അറബ് റീഡ് ചലഞ്ചില്‍ സജീവമാകാന്‍ വിദ്യാലയങ്ങളോട് ശൈഖ് മുഹമ്മദ്

Posted on: September 23, 2015 7:43 pm | Last updated: September 23, 2015 at 7:43 pm

shaik muhammedഅബൂദാബി: കഴിഞ്ഞയാഴ്ച പ്രഖ്യാപിക്കപ്പെട്ട അറബ് റീഡിംഗ് ചലഞ്ചില്‍ സജീവമായി പങ്കാളികളാകാന്‍ രാജ്യത്തെ സര്‍ക്കാര്‍-സ്വകാര്യ വിദ്യാലയങ്ങളോട് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആവശ്യപ്പെട്ടു.
രാജ്യത്തെ പുതുതലമുറയില്‍ വായനാശീലം പരിപോഷിപ്പിക്കാന്‍ ലക്ഷ്യം വെച്ചുകൊണ്ട് ആരംഭിച്ച പദ്ധതിയാണ് അറബ് റീഡിംഗ് ചലഞ്ച്. യു എ ഇക്ക് പുറത്ത് ഗള്‍ഫ് മേഖലയെ മുഴുവന്‍ പദ്ധതിയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. അധ്യയന വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പദ്ധതിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ക്യാഷ് പ്രൈസ് അടക്കം വിലപിടിപ്പുള്ള സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കോടിയിലധികം ദിര്‍ഹം വിലയുള്ള സമ്മാനങ്ങളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യപ്പെടുക.
വായിച്ചു വളര്‍ന്നാല്‍ മാത്രമേ പുതിയ സമൂഹത്തില്‍ തികഞ്ഞ മനുഷ്യനായി ജീവിക്കാന്‍ സാധിക്കൂ എന്ന സന്ദേശവുമായി നടത്തുന്ന പദ്ധതി, വായനയെ പ്രോത്സാഹിപ്പിക്കാന്‍ അറബ് മേഖലയില്‍ നടക്കുന്ന ഏറ്റവും വലിയ കാല്‍വെപ്പാണ്. ഏറ്റവും കൂടുതല്‍ വായിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പുറമെ വിദ്യാര്‍ഥികളെ വായിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കി വിവിധങ്ങളായ പദ്ധതികള്‍ നടപ്പാക്കുന്ന വിദ്യാലയങ്ങള്‍ക്കും പ്രത്യേകം സമ്മാനങ്ങള്‍ നല്‍കും.
അധ്യയന വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പദ്ധതിക്കിടെ 50 പുസ്തകങ്ങള്‍ വായിച്ചു തീര്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ശൈഖ് മുഹമ്മദ് ഒപ്പിട്ട പ്രത്യേക പ്രശംസാപത്രം അംഗീകാരമായി നല്‍കും. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ക്ക് പുറമെയായിരിക്കുമിത്. അറബ് റീഡിംഗ് ചലഞ്ച് നടപ്പാക്കാന്‍ നിശ്ചയിക്കപ്പെട്ട പ്രമുഖരടങ്ങുന്ന ഉന്നതാധികാര സമിതി കാര്യങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞ ദിവസം അബുദാബിയില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു.