ട്രാന്‍സ്‌ഫോര്‍മര്‍ തകരാറില്‍; നാട്ടുകാര്‍ക്ക് വൈദ്യുതി കിട്ടാക്കനി

Posted on: September 20, 2015 10:14 pm | Last updated: September 20, 2015 at 10:14 pm

മടിക്കൈ: മാവുങ്കാല്‍ ഇലക്ട്രിക്കല്‍ സെക്ഷനു വിളിപ്പാടകലെയുള്ള പൂത്തക്കാല്‍ കോട്ടക്കുന്നിലെ ട്രാന്‍സ്‌ഫോര്‍മര്‍ മിക്കപ്പോഴും തകരാറില്‍. നാട്ടുകാരുടെ പരാതികള്‍ കുമിയുമ്പോള്‍ നടത്തുന്ന മുട്ടുശാന്തിയല്ലാതെ പ്രശ്‌നപരിഹാരത്തിനു കൃത്യമായ നടപടികള്‍ സ്വീകരിക്കാത്തതാണ് വിനയാകുന്നതെന്നു നാട്ടുകാര്‍ പറയുന്നു. ദിവസത്തില്‍ ഏറിയകൂറും വൈദ്യുതിയില്ല. ഉണ്ടാകുമ്പോള്‍ മതിയായ വോള്‍ട്ടേജുമില്ലെന്ന സ്ഥിതിയാണ് ഇവിടെ. പ്രദേശത്തെ നൂറോളം ഉപഭോക്താക്കളാണ് ഇതേ തുടര്‍ന്നു ദുരിതത്തിലായത്. വിവരം അറിയിച്ചാല്‍ താത്കാലിക തൊഴിലാളികള്‍ വന്നു തകരാര്‍ പരിഹരിക്കും.
ഇവര്‍ തിരിച്ചു പോയി മണിക്കൂറുകള്‍ക്കകം സ്ഥിതി പഴയ പടിയാകും. ട്രാന്‍സ്‌ഫോര്‍മറിലെ ഫ്യൂസ് വയറുകളും മറ്റും പുറത്തേക്കു തള്ളി നില്‍ക്കുന്നതും ഫ്യൂസ് കാരിയര്‍ ഇല്ലാതെ ഫ്യൂസുകള്‍ തൂങ്ങി നില്‍ക്കുന്നതും സൃഷ്ടിക്കുന്ന അപകടസാധ്യത വേറെയും. നാട്ടുകാരുടെ തുടര്‍ച്ചയായ പരാതികളെ തുടര്‍ന്നു കുറച്ചു കണക്ഷനുകള്‍ അടുത്തിടെ മണക്കടവ് ട്രാന്‍സ്‌ഫോര്‍മറിലേക്കു മാറ്റിയിരുന്നു. പ്രശ്‌നം ഉടന്‍ ശാശ്വതമായി പരിഹരിച്ചില്ലെങ്കില്‍ പ്രക്ഷോഭത്തിലേക്കു നീങ്ങാന്‍ നാട്ടകം പുരുഷ സ്വയംസഹായ സംഘം തീരുമാനിച്ചു.