ചികിത്സക്കെത്തിയ യുവാവിനെ ഡോക്ടര്‍ മര്‍ദിച്ചതായി പരാതി

Posted on: September 24, 2015 4:39 am | Last updated: September 23, 2015 at 10:40 pm

RAHULകോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കെത്തിയ യുവാവിനെ ഡോക്ടര്‍ മര്‍ദിച്ചതായി പരാതി. പള്‍മനറി വിഭാഗത്തിന് കീഴില്‍ രണ്ടാം വാര്‍ഡില്‍ ചികിത്സയിലുള്ള പള്ളിക്കത്തോട് പൂവത്തളപ്പ് ചെങ്ങാലി കുന്നേല്‍ ജയന്തിയുടെ മകന്‍ രാഹൂലിനാ(24)ണ് ഡോക്ടറുടെ അടിയേറ്റത്. ഡോക്ടര്‍ക്കെതിരെ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി ജി ജേക്കബിന് രാഹുലിന്റെ മാതാവ് ജയന്തി പരാതി നല്‍കി. കോട്ടയത്തെ പ്രമുഖ ഹോട്ടലിലെ അക്കൗണ്ടന്റാണ് രാഹുല്‍. രാഹുലിന് ജന്മനാ ശാരീരികമായ പ്രതിരോധശേഷി കുറവുണ്ട്. ജനിച്ച് ഒമ്പത് മാസത്തിനു ശേഷം വിവിധ രോഗങ്ങള്‍ക്ക് ആശുപത്രികളില്‍ ചികിത്സകളുമായി കഴിഞ്ഞുവരികയാണ്. ശ്വാസകോശത്തില്‍ വെള്ളംകെട്ടുന്ന രോഗം ബാധിച്ചാണ് രാഹുല്‍ പള്‍മനറി വിഭാഗത്തില്‍ ചികിത്സ തേടിയത്. ഇതിനു പുറമെ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ കൂടി നടത്തണെമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഈ മാസം പത്തിനാണ് ആശുപത്രിയില്‍ അഡ്മിറ്റായത്. തുടര്‍ന്ന് ശ്വാസകോശത്തില്‍ ഉണ്ടായ മുഴയില്‍ നിന്ന് വെള്ളം കുത്തിയെടുക്കുന്നതിന് രാഹൂലിനെ നെഞ്ചില്‍ കുത്തിയുള്ള ബയോക്‌സിക്ക് വിധേയനാക്കിയിരുന്നു. കഴുത്തിന്റെ രണ്ടു ഭാഗത്തും മുഴ ബാധിച്ചിരിക്കുന്നതിനാല്‍ ബയോക്‌സി ചെയ്യുന്നതിനായാണ് രാഹുലിനെ ഇന്നലെ 15ാം വാര്‍ഡിലെ മിനി തിയേറ്ററില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ചികിത്സിക്കുന്ന ഡോക്ടര്‍മാരല്ല, തിയേറ്ററിലുള്ള മറ്റു ഡോക്ടര്‍മാരാണ് ബയോക്‌സിക്ക് വിധേയമാക്കുന്നത്. ബയോക്‌സി ചെയ്യുന്നതിന് മുന്നോടിയായി രാഹുലിനെ മരവിപ്പിക്കുന്നതിന് തിയേറ്ററിലുള്ള ഡോക്ടര്‍മാരെത്തിയപ്പോള്‍ തന്നെ മരവിപ്പിക്കേണ്ടെന്നും സഡേഷന് വിധേയമാക്കിയാല്‍ മതിയെന്നും രാഹുല്‍ പറഞ്ഞു. ഏതാനും ദിവസം മുമ്പ് ശ്വാസകോശത്തില്‍ ബയോക്‌സി ചെയ്യുന്നതിനായി നെഞ്ചില്‍കുത്തിയതിന്റെ വേദന വിട്ടുമാറാതിരുന്നതിനെ തുടര്‍ന്നാണ് രാഹുല്‍ ഇങ്ങനെ പറഞ്ഞത്. എന്നാല്‍ ഇതു കൂട്ടാക്കാതെ ഡോക്ടര്‍മാര്‍ മരവിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ രാഹുല്‍ ആവശ്യം ആവര്‍ത്തിച്ചു. ഇതില്‍ പ്രകോപിതനായ ഡോക്ടര്‍, നീയല്ല തീരുമാനിക്കുന്നതെന്ന് പറഞ്ഞ് രാഹുലിന്റെ കരണത്തും കഴിഞ്ഞ ദിവസം ബയോക്‌സി ചെയ്ത നെഞ്ചത്തും മര്‍ദിക്കുകയായിരുന്നുവത്രെ. മരവിപ്പിച്ച് ബയോക്‌സിക്ക് വിധേയനാക്കിയ രാഹുല്‍ തിയേറ്ററിന് പുറത്തുവന്നപ്പോഴാണ് ഡോക്ടര്‍ അടിച്ചകാര്യം മാതാവിനെ അറിയിച്ചത്. തുടര്‍ന്ന് മാതാവ് ജയന്തി ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിന് ഡെപ്യൂട്ടി സൂപ്രണ്ടിനെയും ആര്‍ എം ഒയെയും ചുമതലപ്പെടുത്തുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.