മാമലക്കണ്ടത്ത് അധ്യാപകര്‍ക്കായുള്ള വിദ്യാര്‍ത്ഥികളുടെ സമരം വിജയിച്ചു

Posted on: September 23, 2015 1:57 pm | Last updated: September 23, 2015 at 10:42 pm
SHARE

mamalakkandamകൊച്ചി: സ്ഥിരം അധ്യാപകരെ നിയമിക്കാത്തതിനെതിരെ മാമലക്കണ്ടം ഹൈസ്‌കൂളിലെ കുട്ടികള്‍ നടത്തിയ നിരാഹാര സമരം വിജയിച്ചു. സ്‌കൂളിലേക്ക് ആവശ്യമായ അധിക തസ്തികകള്‍ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മന്ത്രി കെ സി ജോസഫാണ് ഇക്കാര്യം അറിയിച്ചത്. കോതമംഗലം വിദ്യാഭ്യാസ ഓഫീസില്‍ നടത്തിവന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നതിനിടെയാണ് സര്‍ക്കാര്‍ തീരുമാനം.
അധ്യാപക നിയമനത്തിന് സര്‍ക്കാര്‍ തീരുമാനം വന്നതോടെ കുട്ടികള്‍ നിരാഹാര സമരം പിന്‍വലിച്ചു. സ്‌കൂള്‍ ലീഡര്‍ യദുകൃഷ്ണന്‍, എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സന്ധ്യ എന്നിവരാണ് സമരം ചെയ്തത്. യു പി സ്‌കൂള്‍ നിലവാരത്തില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പാണ് ഇത് ഹൈസ്‌കൂളാക്കിയത്. എന്നാല്‍ സ്ഥിരം അധ്യാപകരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടതോടെയാണ് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്.