Connect with us

Articles

ഈ ബുദ്ധി വെള്ളാപ്പള്ളിയുടെത് മാത്രമല്ല

Published

|

Last Updated

ശിവഗിരിയിലെ കാണിക്കവഞ്ചി മോഷ്ടാക്കള്‍ കുത്തിത്തുറന്നു. ഉണ്ടായിരുന്ന നോട്ടും ചില്ലറയുമൊക്കെ കൊണ്ടുപോയി. ഇതറിഞ്ഞ ശ്രീനാരായണ ഗുരുവിന്റെ പ്രതികരണം ഇതായിരുന്നു: “ഈ പണമൊക്കെ കാണിക്കയിട്ടവരുടെ പക്കല്‍ കുറേശ്ശെയായി കിടന്നിരുന്നുവെങ്കില്‍ കള്ളന്‍ വളരെ ബുദ്ധിമുട്ടിപ്പോകുമായിരുന്നു. എല്ലാം ഒരുമിച്ച് ഒരിടത്ത് കിട്ടിയപ്പോള്‍ അവന് എന്തെളുപ്പമായിത്തീര്‍ന്നു” (പി കെ ബാലകൃഷ്ണന്റെ നാരായണ ഗുരു എന്ന പുസ്തകത്തില്‍ നിന്ന്)
ശ്രീനാരായണ ധര്‍മ പരിപാലന യോഗം രൂപവത്കരിക്കുമ്പോഴും ഇത്തരത്തിലുള്ള മോഷണങ്ങളെക്കുറിച്ച് ശ്രീനാരായണ ഗുരു ഓര്‍ത്തിട്ടുണ്ടാകണം. അതുകൊണ്ടാണ്, രൂപവത്കരിക്കുമ്പോഴുണ്ടായിരുന്ന ലക്ഷ്യങ്ങളില്‍ നിന്ന് യോഗം മാറിപ്പോകുന്നതില്‍ ഖിന്നനായി രാജിക്കത്ത് സമര്‍പ്പിച്ചത്. മനുഷ്യരെ ഒന്നായി കാണുക എന്ന വിശാലവീക്ഷണം പുലര്‍ത്താന്‍ അനുയായികള്‍ക്ക് സാധിക്കുന്നില്ല എന്നതിലുള്ള ഖേദമാണ് ഗുരുവിനെ രാജിക്കത്തെഴുതാന്‍ അന്ന് പ്രേരിപ്പിച്ചത്. ശ്രീനാരായണ ധര്‍മപരിപാലന യോഗമെന്നത് അതിന്റെ ഇപ്പോഴത്തെ നേതൃത്വത്തെ സംബന്ധിച്ച് വലിയൊരു കാണിക്കവഞ്ചിയാണ്. ജാതിവ്യവസ്ഥയുടെ ഇരകളായിരുന്നവര്‍ക്ക് അതില്‍ നിന്ന് മോചനമുണ്ടാകണമെന്നാഗ്രഹിച്ച്, നാരായണഗുരു നടത്തിയ പ്രവൃത്തികളുടെ കൂടി ഫലമായി ഉരുവമെടുക്കുകയും സമ്പന്നമാകുകയും ചെയ്ത കാണിക്കവഞ്ചി. അതിനെ എങ്ങനെ സമര്‍ഥമായി കൊള്ളയടിക്കാമെന്ന ചിന്തയിലാണ് രാഷ്ട്രീയ സ്വയം സേവക് സംഘും അതിന്റെ രാഷ്ട്രീയ ആയുധമായ ബി ജെ പിയും. അതിനുപയോഗിക്കാവുന്ന ഏറ്റവും നല്ല ഉപകരണമായി വെള്ളാപ്പള്ളി നടേശനെ അവര്‍ വളര്‍ത്തിയെടുക്കുകയും ചെയ്തിരിക്കുന്നു. അതിനുള്ള ശ്രമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. (സംഘ് പരിവാര്‍ സംഘടനകള്‍ ഉന്നയിച്ച “ലവ് ജിഹാദ്” ആരോപണം രാജ്യത്ത് തന്നെ ആദ്യമേറ്റെടുത്തയാള്‍ വെള്ളാപ്പള്ളി നടേശനായിരുന്നുവെന്ന് ഓര്‍ക്കുക)
എസ് എന്‍ ഡി പി യോഗമെന്ന കാണിക്കവഞ്ചിയിലുള്ള സമ്പത്ത്, എളുപ്പത്തില്‍ എടുത്തുമാറ്റാന്‍ പാകത്തിലുള്ള ഒന്നല്ല എന്നതാണ് ഈ ശ്രമം നേരിടുന്ന പ്രധാന പ്രശ്‌നം. നാരായണ ഗുരുവിന്റെ ദര്‍ശനങ്ങളിലും പ്രവൃത്തികളിലും ആകൃഷ്ടരായി യോഗത്തിലെത്തിയ പ്രഗത്ഭര്‍ നല്‍കിയ സംഭാവനകളും അതിന്റെ ഫലമായി യോഗത്തോട് ചേര്‍ന്നുനില്‍ക്കുന്ന ജനസഞ്ചയവും അവരുടെ മനസ്സുമാണ് സമ്പത്ത്. അതിന്റെ പ്രയോജനം ദീര്‍ഘകാലമുണ്ടായിരുന്നത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കാണ്, 1964ന് ശേഷം സി പി എമ്മിനും. നാരായണ ഗുരുവിന്റെ ദര്‍ശനങ്ങളും പ്രവൃത്തിയും ജാതിവ്യവസ്ഥക്കെതിരായ വലിയ വികാരം ഉയര്‍ത്തിവിട്ടുവെങ്കിലും ജാതിത്തം പൂര്‍ണമായി ഇല്ലാതായിരുന്നില്ല. ജാതിയുടെ പേരിലുള്ള വിവേചനങ്ങള്‍ ഇല്ലാതാകണമെങ്കില്‍ ഭൗതികമായ ഉന്നമനം കൂടി ആവശ്യമായിരുന്നു. അതിന് പാകത്തിലുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചതും അതിന് വേണ്ടി ശ്രമിച്ചതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ആ ശ്രമങ്ങള്‍ ഫലം കണ്ടോ ഇല്ലയോ എന്ന ആലോചന മാറ്റിനിര്‍ത്തിയാല്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അംഗത്വമോ അനുഭാവമോ ജാതി അപ്രസക്തമാക്കുന്ന അന്തസ്സ് തങ്ങള്‍ക്ക് നല്‍കുന്നുവെന്ന് ഈഴവരും അതിലും താഴെയുള്ളവരായി ഗണിക്കപ്പെട്ടിരുന്നവരും കരുതിയിരുന്നു. അതുകൊണ്ടാണ് എസ് എന്‍ ഡി പി യോഗത്തിന്റെ സമ്പത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ദീര്‍ഘകാലം തുണയായത്.
മന്നത്ത് പത്മനാഭന്‍, ആര്‍ ശങ്കര്‍, താണുലിംഗ നാടാര്‍, പി സി ആദിച്ചന്‍ എന്നിവര്‍ ചേര്‍ന്ന് പ്രഖ്യാപിച്ച ഹിന്ദു മണ്ഡലം, എസ് എന്‍ ഡി പി യോഗത്തിന്റെ മുന്‍കൈയില്‍ രൂപവത്കരിച്ച സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി (എസ് ആര്‍ പി), നായര്‍ സര്‍വീസ് സൊസൈറ്റി രൂപവത്കരിച്ച നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍ ഡി പി), വെള്ളാപ്പള്ളി നടേശനും പി കെ നാരായണപ്പണിക്കരും (പിന്നീട് ജി സുകുമാരന്‍ നായരും) ആലോചിച്ച് തീര്‍പ്പാക്കിയ നായരീഴവ ഐക്യം, അതിന്റെ തുടര്‍ച്ചയായി പ്രഖ്യാപിക്കപ്പെട്ട നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ ഐക്യം എന്നിവയൊക്കെ നിലവിലുള്ള രാഷ്ട്രീയ ഘടനയില്‍ മാറ്റമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തിലായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പിന്നില്‍ ഉറച്ചുനിന്ന പിന്നാക്ക വിഭാഗങ്ങളെയും പൊതുവില്‍ ഹിന്ദുക്കളെന്ന് വിശേഷിപ്പിക്കപ്പെടുന്നവരെയും അടര്‍ത്തുന്നതോടെ ഇത് സാധിക്കുമെന്ന പ്രതീക്ഷയില്‍. കോണ്‍ഗ്രസോ അവര്‍ നേതൃത്വം നല്‍കുന്ന മുന്നണിയോ ക്രൈസ്തവര്‍ക്കും മുസ്‌ലിംകള്‍ക്കും പ്രാമുഖ്യമുള്ളതാണെന്ന സമാന്തര പ്രചാരണം കൂടിയാകുമ്പോള്‍ ഭൂരിപക്ഷ ഐക്യമെന്ന ആശയത്തിന്റെ പ്രചാരണം എളുപ്പമാകും. കാരണം തൊഴിലാളി- മുതലാളി ദ്വന്ദ്വത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം നയം തീരുമാനിക്കുന്നുവെന്ന് അവകാശപ്പെടുകയും ഭിന്ന സ്വത്വങ്ങളെ നിരാകരിക്കുകയും ചെയ്യുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പൊതുവില്‍ ചെയ്യുന്നത്.
ഇതുവരെ നടന്ന പരീക്ഷണങ്ങളൊക്കെ പരാജയമായത് കൂടി കണക്കിലെടുത്തുകൊണ്ടാണ് കാണിക്കവഞ്ചി പൊളിക്കാന്‍ പുതിയ നീക്കങ്ങള്‍ നടക്കുന്നത്. മുന്‍കാലത്തുന്നയിച്ച വാദങ്ങളൊക്കെ ആവര്‍ത്തിക്കുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ബി ജെ പി അധികാരത്തിലിരിക്കുന്നതും ആസൂത്രിതമായ പ്രചാരണത്തിലൂടെ മോദി സമ്പാദിച്ച പ്രതിച്ഛായയെ വെല്ലാന്‍ പാകത്തിലൊന്ന് രൂപമെടുക്കാത്തതും നല്‍കുന്ന ഊര്‍ജം ഇക്കുറിയുണ്ട്. ഇതൊക്കെയാണെങ്കിലും പൊടുന്നനെ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി, ബി ജെ പിയുമായി സഖ്യമുണ്ടാക്കുകയോ ബി ജെ പിക്ക് പിന്തുണ പ്രഖ്യാപിക്കുകയോ ചെയ്താല്‍ തിരിച്ചടിയുണ്ടാകുമെന്ന ഭീതി വെള്ളാപ്പള്ളിക്കുണ്ട്, അല്ലെങ്കില്‍ അപായസാധ്യത ആര്‍ എസ് എസ്, വെള്ളാപ്പള്ളിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇത്തരുണത്തില്‍ സ്വീകരിക്കാവുന്ന ഉചിതമായ മാര്‍ഗം ആശയക്കുഴപ്പം സൃഷ്ടിക്കുക എന്നതാണെന്ന് ഉപദേശിച്ചിട്ടുമുണ്ടാകണം.
സംഘ് പരിവാര്‍ സംഘടനകള്‍ എക്കാലവും സമര്‍ഥമായി ഉപയോഗിക്കുന്ന തന്ത്രങ്ങളിലൊന്ന് ഒരു വിഷയത്തില്‍ പല അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുക എന്നതാണ്. ഇത്തരം ഭാഷണങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന ആശയക്കുഴപ്പത്തെ തങ്ങളുദ്ദേശിക്കുന്ന ഫലത്തിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയും. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് തൊട്ടുമുമ്പ് ഈ കാഴ്ച രാജ്യം കണ്ടിരുന്നു. സംഘ് പരിവാരത്തിനുള്ളില്‍ നിന്ന് തന്നെ മോദിയെ സ്ഥാനാര്‍ഥിയാക്കുന്നതിലെ അപകടം ചൂണ്ടിക്കാണിച്ചുള്ള പ്രസ്താവനകള്‍ വന്നു, ബി ജെ പിയില്‍ ഭിന്നാഭിപ്രായങ്ങളുണ്ടായി, സമാന്തരമായി വികസന നായകനെന്ന പ്രചാരണം അനുസ്യൂതം നടന്നു. മോദിക്കെന്തുകൊണ്ട് പ്രധാനമന്ത്രിയായിക്കൂടാ എന്ന ചോദ്യത്തിലേക്ക് കാര്യങ്ങളെ കേന്ദ്രീകരിക്കാന്‍ ഇതിലൂടെ സംഘ്പരിവാരത്തിന് സാധിച്ചു.
എസ് എന്‍ ഡി പിക്ക് ആരോടും അയിത്തമില്ല, സമുദായത്തിന്റെ ആവശ്യങ്ങളെ അംഗീകരിക്കുന്ന ആരുമായും കൂട്ടുകൂടും, സി പി എമ്മിനോടും എതിര്‍പ്പില്ല, സി പി എം നേതാക്കള്‍ സമുദായത്തെ വോട്ടുബാങ്കായി മാത്രം കണ്ടു, എസ് എന്‍ ഡി പി രാഷ്ട്രീയ തീരുമാനങ്ങളെടുക്കും, രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കില്ല, രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്നതില്‍ എന്താണ് തെറ്റ്, എസ് എന്‍ ഡി പി ഒരു കാരണവശാലും ബി ജെ പിയെ പിന്തുണക്കില്ല, കേരളത്തില്‍ ബി ജെ പി അക്കൗണ്ട് തുറക്കില്ല, സമുദായത്തിന്റെ ആവശ്യങ്ങളെ പരിഗണിക്കാത്തവരെ തുണക്കില്ല, ന്യൂനപക്ഷ വിഭാഗങ്ങള്‍ നിയന്ത്രിക്കുന്ന യു ഡി എഫിനെ എങ്ങനെ വിശ്വസിക്കും എന്ന് തുടങ്ങി അടുത്തകാലത്ത് വെള്ളാപ്പള്ളി നടേശന്‍ നടത്തിയ ഉക്തികളുടെയും വിരുദ്ധോക്തികളുടെയും പട്ടിക നീണ്ടതാണ്. രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണം ഒളിഞ്ഞോ തെളിഞ്ഞോ അജന്‍ഡയായി വിളിച്ചുചേര്‍ത്ത എസ് എന്‍ ഡി പി യോഗം ഭാരവാഹികളുടെ യോഗങ്ങളുടെ എണ്ണവും ധാരാളം. ഇതെല്ലാം കൃത്യമായി സംവിധാനം ചെയ്യപ്പെട്ടതാണെന്ന് കരുതണം.
എസ് എന്‍ ഡി പി യോഗം എന്തുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടിയായിക്കൂടാ? അത്തരമൊരു രാഷ്ട്രീയ സംവിധാനം നിലവിലുള്ള മുന്നണി സമ്പ്രദായങ്ങളെ തള്ളി, സമുദായത്തിന്റെ ആവശ്യങ്ങളെ അല്ലെങ്കില്‍ ഭൂരിപക്ഷത്തിന്റെ ആവശ്യങ്ങളെ പരിഗണിക്കുന്നുവെന്ന് അവകാശപ്പെടുന്നവരുമായി ചേരുന്നതില്‍ തെറ്റെന്ത്? അങ്ങനെ ആരോടെങ്കിലും ചേരുന്നുണ്ടെങ്കില്‍ അത് നരേന്ദ്ര മോദിയുടെ പരമാധികാരത്തിന്‍ കീഴിലുള്ള ബി ജെ പിയോടാകുന്നതല്ലേ ഉചിതം? തുടങ്ങിയ ചോദ്യങ്ങളെ യോഗത്തിനകത്തും പുറത്തുമുള്ള സമുദായാംഗങ്ങള്‍ക്ക് മുന്നിലേക്ക് പ്രധാനമായി കൊണ്ടുവരികയാണ് വിരുദ്ധോക്തികളിലൂടെ ചെയ്യുന്നത്. ഭാരവാഹികളുടെ യോഗം നിരന്തരം വിളിക്കുന്നതിലൂടെ താനും മകനും മാത്രമെടുക്കുന്ന തീരുമാനമല്ല ഇതെന്ന പ്രതീതി ജനിപ്പിക്കാനും വെള്ളാപ്പള്ളിക്ക് സാധിക്കുന്നു. യോഗം ഭാരവാഹികള്‍ക്ക് തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നല്‍കുന്നതും പാര്‍ട്ടി രൂപവത്കരണം യോഗം കൗണ്‍സിലിന്റെ ചര്‍ച്ചക്ക് വെക്കാനുമാണ് ഏറ്റവുമൊടുവിലത്തെ തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കുമെന്ന് ന്യായമായും കരുതാം. തദ്ദേശ തിരഞ്ഞെടുപ്പില്‍ യോഗം ഭാരവാഹികള്‍ മത്സരിക്കുകയും അവര്‍ക്ക് ബി ജെ പി പിന്തുണ നല്‍കുകയും ചിലരെങ്കിലും ജയിക്കുകയും ചെയ്താല്‍, സംഘ് ബാന്ധവത്തിന് സമുദായത്തിനുള്ളില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ഈ തീരുമാനം. സാഹചര്യം ഇതായാല്‍ പാര്‍ട്ടിയെന്ന ആശയത്തിന് ഇതര സമുദായ സംഘടനകളുടെ കൂടി പിന്തുണ കിട്ടാനിടയുണ്ടെന്നും പ്രതീക്ഷിക്കുന്നു. ഈ ബുദ്ധി വെള്ളാപ്പള്ളി നടേശന്റേത് മാത്രമാകാന്‍ ഇടയില്ല. കാണിക്കയിടാന്‍ കൂടുതല്‍ പേരെ കിട്ടിയാല്‍, വഞ്ചി കുത്തിത്തുറക്കുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകും.
കാണിക്കവഞ്ചിയുടെ പ്രയോജനം തങ്ങളില്‍ തന്നെ ഉറപ്പിച്ചുനിര്‍ത്താനോ കൂടുതല്‍ പേര്‍ കാണിക്കയിടാന്‍ തയ്യാറാകുന്നത് തടയാനോ വേണ്ടത് ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക്, പ്രത്യേകിച്ച് സി പി എമ്മിന്, സാധിക്കുന്നില്ല എന്ന സാഹചര്യവും കാണാതിരുന്നുകൂടാ. ജാതി അപ്രസക്തമാക്കുന്ന അന്തസ്സ്, പാര്‍ട്ടി അംഗത്വമോ അനുഭാവമോ നല്‍കുന്നുവെന്ന് തോന്നലും ഇല്ലാതായിരിക്കുന്നു. സാമ്പത്തികമായും സാമൂഹികമായും മുന്നാക്കം വന്ന അംഗങ്ങള്‍ ഇനി ജാതി പറയുകയാണ് വേണ്ടതെന്ന വെള്ളാപ്പള്ളിയുടെ വാദത്തോട് ആഭിമുഖ്യമുണ്ടാകുക സ്വാഭാവികം. ഈ സാഹചര്യത്തെ ഏതുവിധം കൈകാര്യം ചെയ്യണമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആലോചിച്ചിട്ടേ ഉണ്ടെന്ന് തോന്നുന്നുമില്ല. എല്ലാം ഒരുമിച്ച് ഒരിടത്തുണ്ടാകുകയും അതിന്റെ വിനിയോഗം വെള്ളാപ്പള്ളി വഴി ബി ജെ പി നടപ്പാക്കുകയും ചെയ്താല്‍ തത്കാല ഗുണം തനിക്കെന്ന് ഉമ്മന്‍ ചാണ്ടി തീരുമാനിച്ചിട്ടുണ്ടെങ്കില്‍ കോണ്‍ഗ്രസോ യു ഡി എഫോ ഈ കളി തീക്കളിയാകുമെന്ന് പറയാന്‍ തയ്യാറാകില്ല. അവിടെയും ഒറ്റക്കെതിര്‍ത്ത്, പ്രതിരോധത്തിലാകുക മാത്രമേ സി പി എമ്മിന് കരണീയമായുള്ളൂ. എസ് എന്‍ ഡി പി രാഷ്ട്രീയത്തിലിറങ്ങരുത് എന്ന് മുന്‍കാല ഉദാഹരണങ്ങള്‍ നിരത്തി എത്രത്തോളം സി പി എം വാദിക്കുന്നുവോ അത്രത്തോളം എന്തുകൊണ്ട് രൂപവത്കരിച്ച് കൂടാ എന്ന ചോദ്യത്തിന് ബലം കിട്ടുകയും ചെയ്യും.
ഈ പണമൊക്കെ കാണിക്കയിട്ടവരുടെ പക്കല്‍ കുറേശ്ശെയായി കിടന്നിരുന്നുവെങ്കില്‍ കള്ളന്‍ വളരെ ബുദ്ധിമുട്ടിപ്പോകുമായിരുന്നു. എല്ലാം ഒരുമിച്ച് ഒരിടത്ത് കിട്ടിയപ്പോള്‍ അവന് എന്തെളുപ്പമായിത്തീര്‍ന്നു എന്ന് പറഞ്ഞപ്പോള്‍ ഗുരു ഹസിച്ചത് കള്ളനെ മാത്രമല്ല, കാണിക്കയിട്ടവരെകൂടിയാണ്. അത് ഇപ്പോള്‍ വെള്ളാപ്പള്ളിക്ക് മനസ്സിലാകില്ല. മനസ്സിലാകുമ്പോഴേക്കും യോഗ നേതൃത്വമെന്നത് അപ്രസക്തമായിട്ടുണ്ടാകും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്