Connect with us

Kasargod

സഹകരണ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലേക്ക്

Published

|

Last Updated

കാഞ്ഞങ്ങാട്: കുഡ്‌ലു സര്‍വീസ് സഹകരണ ബേങ്ക് കവര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സ്വര്‍ണ്ണപണയമെടുക്കുന്നത് നിര്‍ത്തിവെയ്ക്കാന്‍ സഹകരണ രജിസ്ട്രാര്‍ ഉത്തരവിറക്കിയതോടെ ചെറുകിട സഹകരണ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലേക്ക്. സ്വര്‍ണ്ണവായ്പ ഇടപാടുകൊണ്ട് മാത്രം പിടിച്ചുനില്‍ക്കുന്ന ചെറുകിട സൊസൈറ്റികള്‍ നിരവധിയാണ്.
അതേസമയം ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കുപോലും മതിയായ സുരക്ഷിതത്വമില്ലാത്ത അവസ്ഥയുമുണ്ട്. സഹകരണ രജിസ്ട്രാറുടെ ഉത്തരവില്‍ പറയുന്ന പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിച്ചിട്ടുള്ള സഹകരണ സ്ഥാപനങ്ങള്‍ വളരെ വിരളമാണ്.
സുരക്ഷിതമായ ലോക്കര്‍ സംവിധാനമോ പണയ സ്വര്‍ണ്ണം കലര്‍പ്പില്ലാത്തതാണെന്ന് ഉറപ്പു വരുത്തുന്നതിന് അപ്രൈസര്‍മാരുപോലുമില്ലാത്ത സഹകരണ സ്ഥാപനങ്ങള്‍പോലും ജില്ലയിലുണ്ട്. ജില്ലയിലെ നിരവധി ബ്രാഞ്ചുകളുള്ള സഹകരണ സ്ഥാപനങ്ങള്‍ക്കുപോലും സെക്യൂരിറ്റി ജീവനക്കാരില്ല. ഒരു ജീവനക്കാരനെ ഇതിനായി നിയമിച്ചാലുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഒഴിവാക്കുകയാണ് ലക്ഷ്യം.
നഗരത്തിലെ ചില സുരക്ഷിതത്വമില്ലാത്ത സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ജനശ്രദ്ധ പതിയാത്ത ആളൊഴിഞ്ഞ പ്രദേശത്താണെന്നതും ശ്രദ്ധേയമാണ്. ഇത്തരം സ്ഥാപനങ്ങളില്‍ ചിലതില്‍ നേരത്തെ തന്നെ കവര്‍ച്ചാശ്രമം നടന്നിട്ടുമുണ്ട്. സഹകരണ രജിസ്ട്രാറുടെ ഉത്തരവില്‍ പറയുന്ന നിബന്ധനകള്‍ പാലിക്കാതെ സ്വര്‍ണ്ണപണയം സ്വീകരിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ നീലേശ്വരം നഗരത്തില്‍ തന്നെ നിരവധിയുണ്ട്. കൂടാതെ പൊതുമേഖലാ ബേങ്കുകള്‍ എ ടി എം കൗണ്ടറുകള്‍ നഗരത്തിന്റെ വിവിധ മേഖലകളില്‍ സ്ഥാപിക്കുന്നുണ്ടെ ങ്കിലും ഇതില്‍ ഭൂരിപക്ഷത്തിനും കാവല്‍ക്കാരില്ല. ക്യാമറയുടെ പിന്‍ബലം മാത്രമാണ് ഇവയ്ക്കുള്ളത്. ഏതായാലും രജിസ്ട്രാറുടെ ഉത്തരവ് ജില്ലയിലെ ഭൂരിപക്ഷം സഹകരണ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.