കെട്ടിടങ്ങളുടെ ഉയരനിയന്ത്രണം: കലക്ടറുടെ ഉത്തരവ് റദ്ദാക്കില്ല

Posted on: September 17, 2015 11:56 am | Last updated: September 17, 2015 at 11:56 am

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കെട്ടിടങ്ങളുടെ ഉയര നിയന്ത്രണം സംബന്ധിച്ച് വയനാട് ജില്ലാ കലക്ടര്‍ പുറത്തിറക്കിയ ഉത്തരവ് മരവിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിസമ്മതിച്ചു. തര്‍ക്ക വിഷയമായതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ സമിതി വിശദമായി പഠിച്ചശേഷം സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ തീരുമാനമായി. കെട്ടിടങ്ങള്‍ക്ക് ഉയരം കൂട്ടുന്നത് നിയന്ത്രിച്ചുകൊണ്ട് വയനാട് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ പുറത്തിറക്കിയ ഉത്തരവിനെതിരെ നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് മന്ത്രിസഭ ചര്‍ച്ച ചെയ്ത് ഉപസമിതിയെ ഏല്‍പ്പിച്ചത്. ഈ ഉപസമിതിയുടെ യോഗമാണ് ഇന്നലെ പ്രശ്‌നം വീണ്ടും ചര്‍ച്ച ചെയ്തത്.
വയനാടിന്റെ പാരിസ്ഥിതിക സാഹചര്യം കണക്കിലെടുത്ത് ലക്കിടി, വൈത്തിരി പോലുള്ള പ്രദേശങ്ങളില്‍ പൂര്‍ണ്ണ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതോട് യോഗത്തില്‍ പങ്കെടുത്ത എല്ലാവരും യോജിച്ചു. ഉത്തരവ് പുറത്തിറങ്ങുന്നതിനുമുമ്പ് നിര്‍മ്മാണം ആരംഭിച്ച കെട്ടിടങ്ങളുടെ കാര്യത്തില്‍ പലരും കോടതിയെ സമീപിച്ചിട്ടുള്ളതിനാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ ഒരു തീരുമാനം എടുക്കുന്നത് ഉചിതമല്ലാത്തതിനാലാണ് ഉത്തരവ് മരവിപ്പിക്കാത്തത്.
വയനാട്, ഇടുക്കി, കോട്ടയം തുടങ്ങിയ ജില്ലകളിലും മലയോര പ്രദേശങ്ങളിലും തീരദേശ മേഖലകളിലും മണ്ണിടിച്ചില്‍, ഭൂകമ്പം എന്നിവയ്ക്ക് സാധ്യതയുള്ള ദുര്‍ബല പ്രദേശങ്ങള്‍ കണ്ടെത്തുന്നതിനുള്ള മാപ്പിംഗ് നടന്നുവരികയാണ്. ഇത് പൂര്‍ത്തിയായാല്‍ മൂന്ന് മാസത്തിനകം തന്നെ സംസ്ഥാനത്ത് ദുരന്ത നിവാരണ സമിതി ചര്‍ച്ച ചെയ്ത് അന്തിമ നിര്‍ദ്ദേശം സര്‍ക്കാരിന് സമര്‍പ്പിക്കണം. കെട്ടിടങ്ങളുടെ ഉയരനിയന്ത്രണം സംബന്ധിച്ച് സംസ്ഥാനതലത്തില്‍ ഒരു നയം അനിവാര്യമാണെന്നും ചര്‍ച്ചയില്‍ പൊതുവെ ഉയര്‍ന്നുവന്നു.
മന്ത്രിമാരും ജനപ്രതിനിധികളും റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ ആളുകളും ചില ഉദ്യോഗസ്ഥര്‍ പരിസ്ഥിതി സ്‌നേഹികളും ആണെന്ന തരത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ഈ ഉത്തരവ് കാരണമായെന്നും സംസ്ഥാന ദുരന്തനിവാരണ സമിതി കളക്ടറുടെ ഉത്തരവ് പുറത്തിറങ്ങിയതിനുശേഷം മാത്രമാണ് വിവരം അറിഞ്ഞതെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ ഉന്നയിച്ചു. ജനങ്ങളുടെ താല്‍പ്പര്യമാണ് വലുതെന്നും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ കൂടാതെ നഗരകാര്യ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി, റവന്യൂ വകുപ്പ് മന്ത്രി അടൂര്‍പ്രകാശ്, പഞ്ചായത്ത് വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി, പട്ടികവര്‍ഗ്ഗക്ഷേമ- യുവജനകാര്യ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി എന്നിവരും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ്‌മേത്ത, പഞ്ചായത്ത് വകുപ്പ് പ്രിന്‍സിപ്പല്‍സെക്രട്ടറി ജെയിംസ് വര്‍ഗ്ഗീസ്, വയനാട്- ഇടുക്കി കലക്ടര്‍മാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.