മലയാളികളുടെ പിന്തുണ മറക്കാനാകില്ല: സച്ചിന്‍

Posted on: September 17, 2015 11:32 am | Last updated: September 17, 2015 at 11:32 am

sachin_ads_pti_295തിരുവനന്തപുരം: കേരളത്തിലെ ആരാധകരുടെ പിന്തുണ ഒരിക്കലും മറക്കാനാകില്ലെന്നും നന്ദിയോടെ സ്മരിക്കുമെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ഇത്തവണയും കേരളത്തിലെ ആരാധകരുടെ സ്‌നേഹവും പിന്തുണയും പ്രതീക്ഷിക്കുന്നു. ഇതുവരെ ടീമിന് നല്‍കിയ പിന്തുണ രണ്ടാം സീസണിലും നല്‍കണമെന്ന് ആരാധകരോടു സച്ചിന്‍ അഭ്യര്‍ഥിച്ചു.
രണ്ടാം സീസണ് മുന്നോടിയായി മികച്ച തയാറെടുപ്പാണ് ടീം നടത്തിയിരിക്കുന്നത്. മികച്ച താരനിരയാണ് ടീമിനുള്ളത്. അതുകൊണ്ടുതന്നെ ഈ സീസണില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തോട് സച്ചിന്‍ കാണിക്കുന്ന താത്പര്യത്തിന് കേരളം കടപ്പെട്ടിരിക്കുന്നുവെന്ന് ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ടീമിന് വേണ്ടി സച്ചിന് നടത്തുന്ന പ്രവര്‍ത്തനത്തെ ശ്ലാഘിച്ച മുഖ്യമന്ത്രി ദേശീയ ഗെയിംസിന്റെ ഗുഡ്‌വില്‍ അംബാസഡറായതും, റണ്‍കേരള റണ്‍ പരിപാടിയില്‍ സഹകരിച്ചതും അനുസ്മരിച്ചു. കഴിഞ്ഞ തവണ റണ്ണര്‍ അപ്പായ കേരളാ ബ്ലാസ്റ്റേഴ്‌സിന് ഇത്തവണ ചാമ്പ്യന്മാരാകാന്‍ കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.