കൊടുവള്ളിക്കാരോട് കെ എസ് ആര്‍ ടി സിക്ക് അവഗണന

Posted on: September 17, 2015 9:34 am | Last updated: September 17, 2015 at 9:34 am

കൊടുവള്ളി: സുവര്‍ണ നഗരിയെന്നവകാശപ്പെടുന്ന കൊടുവള്ളിയോട് കെ എസ് ആര്‍ ടി സി അവഗണന കാണിക്കുന്നതായി പരാതി. സമീപ പ്രദേശങ്ങളിലേക്കൊക്കെ കോഴിക്കോട് നിന്നും ബസ് സര്‍വീസ് നടത്തുമ്പോള്‍ കൊടുവള്ളിയിലേക്ക് മാത്രം ബസ് സര്‍വീസില്ല.
മുമ്പ് കൊടുവള്ളി ബസ് സ്റ്റാന്‍ഡിലെത്തി തിരികെ പോയിരുന്ന കെ എസ് ആര്‍ ടി സിയുടെ ട്രിപ്പുകളും ഇപ്പോള്‍ പൂര്‍ണമായും നിലച്ചിരിക്കുകയാണ്. തൊട്ടടുത്തുള്ള താമരശ്ശേരി, തിരുവമ്പാടി, കുന്ദമംഗലം, നരിക്കുനി, അടിവാരം, കക്കാംപൊയില്‍, ആനക്കാംപൊയില്‍ എന്നിവിടങ്ങളിലേക്കൊക്കെ കോഴിക്കോട് നിന്നും ബസ് സര്‍വീസ് നടത്തി വരുന്നുണ്ട്. കൊടുവള്ളി ബസ് സ്റ്റാന്‍ഡിലെത്തുന്ന നൂറുക്കണക്കിന് സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന യാത്രക്കാര്‍ ഇതുവഴി നിറയെ യാത്രക്കാരെയുമായെത്തുന്ന ലൈന്‍ ബസുകളെയാണ് ആശ്രയിക്കുന്നത്.
ചിലപ്പോള്‍ കൊടുവള്ളി ബസ് സ്റ്റാന്‍ഡില്‍ നിന്നും മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി ഡിപ്പോകളില്‍ നിന്നെത്തുന്ന ടി ടി, എല്‍ എസ്, ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളില്‍ കയറുന്ന യാത്രക്കാര്‍ കോഴിക്കോട് വരെ നിന്ന് യാത്ര ചെയ്യേണ്ട അവസ്ഥയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കരുവമ്പൊയില്‍, മാനിപുരം, എളേറ്റില്‍ വട്ടോളി, കിഴക്കോത്ത്, കളരാന്തിരി, ഓമശ്ശേരി എന്നീ ഭാഗങ്ങളിലുള്ള നൂറുക്കണക്കിന് യാത്രക്കാര്‍ വെള്ളിമാട്കുന്ന്, സിവില്‍ സ്റ്റേഷന്‍, മലാപ്പറമ്പ് ആതുവഴി, നടക്കാവ്, എരഞ്ഞിപ്പാലം പ്രദേശങ്ങളിലേക്ക് പോവാനായി കൊടുവള്ളി ബസ് സ്റ്റാന്‍ഡിലെത്തുന്നുണ്ട്.
കൊടുവള്ളി ബസ് സ്റ്റാന്‍ഡിലേക്ക് വിവിധ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ നിന്നായി അമ്പതിലധികം മിനി ബസുകള്‍ ദിനംപ്രതി ധാരാളം ട്രിപ്പുകള്‍ നടത്തുന്നുമുണ്ട്. ഈ ബസുകളില്‍ കൊടുവള്ളി ബസ് സ്റ്റാന്‍ഡിലെത്തുന്ന നൂറുക്കണക്കിന് യാത്രക്കാര്‍ക്കും കൊടുവള്ളി ബസ് സ്റ്റാന്‍ഡില്‍ വന്ന് തിരിച്ചുപോവുന്ന കെ എസ് ആര്‍ ടി സി ബസ് സര്‍വീസുകള്‍ ഏറെ ഉപകാരപ്പെടും. മാത്രമല്ല കൊടുവളളിക്കും കുന്ദമംഗലത്തിനുമിടക്കുള്ള ദേശീയപാത 212ലെ യാത്രക്കാര്‍ക്കും കൊടുവള്ളി ബസ് സര്‍വീസ് പ്രയോജനപ്പെടും.
കുന്ദമംഗലത്ത് വന്ന് തിരിച്ചുപോവുന്ന ഏതാനും ട്രിപ്പുകള്‍ കൊടുവള്ളിക്ക് നീട്ടിയാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്. നൂറുക്കണക്കിന് ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുള്ള ഇപ്പോള്‍ മുനിസിപ്പാലിറ്റിയായി മാറിയ കൊടുവള്ളിക്ക് നേരിട്ട് ബസ് സര്‍വീസ് വേണമെന്നാവശ്യമുയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍ മൗനം പാലിക്കുന്നതിലും ജനരോഷമുയരുകയാണ്.