ഷാര്‍ജ പുസ്തകമേളക്ക് വന്‍ ഒരുക്കം

Posted on: September 23, 2015 7:40 pm | Last updated: September 23, 2015 at 7:40 pm

SBA-2ഷാര്‍ജ: നവംബര്‍ നാല് മുതല്‍ 14 വരെ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന ഷാര്‍ജ രാജ്യാന്തര പുസ്തകമേള ചരിത്രത്തിലെ തന്നെ ഏറ്റവും വലുതായിരിക്കുമെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹ്മദ് ബിന്‍ റകദ് അല്‍ അമീരി അറിയിച്ചു. പവലിയനുകള്‍ക്ക് വേണ്ടി നിരവധി അപേക്ഷകളാണ് ലഭിച്ചത്. ഇത് കാരണം പ്രദര്‍ശനസ്ഥലത്തിന്റെ വിസ്തൃതി വര്‍ധിപ്പിക്കേണ്ടിവന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 16,000 ചതുരശ്ര മീറ്റര്‍ ആയിരുന്നു ഇത്. ഇത്തവണ 22,000 ചതുരശ്ര മീറ്റര്‍ ആയിരിക്കും. റസ്റ്റോറന്റുകള്‍ സര്‍വീസ് കേന്ദ്രങ്ങള്‍ എന്നിവക്ക് പുറമെയാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വലിയ പങ്കാളിത്തമാണ് ഉണ്ടാവുക. തദ്ദേശീയവും രാജ്യാന്തരവുമായ പ്രസാധകരും സാംസ്‌കാരിക സ്ഥാപനങ്ങളും എത്തുന്നുണ്ട്.
നിരവധി പുതിയ എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും ഇത്തവണ എത്തുന്നുണ്ട്. ഫിലിപ്പൈന്‍, ജപ്പാന്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നാണ് പുതുതായി എത്തുക. ലക്ഷക്കണക്കിന് കൃതികളാണ് ഇത്തവണയും പുസ്തകമേളക്ക് ഉണ്ടാവുക. മേഖലയിലെ ഏറ്റവും വലിയ, വിജയകരമായ പുസ്തകമേളയാണിത്.
1982ല്‍ ആണ് ഷാര്‍ജ പുസ്തകമേള ആരംഭിച്ചത്. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശ പ്രകാരമായിരുന്നു തുടക്കം. ഭരണാധികാരിയുടെ നിര്‍ലോഭമായ പിന്തുണയോടെ വലിയൊരു സാംസ്‌കാരിക ഉത്സവമായി ഇത് മാറിയിട്ടുണ്ട്. 2015ല്‍ ലണ്ടന്‍ പുസ്തകമേളയില്‍ മികച്ച മാര്‍ക്കറ്റ് ഫോക്കസ് അച്ചീവ്‌മെന്റ് അവാര്‍ഡ് ഷാര്‍ജ പുസ്തകമേള നേടിയിട്ടുണ്ടെന്നും അമീരി അറിയിച്ചു.