Connect with us

Kerala

എസ് വൈ എസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഊര്‍ജിതം

Published

|

Last Updated

കോഴിക്കോട്: സുന്നി സംഘ കുടുംബത്തില്‍ ലക്ഷങ്ങളെ അണി ചേര്‍ക്കുന്ന എസ് വൈ എസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനമൊട്ടുക്കും തുടക്കമായി. സംസ്ഥാന ഇലക്ഷന്‍ ഡയറക്ടറേറ്റ് തയ്യാറാക്കി നല്‍കിയ നിശ്ചിത ഫോറത്തില്‍ അംഗങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ ചേര്‍ത്ത് ഫീസ് സമാഹരിക്കുന്ന പ്രവര്‍ത്തനമാണ് പ്രഥമമായി നടക്കുന്നത്. ഡാറ്റയും അംഗങ്ങളുടെ ഫോട്ടോയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്ന പ്രവര്‍ത്തനവും അനുബന്ധമായി നടക്കുന്നുണ്ട്. കമ്പ്യൂട്ടര്‍ സംവിധാനം ഉപയോഗിച്ചും അപ്‌ലോഡിംഗ് നടത്താമെങ്കിലും ഇത്തവണ മൊബൈല്‍ ആപ്പാണ് വ്യാപകമായി ഉപയോഗപ്പെടുത്തുന്നത്.
ഇതിനായി പ്രാദേശിക യൂനിറ്റ് ഘടകങ്ങളിലെ തിരഞ്ഞെടുത്ത അംഗങ്ങള്‍ക്ക് ആപ്ലിക്കേഷനും മതിയായ പരിശീലനവും നല്‍കിയിട്ടുണ്ട്. യൂനിറ്റുകള്‍ക്ക് പ്രത്യേകം നല്‍കപ്പെട്ട യൂസര്‍നെയിമും പാസ്‌വേര്‍ഡും യൂനിറ്റ് നമ്പറും ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്യുന്നതോടെ മുന്‍ വര്‍ഷത്തെ യൂനിറ്റ് മെമ്പര്‍ഷിപ്പ് വിവരങ്ങള്‍ ലഭ്യമാവും. ഇതില്‍ അയോഗ്യരായവരെ ഒഴിവാക്കാനും പുതിയ അംഗങ്ങളെ ചേര്‍ക്കാനുമുള്ള സൗകര്യമുണ്ട്. ഒപ്പം മുഴുവന്‍ അംഗങ്ങളുടെ ഫോട്ടോയും ഉള്‍പ്പെടുത്താന്‍ സാധിക്കും.
27ന് ഞായറാഴ്ച ക്യാമ്പയിന്‍ സമാപനം കുറിച്ച് കൊണ്ട് മെമ്പര്‍ഷിപ്പ് ഡേ ആചരിക്കും. യൂനിറ്റുകളില്‍ പോസ്റ്റര്‍ പ്രദര്‍ശനവും കൗണ്ടര്‍ സ്ഥാപിച്ചു കൊണ്ടുള്ള അണിചേര്‍ക്കലും അന്നു നടക്കും. 29ന് തന്നെ ഫോറങ്ങളും ഫീസും സര്‍ക്കിളിനു കൈമാറി ഒക്‌ടോബര്‍ അഞ്ചിനകം അപ്‌ലോഡ് ചെയ്ത ഡാറ്റകള്‍ അന്തിമ വിശകലനത്തിന് വിധേയമാക്കും. എട്ടിന് സോണ്‍ 12ന് ജില്ലാ ഘടകങ്ങള്‍ ഏറ്റുവാങ്ങി 15ന് തന്നെ ഫീസും ഫോറങ്ങളും സംസ്ഥാന കമ്മിറ്റിക്ക് കൈമാറും. 25നകം അപേക്ഷകള്‍ സൂക്ഷ്മ പരിശോധന നടത്തി 31നകം യൂനിറ്റുകള്‍ക്ക് മെമ്പര്‍ഷിപ്പ് രജിസ്റ്ററിന്റെ പ്രിന്റ് നല്‍കും. ഇതിനെ അടിസ്ഥാനമാക്കി നവംബര്‍ 1-20 കാലയളവ് യൂനിറ്റ് പുനഃസംഘടന നടക്കും. സര്‍ക്കിള്‍, സോണ്‍, ജില്ലാ ഇലക്ഷന്‍ ഡയറക്ടറേറ്റുകള്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഓരോ ഘട്ടവും നിരന്തരമായി നിരീക്ഷിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കി സമയ ബന്ധിതവും കാര്യക്ഷമവുമാക്കും. ഇതിനായി എല്ലാ ഘടകങ്ങള്‍ക്കും പ്രത്യേക പാസ്‌വേര്‍ഡും യൂസര്‍ നെയിമും നല്‍കിയിട്ടുണ്ട്.

Latest