Connect with us

Gulf

കരിപ്പൂര്‍ വിമാനത്താവളം; ഐ സി എഫ് നിവേദനം നല്‍കി

Published

|

Last Updated

അബുദാബി: ഗള്‍ഫ് മലയാളികള്‍ വലിയതോതില്‍ ആശ്രയിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ അറ്റകുറ്റപ്പണി അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതിലൂടെ വിമാനത്താവളത്തെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഐ സി എഫ് നാഷനല്‍ കമ്മിറ്റി പ്രവാസികാര്യ വകുപ്പ് മന്ത്രി കെ സി ജോസഫിന് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

കരിപ്പൂര്‍ വിമാനത്താവളത്തിലൂടെയാണ് മലബാറിലെ യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ വന്നുപോകുന്നത്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് വരാത്തവിധത്തില്‍ അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട്. അറ്റകുറ്റപ്പണി നടക്കുന്ന സമയങ്ങളില്‍ വലിയ വിമാനങ്ങള്‍ക്ക് പകരം ചെറിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്തുവാനുള്ള അനുമതി നല്‍കണം. വിവിധ വിമാനക്കമ്പനികള്‍ ഇതിന്നായി സന്നദ്ധത പ്രകടിപ്പിച്ചിട്ടും എയര്‍പോര്‍ട്ട് അധികൃതര്‍ അത് പരിഗണിക്കുവാന്‍ തയ്യാറാകുന്നില്ല. കരിപ്പൂരിനെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമായി ഇതിനെ കാണേണ്ടതുണ്ട്. നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

നാഷനല്‍ സെക്രട്ടറി ഹമീദ് ഈശ്വരമംഗലം, അബുദാബി ഐ സി എഫ് ഭാരവാഹികളായ സലാം മാസ്റ്റര്‍, കുഞ്ഞിമൊയ്തു കാവപ്പുര, ഹംസ അഹ്‌സനി, എസ് എം കടവല്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാനുള്ള ഏതൊരു നീക്കവും ശക്തിയുക്തം എതിര്‍ക്കുമെന്നും ഇതിനായി നിയമ വിധേയമായ സമരമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും നേരത്തേ നാഷനല്‍ കമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍ വ്യക്തമാക്കി.