Connect with us

Malappuram

കണ്ണമംഗലത്ത് ലീഗിനെതിരെ കോണ്‍ഗ്രസ് പടയൊരുക്കം

Published

|

Last Updated

വേങ്ങര: ജില്ലാ യു ഡി എഫ് നേതൃത്വത്തിന് എന്നും തലവേദനയായ കണ്ണമംഗലത്ത് ലീഗിനെതിരെ കോണ്‍ഗ്രസ് പടയൊരുക്കം തുടങ്ങി. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും കൊമ്പ് കോര്‍ക്കലിന് താത്കാലിക വിരാമമിട്ട് യു ഡി എഫ് സംവിധാനത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടുവെങ്കിലും മൂന്നു വര്‍ഷം തികയും മുമ്പെ അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്ത് വന്നിരുന്നു. ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ചില ലീഗ് നേതാക്കളുടെ താത്പര്യ പ്രകാരം ഭവന നിര്‍മാണ ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കിയതില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. ഈ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയ കൂട്ടത്തില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ഇ പി സുബൈദ പങ്കാളിയായത് ലീഗിന്റെ കഠിന അതൃപ്തിക്കിടയാക്കിയിരുന്നു.
ഇതെ തുടര്‍ന്ന് ലീഗ് അംഗങ്ങള്‍ അവിശ്വാസത്തിനുള്ള നീക്കത്തിനൊടുവിലാണ് കോണ്‍ഗ്രസ് അംഗം വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. ഇതോടെ കോണ്‍ഗ്രസും ലീഗും തമ്മില്‍ പ്രാദേശിക തലത്തില്‍ കൊമ്പ് കോര്‍ക്കുകയുമായിരുന്നു. ചേറൂര്‍ ജി യു പി സ്‌കൂള്‍ ഗ്രൗണ്ട് പ്രശ്‌നത്തിലും കോണ്‍ഗ്രസും ഇടതുപക്ഷവും ഡാസ്‌ക് ക്ലബിന് അനുകൂല നിലപാടിലുറച്ചപ്പോള്‍ ഒരു വിഭാഗം ലീഗ് നേതാക്കള്‍ കഠിന നിലപാടാണ് കോണ്‍ഗ്രസിനെതിരെ കൈക്കൊണ്ടത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ലീഗിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനാണ് കോണ്‍ഗ്രസ് അണികളുടെ നീക്കം. പ്രശ്‌നം മുന്നില്‍ കണ്ട് ഒറ്റക്ക് മത്സരിക്കുന്നതും മറ്റു സഖ്യങ്ങളുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയും കോണ്‍ഗ്രസില്‍ സജീവമാണ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ പ്രവര്‍ത്തക കണ്‍വെന്‍ഷനും പ്രകടനവും നടത്തിയിരുന്നു. യു ഡി എഫ് സംവിധാനമുണ്ടാവില്ലെന്ന് മുന്നില്‍ കണ്ട് മുസ്‌ലിം ലീഗ് നേതൃത്വവും ശക്തമായ പ്രചാരണത്തിന് തയ്യാറായിട്ടുണ്ട്. നിലവില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന വാര്‍ഡുകളില്‍ മത്സരിപ്പിക്കാന്‍ ലീഗ് നേതൃത്വം ആളുകളെയും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒരു കോണ്‍ഗ്രസ് വാര്‍ഡില്‍ ലീഗ് കണ്‍വെന്‍ഷന്‍ തന്നെ സ്ഥാനാര്‍ഥിയെ പരസ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഇരുപതംഗ പഞ്ചായത്തില്‍ മുസ്‌ലിം ലീഗിന് 12ഉം കോണ്‍ഗ്രസിന് ആറും ഇടത് സ്വതന്ത്രര്‍ക്ക് രണ്ടും സീറ്റുകളാണുള്ളത്. നേരത്തെ കണ്ണമംഗലത്ത് അടവു നയത്തിലൂടെ ഇടത് കോണ്‍ഗ്രസ് സഖ്യത്തിലൂടെ ഭരണം പിടിച്ചെടുത്ത ചരിത്രമുണ്ട്. അതെ സമയം മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലമായതിനാല്‍ ജില്ലാ നേതൃത്വത്തിന് എന്ത് വില കൊടുത്തും യു ഡി എഫ് സംവിധാനത്തിലെത്തിക്കല്‍ അനിവാര്യമാണ്.

---- facebook comment plugin here -----

Latest