സൗഹൃദം ഓര്‍മയാക്കി അവര്‍ ഓമാനൂര്‍ ശുഹദാക്കളെ അനുസ്മരിച്ചു

Posted on: September 22, 2015 10:30 am | Last updated: September 22, 2015 at 10:30 am

കോട്ടക്കല്‍: മത സൗഹാര്‍ദത്തിന്റെ നിലക്കാത്ത ഓര്‍മകളുമായി അവര്‍ ഇക്കുറിയും ഓമാനൂര്‍ ശുഹദാക്കളെ അനുസ്മരിച്ചു. പതിറ്റാണ്ടുകളായി ചീനംപുത്തൂരില്‍ അമുസ്‌ലിം സുഹൃത്തുകള്‍ നടത്തി വരുന്ന ഓമാനൂര്‍ നേര്‍ച്ചയാണ് മത സൗഹാര്‍ദത്തിന്റെ ആത്മ ബന്ധമായത്. ആരങ്ങാട്ട് ഗംഗാധരന്‍ നായര്‍, ആറരങ്ങാട്ട് നാരായണന്‍ നായര്‍. പൂക്കോട് ഗോവിന്ദന്‍ നായര്‍, പുല്ലാട്ട് തൊടി ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇക്കുറിയും വിപുലമായി ഓമാനൂര്‍ നേര്‍ച്ച നടത്തിയത്. പതിറ്റാണ്ടുകളായി പ്രദേശത്ത് നടത്തി വരുന്നതാണ് നേര്‍ച്ച. നേര്‍ച്ച വസ്തുക്കളും സംഭാവനയും സ്വീകരിച്ച് ഭക്ഷണം വിതരണവും മൗലിദ് പാരായണവുമാണ് ചടങ്ങ്. നേര്‍ച്ച ദിവസം രാവിലെ തന്നെ അങ്ങാടിയില്‍ സംഘാടകരുടെ നേതൃത്വത്തില്‍ സംഭാവന സ്വീകരിക്കും. പ്രദേശത്തുകാര്‍ക്ക് നേരത്തെ നല്‍കുന്ന കൂപ്പണ്‍ അനുസരിച്ച് ഭക്ഷണവും വിതരണം ചെയ്യും. എല്ലാത്തിനും ഇവര്‍ തന്നെയാണ് നേതൃത്വം. മൗലിദ് പാരായണത്തിന് പരിസരത്തെ പള്ളിയിലെ ആളുകള്‍ എത്തും. വൈകുന്നേരം മൗലിദ് പാരായണം കഴിഞ്ഞാണ് ഭക്ഷണ വിതരണം. കാലങ്ങളായി നടത്തി വന്നിരുന്ന ഓമനൂര്‍ നേര്‍ച്ചക്ക് കഴിഞ്ഞ ഇരുപത് വര്‍ഷമായി ജനകീയ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഇവിടെ ജോലിക്കെത്തിയ തൃശൂര്‍ സ്വദേശി ബാഹുലേയനാണ് ഇത്തരത്തിലൊരു കമ്മിറ്റിക്ക് രൂപം നല്‍കിയത്. ആരങ്ങാട്ട് ഗംഗാധരന്‍ നായരാണ് സെക്രട്ടറി. പള്ളത്ത് രാമന്‍, വെങ്കിട്ടതൊടി മൂസ, ഇബ്രാഹീം ആനപടിയന്‍, കുണ്ടില്‍ മൊയ്തീന്‍ എന്നിവര്‍ ജനകീയ കമ്മിറ്റി അഗങ്ങളാണ്. ബിരിയാണിയാണ് ഭക്ഷണം.
ഓരോ വര്‍ഷവും നേര്‍ച്ചയായി ലഭിക്കുന്ന ആട്, കോഴി തുടങ്ങിയവയെ ലേലം വിളിക്കും. ഇങ്ങനെ ലഭിക്കുന്ന പണം സൂക്ഷിച്ച് വെച്ച് ഓരോ വര്‍ഷത്തെയും നേര്‍ച്ച ചെലവിലേക്ക് എടുക്കും. അതത് വര്‍ഷം ലഭിക്കുന്ന തുക അടുത്ത വര്‍ഷത്തേക്ക് മൂലധനമായി കരുതി വെക്കുകയാണ് ചെയ്യുന്നത്. നടത്തിപ്പുകാരായ അമുസ്‌ലിം സുഹൃത്തുക്കള്‍ പതിവായി ശബരിമലക്ക് പോകുന്നവരാണ്. മണ്ഡല കാലത്താണ് നേര്‍ച്ച എത്താറ്. അത്‌കൊണ്ട് തന്നെ മാലയിട്ടാണ് ഇവര്‍ നേര്‍ച്ചക്കൊരുങ്ങുന്നത്. കാലങ്ങളായി മുടങ്ങാതെ നടത്തിവരുന്ന ഓമാനൂര്‍ ശുഹദാക്കളുടെ നേര്‍ച്ച പുണ്യമായും അതിലുപരി സൗഹാര്‍ദ സന്ദേശവുമായാണ് ഇവര്‍ കാണുന്നത്.