‘തീവ്രവാദി’യാക്കിയ സ്‌കൂളിലേക്ക് അഹമ്മദ് മുഹമ്മദ് ഇനിയില്ല

Posted on: September 22, 2015 2:35 pm | Last updated: September 23, 2015 at 7:32 pm

ahamed muhammedന്യൂയോര്‍ക്ക്: വീട്ടില്‍ നിന്ന് സ്വന്തമായി ഉണ്ടാക്കിയ ക്ലോക്ക് ബോംബാണെന്ന് തെറ്റിദ്ധരിച്ച് അധ്യാപകര്‍ പോലീസിലേല്‍പ്പിച്ച വിദ്യാര്‍ഥി അഹ്മദ് മുഹമ്മദ് സ്‌കൂള്‍ വിട്ടു. ഡള്ളാസിലെ മാക് അര്‍തര്‍ ഹൈസ്‌കൂള്‍ പഠനം അവസാനിപ്പിച്ചതായി അഹ്മദ് മുഹമ്മദും പിതാവും അറിയിച്ചു. തനിക്ക് ഇനി ആ സ്‌കൂളിലേക്ക് പോകാനാകില്ലെന്ന് അഹ്മദ് പറഞ്ഞു. തന്റെ മക്കളെ ടെക്‌സാസിലെ സ്‌കൂളില്‍ നിന്ന് മാറ്റിയതായി അഹ്മദ് മുഹമ്മദിന്റെ പിതാവ് മുഹമ്മദ് അല്‍ഹസന്‍ വ്യക്തമാക്കി. തന്റെ മക്കള്‍ ഇനി ആ സ്‌കൂളില്‍ പഠിക്കാന്‍ പോകുന്നില്ല. അവര്‍ക്ക് അവിടെ തൃപ്തിയോടെ തുടരാനാകില്ലെന്ന് വ്യക്തമായി. ഇനി മക്കളെ എവിടെ ചേര്‍ക്കണമെന്ന കാര്യം ആലോചിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി സ്‌കൂളുകള്‍ പ്രവേശനം നല്‍കാമെന്ന് പറഞ്ഞ് മുന്നോട്ടുവന്നിട്ടുണ്ട്. തന്റെ കൂടുംബത്തെ ഈ സംഭവം വല്ലാതെ വേദനിപ്പിച്ചതായും സൗകര്യപ്പെടുമെങ്കില്‍ മക്കയിലെ വിശുദ്ധഹജ്ജ് കര്‍മത്തില്‍ പങ്കെടുപ്പിക്കുമെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.
14കാരനായ അഹ്മദ് മുഹമ്മദ് വീട്ടിലുണ്ടാക്കിയ ക്ലോക്ക് സ്‌കൂളില്‍ കൊണ്ടുവന്നതാണ് പ്രശ്‌നമായത്. ടീച്ചറെ കാണിക്കാന്‍ വേണ്ടിയായിരുന്നു സ്‌കൂളില്‍ കൊണ്ടുവന്നത്. എന്നാല്‍ ക്ലോക്ക് കണ്ട് ബോംബാണെന്ന് തെറ്റിദ്ധരിച്ച് സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കുട്ടിയെ വിലങ്ങണിയിച്ച് നിര്‍ത്തിയ ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലായി. ഇതേതുടര്‍ന്ന് അഹ്മദ് മുഹമ്മദിന് ലോകത്തിന്റെ നാനാഭാഗത്തുനിന്നും പിന്തുണ അറിയിച്ച് നിരവധി പേര്‍ എത്തിയിരുന്നു. യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, ഫേസ് ബുക്ക് മേധാവി സുക്കര്‍ബര്‍ഗ് അടക്കമുള്ളവര്‍ കുട്ടിക്ക് പിന്തുണയര്‍പ്പിച്ചിരുന്നു.

ALSO READ  കിം-ട്രംപ് ബന്ധം തുടരുന്നതിൽ അർഥമില്ലെന്ന് ഉത്തരകൊറിയ