക്കെല്ലാം മാപ്പ് നല്‍കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
ദത്ത് ഏതാണ്ട് ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. താമസിയാതെതന്നെ അദ്ദേഹം സ്വതന്ത്രനാകും- പ്രസ്താവനയില്‍ അവകാശപ്പെട്ടു. മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് അയച്ച അപേക്ഷയില്‍, ദത്ത് ഒരു തീവ്രവാദിയല്ലെന്നും അദ്ദേഹത്തിന് തെറ്റ് പറ്റിയതാണെന്നും പറയുന്ന കഡ്ജു ദത്തിന് മാപ്പ് നല്‍കണമെന്നും സുപ്രീം കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു.
എന്നാല്‍ മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് ദത്തിന് മാപ്പ് നല്‍കുന്നതിനെ എതിര്‍ക്കുകയായിരുന്നു. ശിക്ഷക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ തള്ളപ്പെട്ടതിനെ തുടര്‍ന്ന് പരോളിലായിരുന്ന ദത്ത് 2013 മെയ്മാസത്തില്‍ സുപ്രീംകോടതിയില്‍ കീഴടങ്ങിയിരുന്നു. അന്നുമുതല്‍ സിനിമാ താരം യെര്‍വാദ ജയിലിലായിരുന്നു. എന്നാല്‍ പിന്നീട് രണ്ട് തവണ കൂടി അദ്ദേഹം പരോളില്‍ ഇറങ്ങിയിട്ടുണ്ട്.
സുപ്രീം കോടതി ശരിവെച്ച അഞ്ചുവര്‍ഷ ശിക്ഷയില്‍ ഏതാണ്ട് 30 മാസത്തെ തടവ് അദ്ദേഹം പൂര്‍ത്തിയാക്കി