Connect with us

Kerala

സ്ലീപ്പര്‍ ടിക്കറ്റ് നിഷേധം: വ്യാപക പ്രതിഷേധം

Published

|

Last Updated

തിരുവനന്തപുരം: പകല്‍ യാത്ര ചെയ്യുന്നവര്‍ക്ക് സാധാരണ കൗണ്ടറുകള്‍ വഴി സ്ലീപ്പര്‍, എ സി ക്ലാസ് ടിക്കറ്റ് നല്‍കുന്നത് നിര്‍ത്തലാക്കിയുള്ള റെയില്‍വേയുടെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. ശനിയാഴ്ച മുതലാണ് റെയില്‍വേയുടെ തീരുമാനം പ്രാബല്യത്തില്‍ വന്നത്. ദീര്‍ഘദൂര തീവണ്ടികളില്‍ പകല്‍ സമയത്തെ ഹ്രസ്വയാത്രക്ക് സ്ലീപ്പര്‍ ടിക്കറ്റുകള്‍ എടുത്ത് യാത്ര ചെയ്യാവുന്ന സൗകര്യമാണ് റെയില്‍വേ നിര്‍ത്തലാക്കിയത്. ഇതനുസരിച്ച് സാധാരണ കൗണ്ടറുകളില്‍ നിന്ന് സ്ലീപ്പര്‍ ടിക്കറ്റ് നല്‍കുന്നത് നിര്‍ത്തി. ഓര്‍ഡിനറി ടിക്കറ്റുകളും പാസഞ്ചര്‍ ട്രെയിനുകളിലെ ഫസ്റ്റ് ക്ലാസ് കോച്ചുകളിലേക്കുള്ള ടിക്കറ്റുകളും മാത്രമാണ് സാധാരണ കൗണ്ടറുകള്‍ വഴി നല്‍കുന്നത്. എന്നാല്‍, പാസഞ്ചര്‍ ട്രെയിനുകളില്‍ മിക്കതിലും ഇപ്പോള്‍ ഫസ്റ്റ് ക്ലാസ് കോച്ചുകളില്ല. അതിനാല്‍ സാധാരണ ടിക്കറ്റുകള്‍ മാത്രമായി. റിസര്‍വ് ചെയ്യുന്ന യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് തീരുമാനമെന്നാണ് റെയില്‍വേയുടെ വിശദീകരണം.
സ്ലീപ്പര്‍ കോച്ചുകളില്‍ സീറ്റ് ഒഴിവുണ്ടെങ്കില്‍ ടി ടി ഇയുടെ അനുവാദത്തോടെ കൂടുതല്‍ പണം നല്‍കി ഓര്‍ഡിനറി ടിക്കറ്റ് അപ്‌ഗ്രേഡ് ചെയ്തു യാത്ര ചെയ്യാം. ടി ടി ഇയുടെ അനുവാദമില്ലാതെ ട്രെയിനില്‍ കയറിയാല്‍ പരിശോധന സ്‌ക്വാഡ് പിടികൂടുന്ന പക്ഷം പിഴയും അധിക നിരക്കും ചുമത്തുകയും ചെയ്യും. അപ്‌ഗ്രേഡ് ചെയ്യുമ്പോള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇളവ് ലഭിക്കുകയുമില്ല. കണ്‍സെഷന്‍ അനുവദിക്കാന്‍ ടി ടി ഇമാര്‍ക്ക് അധികാരമില്ല. മുന്‍കൂര്‍ റിസര്‍വ് ചെയ്യാത്തവര്‍ക്ക് സ്സീപ്പര്‍ ടിക്കറ്റുകള്‍ നല്‍കുന്നതില്‍ നിയന്ത്രണം വേണമെന്ന് റെയില്‍വേ ജീവനക്കാരുടെ സംഘടനകളും ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ സൗകര്യം പൂര്‍ണമായി എടുത്തുകളഞ്ഞുകൊണ്ടുള്ള ഉത്തരവാണ് പുറത്തുവന്നത്.
സ്ലീപ്പര്‍ ടിക്കറ്റെടുത്ത് ദീര്‍ഘദൂര വണ്ടികളില്‍ കയറുന്നവര്‍ റിസര്‍വ്ഡ് കമ്പാര്‍ട്ടുമെന്റുകളില്‍ കയറി ടി ടി ഇമാരുമായും മറ്റ് യാത്രക്കാരുമായും തര്‍ക്കിക്കുന്നതായി പരാതിയുയര്‍ന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് റെയില്‍വേയുടെ നടപടി. നിലവില്‍ ട്രെയിന്‍ പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുമ്പ് വരെ ഉയര്‍ന്ന ക്ലാസുകളില്‍ ബെര്‍ത്ത് ലഭ്യമാണെങ്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള കറന്റ് റിസര്‍വേഷന്‍ കേന്ദ്രങ്ങള്‍ ചില സ്റ്റേഷനുകളില്‍ ലഭ്യമാണ്. രാത്രി 9.30 വരെയാണ് ഇവയുടെ പ്രവര്‍ത്തനം. പാലക്കാട് ഡിവിഷനില്‍ കന്യാകുമാരി- മുംബൈ ജയന്തി ജനത, തിരുവനന്തപുരം- ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ്, ആലപ്പുഴ- ചെന്നൈ എക്‌സ്പ്രസ്, കന്യാകുമാരി- ബെംഗളൂരു, പാലക്കാട് ടൗണ്‍- തിരുവനന്തപുരം അമൃത എക്‌സ്പ്രസ് എന്നീ ട്രെയിനുകളില്‍ ഇപ്രകാരം കറന്റ് റിസര്‍വേഷന്‍ നടത്താം.
റെയില്‍വെയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി ട്രെയിന്‍ യാത്രക്കാരും പാസഞ്ചേഴ്‌സ് സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പ്രായമായവരെയും രോഗികളെയും റെയില്‍വേയുടെ നടപടി സാരമായി ബാധിക്കും. മലബാര്‍ മേഖലയില്‍ നിന്ന് എറണാകുളം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പെട്ടന്നുള്ള യാത്രക്ക് സ്ലീപ്പര്‍ ടിക്കറ്റുകളായിരുന്നു ഏക ആശ്വാസം. കേരളത്തിലൂടെയുള്ള മിക്ക ദീര്‍ഘദൂര ട്രെയിനുകളിലും വെറും രണ്ട് സെക്കന്‍ഡ് ക്ലാസ് കമ്പാര്‍ട്ട്‌മെന്റുകളേ ഉള്ളൂ. കാലുകുത്താന്‍പോലും ഇടമില്ലാത്ത വിധം തിരക്കായിരിക്കും ഈ കമ്പാര്‍ട്ട്‌മെന്റുകളില്‍.

---- facebook comment plugin here -----

Latest