കേരളത്തിനെതിരെ കരുക്കള്‍ നീക്കി അന്‍വര്‍ ബാലസിങ്കം

Posted on: September 17, 2015 5:00 am | Last updated: September 17, 2015 at 12:26 pm

കൊച്ചി: ഇടുക്കിയിലെ തമിഴ്മക്കളുടെ എതിരില്ലാത്ത നേതാവായി മാറിക്കൊണ്ടിരിക്കുന്ന തമിഴിലെ തീപ്പൊരി പ്രാസംഗികനും വിപ്ലവ നോവലിസ്റ്റുമായ അന്‍വര്‍ ബാലസിങ്കം കേരളത്തിന് പുതിയ തലവേദനയാകുന്നു. മൂന്നാര്‍ ഉള്‍പ്പെടുന്ന ഇടുക്കി ജില്ലയിലെ പ്രദേശങ്ങള്‍ തമിഴ്‌നാടിനോട് ചേര്‍ക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന അന്‍വര്‍ ബാലസിങ്കമാണ് മൂന്നാറില്‍ ഒമ്പത് ദിവസം നീണ്ട തേയില വിപ്ലവത്തിന് പിന്നിലെ ബുദ്ധികേന്ദ്രമായി ഇപ്പോള്‍ തിരിച്ചറിയപ്പെടുന്നത്. ഇയാളുടെ നേതൃത്വത്തിലുള്ള കേരള തമിഴര്‍ ഫെഡറേഷന്‍ മൂന്നാര്‍ അടക്കം തമിഴര്‍ക്ക് മേല്‍ക്കൈയുള്ള പ്രദേശങ്ങളിലെ സ്വാധീന ശക്തിയാണ്. കടുത്ത എല്‍ ടി ടി ഇ അനുഭാവിയും തമിഴ്‌ദേശീയ വാദിയുമായ അന്‍വര്‍ ബാലസിങ്കത്തിന്റെ ഫേസ്ബുക്ക് പേജ് മൂന്നാര്‍ വിഷയത്തില്‍ ഇയാള്‍ നടത്തിയ ഇടപെടലുകളുടെ വ്യക്തമായ ചിത്രം തരും.
മുല്ലപ്പെരിയാര്‍ സമരം മുതല്‍ ബാലസിങ്കം നടത്തിയ ഇടപെടലുകളാണ് ഇയാളെ ഇടുക്കിയിലെ തമിഴ്‌നാട്ടുകാര്‍ക്കിടയില്‍ ജനപ്രിയ നേതാവാക്കിയത്. അതിന് മുമ്പേ ഇടുക്കി ജില്ലയെ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്ന ആവശ്യവുമായി ബാലസിങ്കം പ്രവര്‍ത്തനം തുടങ്ങിയിരുന്നു. തമിഴരുടെ വിമോചന പോരാളിയെന്നാണ് ബാലസിങ്കം സ്വയം പരിചയപ്പെടുത്തുന്നത്. തമിഴ് മക്കള്‍ കൂട്ടം, തമിഴ് തീപ്പൊരി സംഘം തുടങ്ങി വിവിധ പേരുകളിലുള്ള സംഘടനകളിലായിരുന്നു പ്രവര്‍ത്തനം. ദേവികുളം, പീരുമേട്, വയനാട് തുടങ്ങി തമിഴര്‍ തിങ്ങിപ്പാര്‍ക്കുന്ന തോട്ടം മേഖലകളില്‍ സന്ദര്‍ശനം നടത്തുകയും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുകയും ചെയ്തിരുന്ന ഇയാള്‍ മുല്ലപ്പെരിയാര്‍ സമരത്തില്‍ തമിഴ്, മലയാളം ചേരിതിരിവുണ്ടാക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ചു. ഇതോടെ കേരളാ തമിഴര്‍ ഫെഡറേഷനു തുടക്കമായി. മൂന്നാര്‍ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളുടെ ദുഃസ്ഥിതി വിവരിക്കുന്ന ബാലസിങ്കത്തിന്റെ ഇളന്തനിലം എന്ന ഡോക്യുമെന്ററിയും തമിഴില്‍ എഴുതിയ ചെന്നിലം എന്ന നോവലും ഏറെ വിവാദങ്ങള്‍ക്ക് കാരണമായി. കഴിഞ്ഞ മാസം തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന വിഷം കലര്‍ന്ന പച്ചക്കറി അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ തടയാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ തമിഴ്‌സംഘടനകള്‍ നടത്തിയ സമരത്തില്‍ പ്രമുഖ തമിഴ് ദേശീയവാദി നേതാവായ പി നെടുമാരനൊപ്പം ബാലസിങ്കവും മുന്‍നിരയിലുണ്ടായിരുന്നു.
മൂന്നാറിലെ തേയിലത്തൊഴിലാളികള്‍ക്കിടയില്‍ ഏറെ നാളായി ബാലസിങ്കം പ്രവര്‍ത്തിക്കുന്നുണ്ട്. തോട്ടങ്ങളിലെ ലയങ്ങളില്‍ താമസിച്ച് തമിഴരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയ ബാലസിങ്കം ടാറ്റാ കമ്പനിക്കെതിരെ സ്ത്രീകളെ അണിനിരത്തുകയായിരുന്നു. മൂന്നാറിലെ ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളെ നേരില്‍ കണ്ട് യൂനിയന്‍ നേതാക്കളുടെ തനിനിറം തുറന്നുകാട്ടി. നേതാക്കളുടെ വീടും സ്വത്തുവകകളും സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി നോട്ടീസ് അച്ചടിച്ച് തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്തു. യൂനിയന്‍ നേതാക്കള്‍ ടാറ്റയുടെ താത്പര്യം സംരക്ഷിക്കുന്നവരാണെന്നും ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഇവരെ ഒഴിവാക്കി നേരിട്ട് സമരത്തിനിറങ്ങണമെന്നും ബാലസിങ്കം ബോധ്യപ്പെടുത്തി.
ഓണം ബോണസ് വിഷയം നല്ല അവസരമാണെന്നു മനസ്സിലാക്കിയ ബാലസിങ്കവും സംഘവും സ്ത്രീകളെ പോരാട്ടത്തിനൊരുക്കിയ ശേഷം അതിര്‍ത്തി വിടുകയായിരുന്നു. തമിഴ്‌നാട്ടിലെത്തിയ ശേഷം ഫോണിലൂടെയും ഫേസ്ബുക്കിലൂടെയും നല്‍കിയ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് മൂന്നാറില്‍ തൊഴിലാളി സമരം നടന്നത്. സമരത്തിന്റെ ഓരോ ഘട്ടത്തിലും വ്യക്തമായ നിര്‍ദേശം നല്‍കിയ ബാലസിങ്കം സമരം വിജയിച്ചതില്‍ സന്തോഷവും രേഖപ്പെടുത്തിയിട്ടുണ്ട്. സമരവുമായി ബന്ധപ്പെട്ട് ഒരു തമിഴ് പത്രം പ്രസിദ്ധീകരിച്ച ബാലസിങ്കത്തിന്റെ അഭിമുഖവും ഫേസ്ബുക്ക് പോസ്റ്റുകളിലുണ്ട്. സമരത്തിന് പിന്നില്‍ ബാലസിങ്കമാണെന്ന ഒരു മലയാള പത്രത്തില്‍ വന്ന വാര്‍ത്തയും ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.