സുന്നി സംഘ ശക്തിയുടെ അംഗത്വ വര്‍ധന സര്‍വകാല റെക്കോര്‍ഡാകും

Posted on: September 17, 2015 5:31 am | Last updated: September 17, 2015 at 12:31 am

കോഴിക്കോട്: എസ് വൈ എസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരവെ ഇത്തവണ മെമ്പര്‍ഷിപ്പ് വര്‍ധന സര്‍വകാല റെക്കോര്‍ഡാകുമെന്ന് കീഴ്ഘടകങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
യൂനിറ്റ് പഠനമുറി ക്യാമ്പുകളും സുന്നി സംഘ കുടുംബത്തില്‍ അണിചേര്‍ക്കുന്നവരുടെ സാധ്യതാ ലിസ്റ്റ് തയ്യാറാക്കലും ഈ ഞായറാഴ്ചയോടെ പൂര്‍ത്തിയാകും. 21 മുതല്‍ 27 വരെ കാലയളവിലാണ് ക്യാമ്പയിന്‍. 27ന് സംസ്ഥാന വ്യാപകമായി മെമ്പര്‍ഷിപ്പ് ഡേ ആചരിക്കും.
ജില്ലാ തല അന്ത്യഘട്ട അവലോകന യോഗങ്ങളും മൊബൈല്‍ ആപ്ലിക്കേഷന്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള അപ്‌ലോഡിംഗ് സംബന്ധമായി കീഴ് ഘടകങ്ങള്‍ക്കുള്ള സാങ്കേതി പരിശീലന പരിപാടികളും 20 നകം പൂര്‍ത്തിയാകും.
ഇത്തവണ അറുപത് ശതമാനത്തിലേറെ അംഗത്വവര്‍ധനയാണ് പ്രസ്ഥാനം പ്രതീക്ഷിക്കുന്നത്. യൂനിറ്റില്‍ തയ്യാറായിവരുന്ന സാധ്യതാലിസ്റ്റുകളുടെ പ്രവണത ഇതാണ് സൂചിപ്പിക്കുന്നത് 2004 ലെ ഗോള്‍ഡന്‍ ജൂബിലിക്കു ശേഷം 48 ശതമാനം വരെ വര്‍ധനവ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.
60 വര്‍ഷത്തെ കര്‍മ പാരമ്പര്യം അനാവരണം ചെയ്തു നടത്തിയ 60 ാം വാര്‍ഷിക സമ്മേളനവും അനുബന്ധ പരിപാടികളും ജീവകാരുണ്യ മേഖലയിലും ആതുര സേവന രംഗത്തും ഉള്‍പ്പെടെ സംഘടന നടത്തിവരുന്ന സമഗ്രവും സാര്‍വത്രികവും സര്‍വതലസ്പര്‍ശിയുമായ പ്രബോധന പ്രവര്‍ത്തനങ്ങളും എല്ലാതലങ്ങളിലുള്ളവര്‍ക്കുമിടയില്‍ ചെലുത്തിയ സ്വാധീനമാണ് ക്രമാതീതമായ അംഗത്വവര്‍ധനവിനു കാരണമാവുന്നത്.
കൂടാതെ 60 ാം വാര്‍ഷികം പ്രഖ്യാപിച്ച ബഹുജന സംഘടന കൂടി രൂപവത്കരിക്കപ്പെടുന്നുവെന്നതും സംഘ കുടുബത്തിന്റെ ജനകീയാടിത്തറ വിപുലമാവാന്‍ ഹേതുമാവുമെന്ന് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ക്യാബിനറ്റ് യോഗം വിലയിരുത്തി, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സയ്യിദ് ത്വാഹ സഖാഫി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, സി പി സൈതലവി മാസ്റ്റര്‍, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
2016 ജനുവരി ഒന്നിന് പതിനെട്ട് വയസ്സു പൂര്‍ത്തിയായ യോഗ്യരായ മുഴുവന്‍ പേരെയും സംഘശക്തിയില്‍ അണിചേര്‍ക്കണമെന്നും ഇതിനായി മുഴുവന്‍ യൂനിറ്റുകളും തയ്യാറാക്കുന്ന സാധ്യതാ ലിസ്റ്റ് 20 നകം പൂര്‍ത്തീകരിക്കണമെന്നും ക്യാബിനെറ്റ് ആഹ്വാനം ചെയ്തു.