Connect with us

Kerala

തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ 15നകം

Published

|

Last Updated

തിരുവനന്തപുരം: നവംബര്‍ 15ന് മുമ്പ് തിരഞ്ഞെടുപ്പ് നടത്താനാകുന്ന വിധത്തില്‍ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ശശിധരന്‍ നായര്‍. തദ്ദേശ തിരഞ്ഞെടുപ്പിലെ സംവരണ വാര്‍ഡുകള്‍ അടുത്തയാഴ്ച തീരുമാനിക്കും. നറുക്കെടുപ്പിലൂടെയാണ് സംവരണ മണ്ഡലങ്ങള്‍ നിശ്ചയിക്കുക. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷനുകളിലെ സംവരണ വാര്‍ഡ് തീരുമാനിക്കുന്നത് സംബന്ധിച്ചാണ് മാനദണ്ഡങ്ങളായത്. അതേസമയം, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ സംവരണ ഡിവിഷനുകള്‍ നിശ്ചയിക്കുന്നത് അല്‍പ്പം കൂടി വൈകും. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി കമ്മീഷന്‍ വിളിച്ചുചേര്‍ത്ത ജില്ലാ കലക്ടര്‍മാരുടെ യോഗത്തിലാണ് തീരുമാനം.
കലക്ടര്‍മാരാണ് സംവരണ വാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്. ഇതിനായി തീയതി നിശ്ചയിച്ച് കലണ്ടര്‍ പുറത്തിറക്കും. അതത് കലക്ടറേറ്റുകളില്‍ വെച്ചാണ് നറുക്കെടുപ്പ്. 50 ശതമാനം വീതം വനിതാ സംവരണം നല്‍കണമെന്നിരിക്കെ രണ്ടായി ഭാഗിക്കാന്‍ കഴിയാത്ത തരത്തില്‍ വാര്‍ഡുകളുള്ള പഞ്ചായത്തുകളില്‍ ഒരു വാര്‍ഡ് വീതം അധികമായി നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തേണ്ടിവരും. ഉദാഹരണമായി 15 വാര്‍ഡുകളുള്ള ഒരു പഞ്ചായത്തില്‍ ഏഴ് വനിതാ സംവരണവും ഏഴ് ജനറല്‍ വാര്‍ഡുകളും നിശ്ചയിച്ചുകഴിഞ്ഞാല്‍ ശേഷിക്കുന്ന ഒരു വാര്‍ഡ് പ്രത്യേകമായി നറുക്കെടുക്കണം.
പോളിംഗ് ബൂത്തുകള്‍ സംബന്ധിച്ചും തീരുമാനമായിട്ടുണ്ട്. എന്നാല്‍, ചിലയിടങ്ങളില്‍ മാറ്റങ്ങള്‍ വേണ്ടിവരും. അതുകൂടി പരിശോധിച്ച ശേഷം ഈ ആഴ്ച തന്നെ ബൂത്തുകളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. പുതുതായി രൂപവത്കരിച്ച 28 മുനിസിപ്പാലിറ്റികളിലും ഒരു കോര്‍പറേഷനിലും പുനഃക്രമീകരിച്ച കൊല്ലം കോര്‍പറേഷനിലും പോളിംഗ് ബൂത്തുകള്‍ ഉടന്‍ നിശ്ചയിക്കും. നിലവിലെ വാര്‍ഡ് അടിസ്ഥാനമാക്കിയുള്ള വോട്ടര്‍പട്ടിക പ്രകാരം പോളിംഗ് ബൂത്തുകള്‍ നിശ്ചയിച്ച ശേഷം അടുത്ത ആഴ്ച പ്രസിദ്ധീകരിക്കും. അതിനു ശേഷം പരാതികളുണ്ടെങ്കില്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കും.
പ്രസിഡന്റ്, ചെയര്‍മാന്‍, മേയര്‍ സ്ഥാനങ്ങള്‍ നിശ്ചയിക്കാന്‍ ശരിയായ കണക്കുകള്‍ ആവശ്യപ്പെട്ട് സര്‍ക്കാറിന് കത്ത് നല്‍കിയിട്ടുണ്ട്. മറുപടി ലഭിച്ചാലുടന്‍ ഇതു സംബന്ധിച്ച നടപടികളിലേക്ക് കടക്കും. ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസുകള്‍ നടപടിക്രമങ്ങളെ ബാധിക്കില്ലെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി നടന്നുവരുകയാണെന്നും കമ്മീഷണര്‍ പറഞ്ഞു. പ്രശ്‌നബാധിത ബൂത്തുകള്‍ സംബന്ധിച്ച നടപടികള്‍, രണ്ട് ദിവസമായി തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ ഏതൊക്കെ ജില്ലകളെ ഒരുഘട്ടത്തില്‍ ഉള്‍പ്പെടുത്തണമെന്നത്, പോലീസ് സേനയെ വിന്യസിക്കുന്നത് തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമുണ്ടാകണമെന്ന് കലക്ടര്‍മാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
പ്രശ്‌നബാധിത ബൂത്തുകള്‍ സംബന്ധിച്ചും പോലീസ് സേവനം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡി ജി പിയുമായി ചര്‍ച്ച ചെയ്യുമെന്ന് കമ്മീഷണര്‍ അറിയിച്ചു.

Latest